ദക്ഷ പ്രജാപതിയുടെ ശാപത്തില്‍ നിന്ന് മോക്ഷം നേടാനായി ചന്ദ്രദേവന് മഹി സാഗര്‍ സംഗമത്തില്‍ കുളിച്ചിട്ടുണ്ടെന്ന് വിശ്വാസമുണ്ട്. ത്രേതായുഗത്തില്‍ ലക്ഷ്മണന്റെയും ഊര്‍മ്മിളയുടെയും പുത്രനായ ചന്ദ്രകേതു ലക്ഷ്മണ്പുരിയിലെ കൊടും വനത്തില്‍ പൌര്‍ണ്ണമി ദിവസം അകപ്പെട്ടപ്പോള്‍ നവ ദുര്‍ഗ്ഗയെ സ്മരിക്കുകയുണ്ടായെന്നും അപ്പോള്‍ ചന്ദ്രിക ദേവിയുടെ അനുഗ്രഹത്താല്‍ ഭയം ഒഴിഞ്ഞ് പോയെന്നും പുരാണത്തിലുണ്ട്.പാണ്ഡവരുടെ വനവാസക്കാലത്ത് ദ്രൌപദിയുമായി ഇവിടം സന്ദര്‍ശിച്ചിരുന്നുവെന്ന് പറയപ്പെടുന്നു. ഈ പ്രദേശത്തെ കുറിച്ച് മറ്റൊരു ഐതീഹ്യമുണ്ട്. യുധിഷ്ഠിരന് അശ്വമേധയാഗം നടത്തിയപ്പോള്‍ കുതിര ചന്ദ്രികാ ക്ഷേത്രത്തിന് സമീപമുള്ള ഹന്സദ്വജ് എന്ന രാജ്യത്തില്‍ എത്തുകയുണ്ടായി. ഹന്സാരാജാവ് കുതിരയെ പിടിച്ച് കെട്ടിയതിനെ തുടര്‍ന്ന് യുധിഷ്ഠിരന് സേനയുമായി ഹന്സരാജാവിനോട് എറ്റുമുട്ടി. ഈ യുദ്ധത്തില്‍ ഹന്സരാജാവിന്റെ പുത്രന്മാരില് സുരതന്‍ മാത്രമെ പങ്കെടുത്തുള്ളൂ.
മറ്റൊരു മകനായ സുന്ധന്വ നവ ദുര്‍ഗ്ഗയെ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നതിനാല്‍ യുദ്ധത്തില്‍ പങ്കെടുത്തില്ല. ഇതേതുടര്‍ന്ന് സുന്ധന്വയെ തിളച്ച എണ്ണയുള്ള കുളത്തിലേക്ക് എറിഞ്ഞുവെന്നും ചന്ദ്രികാ ദേവിയുടെ അനുഗ്രഹത്താല്‍ അദ്ദേഹത്തിന് പൊള്ളലേറ്റില്ലന്നുമാണ് വിശ്വാസം.ഈ സംഭവത്തിന് ശേഷം ഈ സ്ഥലം സുന്ധന്വ കുണ്ട് എന്നറിയപ്പെടുന്നു. അതേസമയം, യുധിഷ്ഠിരന് സേനയുമായി താമസിച്ച കടക എന്ന സ്ഥലം കടകവാസ എന്ന പേരില്‍ പ്രസിദ്ധമാകുകയും ചെയ്തു. ഇപ്പോള്‍ ഈ സ്ഥലം കടകവാസ എന്നറിയപ്പെടുന്നു.
പ്രശസ്ത ഹിന്ദി സാഹിത്യകാരനായ അംറില്‍ ലാല്‍ നഗര്‍ ഈ സ്ഥലത്തെ കുറിച്ച് തന്റെ ‘കരവത്’ എന്ന കൃതിയില്‍ വര്‍ണ്ണിക്കുന്നുണ്ട്.