ഇത്തവണ തീര്‍ത്ഥാടനം പരമ്പരയില്‍ ഞങ്ങള്‍ നിങ്ങളെ കൊണ്ടുപോവുന്നത് ജേജുരിയിലെ ഖണ്ഡോബ ക്ഷേത്രത്തിലേക്കാണ്. മറാത്തിയില്‍ “ഖണ്ഡോബാചി ജേജുരി” എന്ന പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.മഹാരാഷ്ട്രയിലെ പ്രാചീന ആദിവാസി ഗോത്രമായ ധന്‍ഗാറുകളുടെ ഇടയില്‍ ജേജുരിയുടെ ആരാധാനയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ഖണ്ഡോബയെ ആദിവാസികളുടെ ദൈവമായാണ് കണക്കാക്കുന്നത് എങ്കിലും മറാത്ത പാരമ്പര്യം അനുസരിച്ച് വിവാഹം കഴിയുന്ന ഉടന്‍ ദമ്പതികള്‍ ഖണ്ഡോബാ ക്ഷേത്രം സന്ദര്‍ശിക്കുന്നത് ആചാരമായി കണക്കാക്കുന്നു.
പൂനെ-ബാംഗ്ലൂര്‍ ദേശീയ പാതയുടെ അരികിലായി ഫാല്‍തന്‍ പട്ടണത്തിലാണ് ജേജുരി. ഖണ്ഡോബ ക്ഷേത്രമാവട്ടെ ഒരു ചെറു കുന്നിലാണ് സ്ഥിതിചെയ്യുന്നത്. 200 പടികള്‍ കടന്ന് വേണം ഇവിടെയെത്താന്‍. മലകയറുമ്പോള്‍ ക്ഷേത്രത്തിലെ കല്‍ വിളക്കുകള്‍ നല്‍കുന്നത് ഒരു മനോഹര ദൃശ്യമാണ്. കുന്നിന്‍ മുകളില്‍ ക്ഷേത്ര പരിസരത്തു നിന്നുകൊണ്ട് ജേജൂരി ടൌണിന്‍റെ മനോഹാരിത ആസ്വദിക്കുകയും ചെയ്യാം.
പ്രാര്‍ത്ഥനയ്ക്കായി ഭക്തര്‍ ക്ഷേത്ര മണ്ഡപത്തിലാണ് എത്തിച്ചേരുക. ഗര്‍ഭഗൃഹത്തിലാവട്ടെ ഖണ്ഡോബയുടെ വളരെ മനോഹരമായ വിഗ്രഹം സ്ഥാപിച്ചിരിക്കുന്നു. ഇവിടുത്തെ പിച്ചളിയില്‍ തീര്‍ത്ത ആമയുടെ രൂപം ഭകതരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. 10X12 അടി വലിപ്പത്തിലാണ് ആമയുടെ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനുപുറമെ ചരിത്ര പ്രാധാന്യമുള്ള പലവിധ ആയുധങ്ങളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.ദസറ ദിനത്തില്‍ ഇവിടെ നടക്കുന്ന വാളെടുക്കല്‍ മത്സരം പ്രസിദ്ധമാണ്. ഏറ്റവും കൂടുതല്‍ സമയം ക്ഷേത്ര വാള്‍ ഉയര്‍ത്തി നില്‍ക്കുന്ന ആളെയാണ് മത്സര വിജയിയായി കണക്കാക്കുന്നത്.
ഛത്രപതി ശിവജിയുമായി ബന്ധപ്പെട്ടും ജേജുരി പ്രാധാന്യമര്‍ഹിക്കുന്നു. ഇവിടെ വച്ചാണ് വളരെക്കാലങ്ങള്‍ക്ക് ശേഷം ശിവജി പിതാവ് ഷാഹാജിയെ കണ്ടുമുട്ടിയത്. ഇരുവരും കുറെക്കാലം ഇവിടെ ഒരുമിച്ചു താമസിക്കുകയും മുഗള്‍ ആക്രമണത്തെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ഉപായങ്ങള്‍ ആലോചിക്കുകയും ചെയ്തു. ആസമയത്ത്, തെക്കന്‍ പ്രദേശത്തെ പ്രധാന കോട്ടയായിരുന്നു ജേജുരി.
എത്തിച്ചേരാന്‍
റോഡുമാര്‍ഗ്ഗം വരുന്നവര്‍ക്ക് പൂനെയില്‍ നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്തിച്ചേരാം. റയില്‍ മാര്‍ഗ്ഗം വരുന്നവര്‍ക്ക് പുനെ-മിറാജ് റൂട്ടിലെ ജേജുരി സ്റ്റേഷനില്‍ ഇറങ്ങാം. വിമാനമാര്‍ഗ്ഗമാണെങ്കില്‍ 40 കിലോമീറ്റര്‍ അകലെയുള്ള പൂനെ വിമാനത്താവളമാണ് അടുത്ത്.
Follow Webdunia malayalam