Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുജറാത്തിലെ പാവഗഡ് ശക്തിപീഠം

ഗുജറാത്തിലെ പാവഗഡ് ശക്തിപീഠം
WD  
അരസുറിലെ അംബാജി, ചുന്‍‌വാലിലെ ബല, ചമ്പാനേറിനു സമീപമുള്ള പാവഗഡിലെ കാളി എന്നിങ്ങനെ ഗുജറാത്തില്‍ പ്രധാനമായും മൂന്ന് ശക്തിപീഠങ്ങളാണുള്ളത്. ഇതില്‍, പാവഗഡ് ശക്തിപീഠം വഡോദരയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ ഗുജറാത്തിന്‍റെ പഴയ തലസ്ഥാ‍നമായ ചമ്പാനേറിന് സമീപമാണ് സ്ഥിതി ചെയ്യുന്നത്. കച്ചിലെ അസാപുര, മൌണ്ട് ആബുവിലെ ആര്‍ബുദ ദേവി, ഹല്‍‌വദിലെ സുന്ദരി, കോല്‍‌ഗിരിയിലെ ഹര്‍സിദ്ധി, നര്‍മ്മദയിലെ അനസൂയ എന്നീ ദേവീക്ഷേത്രങ്ങളും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്.

ദക്ഷന്‍റെ ആത്മാഹൂതിക്കും രുദ്രന്‍റെ താണ്ഡവത്തിനു ശേഷം സതീ ദേവിയുടെ ശരീര ഭാഗങ്ങള്‍ ഭാരതത്തിന്‍റെ പല ഭാഗങ്ങളിലായി പതിച്ചു എന്നാണ് വിശ്വാസം. ദേവിയുടെ ശരീരഭാഗങ്ങള്‍ പതിച്ചയിടങ്ങളെയാണ് ശക്തിപീഠങ്ങളായി സങ്കല്‍പ്പിക്കുന്നത്.

സതീ ദേവിയുടെ ഇടത്തെ മാ‍റിടം പാവഗഡിലാണ് പതിച്ചതെന്നാണ് വിശ്വാസം. നവരാത്രി ഉത്സവത്തിന് ഇവിടെ അഭൂത പൂര്‍വ്വമായ ഭക്തജനത്തിരക്ക് സാധാരണമാണ്.

ഒറ്റപ്പെട്ട ഒരു കുന്നായിരുന്നു പാവഗഡ്. വിശ്വാമിത്ര മഹര്‍ഷി തന്‍റെ തപ:ശക്തിയാലാണ് ഇപ്പോഴുള്ള താഴ്‌വര സൃഷ്ടിച്ചത് എന്നും വിശ്വാമിത്ര മഹര്‍ഷി തന്നെയാണ് ഇവിടെ പ്രതിഷ്ഠാ കര്‍മ്മം നടത്തിയതെന്നുമാണ് പുരാണം. ഇവിടെ നിന്നും ‘വിശ്വാമിത്രി’ എന്ന പേരില്‍ ഒരു നദി ഉദ്ഭവിക്കുന്നുമുണ്ട്.

വേദ, താന്ത്രിക വിധി പ്രകാരം ദക്ഷിണ മാര്‍ഗ്ഗത്തില്‍ ആരാധിക്കപ്പെടുന്ന കാളിയാണ് പാവഗഡിലെ പ്രതിഷ്ഠ. ദേവിയെ ‘ദക്ഷിണ കാളി’ എന്ന പേരിലും അറിയപ്പെടുന്നു. നവരാത്രിക്ക് ഇവിടെ വൈവിധ്യമാര്‍ന്ന ആഘോഷങ്ങള്‍ നടക്കാറുണ്ട്.

