Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ

ഭക്തിസാന്ദ്രമായ കേരളത്തിലെ കൃഷ്ണ ക്ഷേത്രങ്ങൾ

കേരളത്തിലെ പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങൾ
, ബുധന്‍, 24 ഓഗസ്റ്റ് 2016 (10:21 IST)
കോടിക്കണക്കിന് ഭക്തര്‍ ഉണ്ണിക്കണ്ണനെ മനസില്‍ ആരാധിച്ച് ഭക്തിയോടെ കൊണ്ടാടുന്ന ദിനമാണ് അഷ്ടമി രോഹിണി. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തില്‍ കൃഷ്ണപക്ഷത്തിലെ രോഹിണി നക്ഷത്രദിവസത്തില്‍ ആഘോഷിക്കപ്പെടുന്ന ഈ ദിനം കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. നോക്കാം ഈ പുണ്യദിവസത്തിൽ കേരളത്തിലെ പ്രശസ്തമായ കൃഷ്ണ ക്ഷേത്രങ്ങൾ ഏതെല്ലാമെന്ന്.
 
1. ഗുരുവായൂർ ക്ഷേത്രം - തൃശൂർ
 
webdunia
ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഒരു കൃഷ്ണ ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. കണ്ണനെന്ന് കേൾക്കുമ്പോൾ തന്നെ ഭക്തരുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നതും ഗുരുവായൂർ ക്ഷേത്രം തന്നെ. ഗുരുവായൂർ പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. 
 
കേരളത്തിലെ തൃശ്ശൂർ പട്ടണത്തിൽ നിന്ന്‌ 26 കി.മീ വടക്കുപടിഞ്ഞാറുമാറി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് റോഡ്, റെയിൽ മാർഗ്ഗങ്ങളിലൂടെ ഈ ക്ഷേത്രത്തിൽ എത്തിച്ചേരാം.
 
ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ ശ്രീകൃഷ്ണസങ്കല്പത്തിൽ പൂജിക്കപ്പെടുന്ന ചതുർബാഹുവും ശംഖചക്രഗദാപദ്മധാരിയുമായ മഹാവിഷ്ണുഭഗവാനാണ്. ശ്രീകൃഷ്ണാവതാരസമയത്ത് വസുദേവർക്കും ദേവകിക്കും കാരാഗൃഹത്തിവച്ച് ദർശനം നൽകിയ മഹാവിഷ്ണുവിന്റെ രൂപമാണ് വിഗ്രഹത്തിനുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു. കിഴക്കോട്ട് ദർശനമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ.
 
വഴിപാടുകൾ:
 
വഴിപാടുകളുടെ കാര്യത്തിൽ ഗുരുവായൂർ അമ്പലം മുൻപന്തിയിലാണ്. പുരുഷസൂക്തം, ഭാഗ്യസൂക്തം, സന്താനഗോപാലം തുടങ്ങിയ വിവിധ മന്ത്രങ്ങൾ കൊണ്ടുള്ള അർച്ചനകൾ ഇവിടുത്തെ പ്രധാന വഴിപാടുകളാണ്. പാൽപായസം, നെയ്പായസം, അപ്പം, അട, വെണ്ണ, അവിൽ, മലർ തുടങ്ങിയ നിവേദ്യങ്ങൾ നൽകുന്നു. ലക്ഷ്മീനാരായണപൂജ, സത്യനാരായണപൂജ, വിഷ്ണുപൂജ തുടങ്ങി വിവിധയിനം പൂജകളും ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. 
 
2. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം - ആലപ്പുഴ
 
webdunia
ചരിത്രവും ഐതീഹ്യവും ലയിയ്ക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന അപൂർവ്വം പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും അറിയാത്തവർ ആയിട്ടാരും തന്നെ ഉണ്ടാകില്ല. ഇതു രണ്ടും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്. 
 
വില്വമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത് എന്ന് ഐതിഹ്യങ്ങൾ പറയുന്നുണ്ട്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കർണാനന്ദകരമായ ഓടക്കുഴൽഗാനം കേട്ട് രാജാവ് ചുറ്റുപാടും ശ്രദ്ധിച്ചു. എന്നാൽ ആ പ്രദേശത്തെങ്ങും ആരും ഉണ്ടായിരുന്നില്ല. ശ്രീകൃഷ്ണന്റെ ഓടക്കുഴൽ ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാർ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ഈ ക്ഷേത്രം ഉണ്ടായതെന്നാണ് ഐതീഹ്യങ്ങ‌ൾ പറയുന്നത്.
 
