തിര്‍ത്ഥാടനം പരമ്പരയിലൂടെ നാം ഇത്തവണ പോവുന്നത് നാന്ദെദിലെ തക്ത് സച്ഖണ്ഡ് ശ്രീ അബാചല്‍നഗര്‍ സാഹിബിലേക്കാണ്. സിഖ് മത വിശ്വാസികളുടെ അഞ്ച് തക്തുകളില്‍ (സിംഹാസനങ്ങള്‍) ഒന്നാണ് വിദേശ രാജ്യങ്ങളില്‍ പോലും പ്രശസ്തമായ ഈ തീര്‍ത്ഥാടന കേന്ദ്രം. ഫോട്ടോ ഗാലറിപത്താമത്തെയും അവസാനത്തെയുമായ സിഖ് ഗുരു, ഗുരു ഗോബിന്ദ സിംഗ്, സഭ കൂടിയിരുന്നതും പ്രാര്‍ത്ഥന നടത്തിയിരുന്നതും ഇവിടെയാണെന്നാണ് വിശ്വാസം. ഗോബിന്ദ സിംഗ് തന്‍റെ കുതിരയായ ദില്‍ബാഗിനൊപ്പം സ്വര്‍ഗ്ഗാരോഹണം നടത്തിയതും നാന്ദെദില്‍ നിന്നാണെന്നാണ് കരുതുന്നത്.ഗുരുഗോബിന്ദ് സിംഗ് ഇഹലോകവാസം വെടിഞ്ഞ സ്ഥലത്താണ് ഗുരുദ്വാര പണികഴിപ്പിച്ചിരിക്കുന്നത്. മഹാരാജ രഞ്ജിത് സിംഗ് പണികഴിപ്പിച്ച ഈ ഗുരുദ്വാര മാര്‍ബിള്‍ കല്ലുകളിലും സ്വര്‍ണ കവചങ്ങളാലും അലംകൃതമാണ്. അതിമനോഹരമായ ശില്‍പ്പവേലകളുള്ള ഈ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വര്‍ഷം തോറും ലക്ഷക്കണക്കിന് ആളുകളാണ് വന്നെത്താറുള്ളത്.അമൃത്സറിലെ ലോക പ്രശസ്തമായ ഹര്‍മന്ദിര്‍ സാഹിബിന്‍റെ (സുവര്‍ണ ക്ഷേത്രം) മാതൃകയിലാണ് ഈ ഇരു നില മന്ദിരത്തിന്‍റെ ഉള്‍വശം പണികഴിപ്പിച്ചിരിക്കുന്നത്. അംഗിത സാഹിബ് എന്ന പേരില്‍ അറിയപ്പെടുന്ന അകത്തെ അറയുടെ ഭിത്തി സ്വര്‍ണത്താല്‍ പൊതിഞ്ഞിരിക്കുന്നു.
പകല്‍ സമയത്ത് മാത്രമേ ഗുരു ഗ്രന്ഥ സാഹിബ് ശ്രീകോവിലിന് വെളിയില്‍ പ്രദര്‍ശിപ്പിക്കാറുള്ളൂ. രാത്രി സമയങ്ങളില്‍ അത് ഉള്ളില്‍ ഒരു മാര്‍ബിള്‍ പതിച്ച പീഡത്തില്‍ സൂക്ഷിക്കും. ഒരു സ്വര്‍ണ കഠാര, മാച്ച്‌ലോക്ക് തോക്ക്, 35 അമ്പുകള്‍, രണ്ട് വില്ലുകള്‍, രത്നങ്ങള്‍ പതിച്ച ഒരു പരിച, അഞ്ച് സ്വര്‍ണ വാളുകള്‍ എന്നിവയും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ഗുരുഗോബിന്ദ് സിംഗാണ് നാന്ദെദിലെ ഈ പ്രദേശത്തിന് അബാചല്‍ നഗര്‍ എന്ന നാമധേയം നല്‍കിയത്. സച്ഖണ്ഡ് (സത്യത്തിന്‍റെ നാട്) ദൈവത്തിന്‍റെ ഇരിപ്പിടമായാണ് കണക്കാക്കുന്നത്. സച്ഖണ്ഡിനു പുറമെ, നാഗിന ഘട്ട്, ഹിരാ ഘട്ട്, ബന്ധ ഘട്ട്, മാതാ സാഹിബ് കൌര്‍ തുടങ്ങിയവയും ഈ പ്രദേശത്തെ പ്രധാന ഗുരുദ്വാരകളാണ്.
എത്തിച്ചേരാന്‍
സച്ഖണ്ഡില്‍ നിന്ന് വെറും അഞ്ച് കിലോമീറ്റര്‍ അകലെയാണ് നാന്ദെദ് വിമാനത്താവളം. റോഡ് മാര്‍ഗം നാന്ദെദില്‍ നിന്ന് ഔറംഗബാദിലേക്ക് എത്തിച്ചേരാന്‍ 300 കിലോമീറ്റര്‍ യാത്ര ചെയ്യണം. ഇവിടെ നിന്ന് എല്ലാ പ്രധാന പട്ടണങ്ങളിലേക്കും ബസ് സര്‍വീസ് ലഭ്യമാണ്. അമൃത്സറില്‍ നിന്ന് ഇവിടേക്കെത്താന്‍ പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തുന്നു.
Follow Webdunia malayalam