webdunia
WD  
ചമ്പാനേര്‍ കോട്ട നിരവധി പിടിച്ചെടുക്കലുകള്‍ക്ക് സാക്‍ഷ്യം വഹിച്ചിട്ടുണ്ട്. മനോഹരമായ ചമ്പാനേര്‍ നഗരം രജപുത്രരുടെ അധീനതയില്‍ ആയിരുന്നു എങ്കിലും പിന്നീട് പതിനഞ്ചാം നൂറ്റാണ്ടോടെ അത് ഗുജറാത്തിലെ സുല്‍ത്താന്മാരുടെ നിയന്ത്രണത്തിനു കീഴിലായി. ഹുമയൂണിന്‍റെ കൈകളില്‍ നിന്ന് സുല്‍ത്താന്‍ ബഹാദൂര്‍ഷാ പിടിച്ചെടുത്ത ഈ പ്രദേശം പിന്നീട് അക്ബറിന്‍റെ കൈയ്യിലും അവിടെ നിന്ന് മറാത്താ രാജാക്കന്‍‌മാരുടെ കൈയ്യിലുമെത്തിച്ചേര്‍ന്നു. അവസാനം, ചമ്പാനേര്‍ ബ്രിട്ടീഷ് ആധിപത്യത്തിലായി.

webdunia
WD  
ചമ്പാനേറില്‍ നിന്ന് പാവഗഡിലേക്ക് മലമ്പാതയിലൂടെ വേണം പോവാന്‍. പാവ്ഗഡിലെ മഹാകാളി ക്ഷേത്രത്തില്‍ കാളികമാതാവിനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കാളിക മാതാവിനെ കൂടാതെ മഹാകാളി, ബാഹുചര ദേവി എന്നീ പ്രതിഷ്ഠകളും ഇവിടെയുണ്ട്. ക്ഷേത്രത്തിലേക്കുള്ള മാര്‍ഗ്ഗമധ്യേ ഛാസിയ, ദൂധിയ എന്നീ തടാകങ്ങള്‍ കാണാന്‍ കഴിയും.

പാവഗഡിലേക്കുള്ള യാത്രയില്‍, ചമ്പാനേരില്‍ നിന്ന് 1471 അടി ഉയരെ ‘മാച്ചി ഹവേലി എന്ന് അറിയപ്പെടുന്ന ഒരു പീഠഭൂമിയുണ്ട്. ഇവിടം വരെ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസ് സര്‍വീസുകള്‍ ലഭിക്കും. മാച്ചിയുടെ ഉയരങ്ങളിലാണ് നേരത്തെ പറഞ്ഞ രണ്ട് തടാകങ്ങളും സ്ഥിതി ചെയ്യുന്നത്. മാച്ചിയില്‍ തീര്‍ത്ഥാടകര്‍ക്ക് തങ്ങാന്‍ ചെറിയ ഹോട്ടലുകളും വീടുകളും ലഭ്യമാണ്.

കുന്നിന്‍റെ ഏറ്റവും മുകളിലാണ് മഹാകാളിയുടെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മാച്ചിയില്‍ നിന്ന് ക്ഷേത്രത്തിലെത്താന്‍ റോപ് വേ സൌകര്യം ഉണ്ട്. അതല്ല എങ്കില്‍, 250 പടികള്‍ കയറേണ്ടതുണ്ട്.

മഹാകാളി ക്ഷേത്രത്തിന്‍റെ തൊട്ടു മുകളില്‍ ഒരു മുസ്ലീം ദര്‍ഗയാണ്. അദന്‍ഷായുടെ ഈ ദര്‍ഗ ഇസ്ലാം മതസ്ഥരുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്.

webdunia
WD  
യാത്ര
അഹമ്മദാബാദ് വിമാനത്താവളമാണ് ഏറ്റവും അടുത്ത് -190 കിലോമീറ്റര്‍. ട്രെയിന്‍ മാര്‍ഗ്ഗമാണെങ്കില്‍ 50 കിലോമീറ്റര്‍ അകലെ വഡോദരയില്‍ ഇറങ്ങണം. അവിടെ നിന്ന് പാവഗഡിലേക്ക് ബസ് സര്‍‌വീസുകള്‍ ലഭ്യമാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാവഗഡിലേക്കും തിരിച്ചും ബസ് സര്‍വീസുകള്‍ സുലഭമാണ്.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവഗ്രഹ സ്തോത്രം