3. പാര്‍ത്ഥസാരഥി ക്ഷേത്രം, അടൂര്‍
 
webdunia
കേരളത്തിലെ പഴക്കമേറിയ കൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നാണ് അടൂരുള്ള പാർത്ഥസാരഥി ക്ഷേത്രം. കേരളത്തില്‍ ഏറ്റവും അധികം സന്ദര്‍ശകരെത്താറുള്ള ക്ഷേത്രങ്ങളിൽ പ്രശസ്തമാണ് ഈ കൃഷ്ണക്ഷേത്രം. കൃഷ്ണനെ പാര്‍ത്ഥസാരഥിയുടെ രൂപത്തിലാണ് ഇവിടെ ആരാധിക്കുന്നത്. ഗണപതിയും, ശിവനുമാണ് ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠകള്‍. ഭക്തിസാന്ദ്രമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്.
 
എല്ലാവര്‍ഷവും നടന്നുവരുന്ന പത്തുനാള്‍ നീണ്ടുനില്‍ക്കുന്ന ഉത്സവമാണ് ഇവിടുത്തെ പ്രധാനവിശേഷം. അലങ്കാരങ്ങളണിഞ്ഞ ഒന്‍പത് ആനകളെയാണ് ക്ഷേത്രമുറ്റത്ത് അണിനിരത്തുക. അത് എല്ലാ വർഷവും ഉണ്ടാകും താനും. ഇതിനോടനുബന്ധിച്ച് വര്‍ണശബളമായ ഘോഷയാത്രയും നടക്കും. ഘോഷയാത്രയുടെ അവസാനം ക്ഷേത്രത്തിൽ അരങ്ങേറുന്ന ഉത്സവം കേളികേട്ടതാണ്. മറ്റൊരു പ്രധാന ഉത്സവം നടക്കുന്നത് കൃഷ്ണന്റെ ജന്മദിവസമായ അഷ്ടമി രോഹിണി നാളിലാണ്. ഈ സമയത്തും ക്ഷേത്രത്തില്‍ വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട്.
 
4. തിരുവമ്പാടി ക്ഷേത്രം - തൃശൂർ
 
webdunia
തൃശ്ശൂരിലെ അതിപുരാതന കൃഷ്ണ ക്ഷേത്രങ്ങളിലൊന്നാണ് തിരുമ്പാടി ശ്രീകൃഷ്ണ ക്ഷേത്രം. തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് ഇത്. ടിപ്പു സുൽത്താന്റെ പടയോട്ട കാലത്താണ് ക്ഷേത്രത്തിന്റെ ചരിത്രവും തുടങ്ങുന്നത്. ടിപ്പുവിന്റെ പട്ടാളത്തെ ഭയന്ന് എടക്കളത്തുരിൽ നിന്ന് ശാന്തിക്കാരൻ എടുത്ത് ഓടിയ കൃഷ്ണ വിഗ്രഹമാണ് ഇവിടത്തെ പ്രതിഷ്ഠ. വടക്കെ അങ്ങാടിയിൽ കണ്ടൻ കാവിലായിരുന്നു ആദ്യ പ്രതിഷ്ഠ. 
 
തൃശ്ശൂർ നഗരത്തിൽ പാട്ടുരായ്ക്കൽ ഷൊർണ്ണൂർ റോഡിലായിട്ടാണ് ഈ കൃഷ്ണക്ഷേത്രം സ്ഥിതിചെയ്യുന്നത്. ധനുമാസത്തിലെ വേലയും മേടത്തിലെ പൂരവും ഭഗവതിയുടേതാ‍ണ്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, ധനുമാസത്തിലെ സ്വർഗ്ഗവാതിൽ ഏകാദശി എന്നിവയും ഈ ക്ഷേത്രത്തിൽ ആഗോഷിക്കുന്നുണ്ട്. 
 
5. തിരുനാവായ നാവമുകുന്ദ ക്ഷേത്രം - മലപ്പുറം
 
webdunia
മലപ്പുറം ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഒരു പുണ്യപുരാതന ക്ഷേത്രമാണ് തിരുനാവായ മുകുന്ദ ക്ഷേത്രം. ഭഗവാനോടൊപ്പം ശിവനെയും ഇവിടെകാണാന്‍ സാധിയ്ക്കുന്നതുകൊണ്ട് ഈ സ്ഥലം കാശിയ്ക്കു തുല്യമെന്നും പറയുന്നുണ്ട് ഇവിടുത്തെ മൂല പ്രതിഷ്ഠ നാവായ് മുകുന്ദനാണ്, നരായണനെന്നും അറിയപ്പെടുന്നുണ്ട്. നിന്നത്തിരുക്കോലത്തില്‍ പള്ളികൊള്ളൂന്ന ഭഗവാന്‍റെ തിരുമുഖ ദര്‍ശനം കിഴക്ക് ദിശയിലാണ്. മലര്‍ മങ്കൈ നാച്ചിയാരായ ലക്ഷ്മീദേവി, ശ്രീദേവിയെന്നും ഇവിടെ അറിയപ്പെടുന്നുണ്ട്.
 
ഷൊര്‍ണ്ണൂര്‍ – കുറ്റിപ്പുറം റൂട്ടിൽ സഞ്ചരിച്ചാലും ഈ സ്ഥലത്ത് എത്തിച്ചേരാവുന്നതാണ്.  ഇടക്കുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു മൈല്‍ അകലെയായി ഒരു ഉള്‍ഗ്രാമ പ്രദേശമായ ഈ സ്ഥലത്ത് താമസ സൌകര്യങ്ങള്‍ തുലോം കുറവാണ്. ഇടക്കുളത്തു നിന്നും ഒരു മൈല്‍ തെക്കോട്ട് മാറി ഒഴുകുന്ന ഭാരതപ്പുഴയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ലക്ഷ്മീ ദേവിയ്ക്ക് ഇവിടെ പ്രത്യേക സന്നിധിയാണെന്നുള്ളതാണിവിടുത്തെ ഏറ്റവും വലിയ വിശേഷം. 
 
6. തിരുപാൽക്കടൽ ശ്രീകൃഷ്ണ ക്ഷേത്രം - കിളിമാനൂർ
 
webdunia
വേണാട്ടു രാജാക്കന്മാര്‍ പണികഴിപ്പിച്ചതാണ് കീഴ്‌പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമെന്നാണ് വിശ്വാസം. ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ മേമന തെക്കേടത്ത് കുഴിക്കാട്ട് ഇല്ലത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരി ഭാഗവത സപ്താഹ യജ്ഞത്തിനു ഭദ്രദീപംകൊളുത്തും. യജ്ഞാചാര്യന്‍ കാരോട് പരമേശ്വരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍.
 
തിരുവിതാംകൂര്‍ രാജവംശത്തിന്റെ ആദികുല കോവിലും ഇതു തന്നെയാണ്. ഭാഗവത സപ്താഹ യജ്ഞത്തിന്റെ ആറാം ദിനമായ മേയ് ഏഴിന് സര്‍വൈശ്വര്യ പൂജ ഉണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ ഗണപതി ഹോമവും പ്രസാദ ഊട്ടും ഉണ്ടായിരിക്കും. ക്ഷേമ ഐശ്വര്യങ്ങള്‍ക്കും ദാരിദ്ര്യ ശമനത്തിനും അഭീഷ്ടകാര്യ സിദ്ധിക്കും യജ്ഞശാലയില്‍ അരി, അവല്‍, മലര്‍ എന്നിവ കൊണ്ട് പറ നിറയ്ക്കല്‍ നടത്തുന്നതിനും അവസരമുണ്ടായിരിക്കും.
 
7. കടലായി ശ്രീകൃഷ്ണക്ഷേത്രം - കണ്ണൂർ
 
webdunia
കണ്ണൂർ ജില്ലയിലെ ചിറക്കൽ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീകൃഷ്ണ ക്ഷേത്രമാണ്കടലായി ശ്രീകൃഷ്ണ ക്ഷേത്രം. അഞ്ജനശിലയിലുള്ള നവനീതകൃഷ്ണനാണ് ഇവിടത്തെ പ്രതിഷ്ഠ.വടക്കൻ കേരളത്തിലെ ഗുരുവായൂർ എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നുണ്ട്. 
 
നൂറ്റാണ്ടുകൾക്ക്‌ മുമ്പ്‌ ഈ പ്രദേശം ഭരിച്ചിരുന്ന മൂഷിക രാജാവായ വളഭന്‌ കടലിൽ നിന്നും ലഭിച്ച വലതു കൈയ്യറ്റ നിലയിലുള്ള ശ്രീകൃഷ്ണ വിഗ്രഹം കണ്ണൂരിനു അൽപം തെക്ക്‌ കടലായി എന്ന സ്ഥലത്ത്‌ ക്ഷേത്രം പണിത്‌ അവിടെ പ്രതിഷ്ഠിക്കുകയും കാലത്തിന്റെ പടയോട്ടത്തോടൊപ്പം ടിപ്പു സുൽത്താന്റെ വരവു കൂടിയായപ്പോൾ ആ ക്ഷേത്രം നാമാവശേഷമായി തീരുകയും ചെയ്തുവെന്നാണ് ഐതീഹ്യം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജന്മാന്തര പുണ്യവുമായി ഇന്ന് അഷ്ടമി രോഹിണി