മദ്ധ്യപ്രദേശിലെ ദേവാസ് നഗരം രണ്ട് ദേവിമാരുടെ ക്ഷേത്രങ്ങള്‍ കൊണ്ട് പ്രശസ്തമാണ്. ദേവിമാര്‍ ആരൊക്കെ ആണെന്നോ? തുള്‍ജ ഭവാനിയും ചാമുണ്ടിയുമാണ് സഹോദരിമാരായ ഈ ദേവിമാര്‍. ബഡി മാത(മൂത്ത ദേവി), ഛോട്ടി മാത (ഇളയ ദേവി) എന്നും ഇവര്‍ അറിയപ്പെടുന്നു.രണ്ട് ദേവിമാരും സഹോദരങ്ങളാണെന്ന് ഇവിടത്തെ പുരോഹിതന് പറയുന്നു. ഒരിക്കല്‍ ദേവിമാര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ദേവിമാരില്‍ മൂത്ത ആള് ക്ഷേത്രം ഉപേക്ഷിച്ച് കുന്നിന്റെ മറുഭാഗത്തേക്ക് പോകാന്‍ തീരുമാനിച്ചു. ദേവിമാരുടെ വഴക്ക് ശ്രദ്ധിച്ച ഹനുമാനും ഭൈരവനും ശാന്തരാകണമെന്ന് അവരോട് അപേക്ഷിച്ചു. അപ്പോഴേക്കും മൂത്ത സഹോദരിയുടെ ശരീരത്തിന്റെ പകുതി ഭാഗം ഭൂമിക്കടിയിലായിരുന്നു. അവസാന നിമിഷം ദേവിമാര്‍ എങ്ങനെയായിരുന്നോ ആ നിലയിലാണ് ഇവിടെ വിഗ്രഹങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇവിടത്തെ വിഗ്രഹങ്ങള്‍ സ്വയം ഭൂവാണെന്നാണ് വിശ്വാസം. ശുദ്ധമായ മനസോടെ പ്രാര്‍ത്ഥന നടത്തുന്നവരുടെ ആഗ്രഹങ്ങളെല്ലാം സാധിക്കും. ചരിത്രമനുസരിച്ച് രണ്ട് രാജവംശങ്ങള്‍ ഭരിച്ച ആദ്യ നഗരമാണ് ദേവാസ്. ഹോള്‍ക്കര്‍ രാജവംശവും പന്‍വര്‍ രാജവംശവും ആണ് ഇവ. ഇതില്‍ ഹോള്‍ക്കര്‍ രാജവംശത്തിന്റെ കുലദേവത ആണ് തുള്‍ജാ ഭവാനി. പന്‍വര്‍ രാജവംശത്തിന്റെ കുലദേവത ചാമുണ്ടി ദേവിയാണ്.
ഇവിടത്തെ ഭക്തര്‍ ഭൈരവനെയും ആരാധിക്കുന്നു. ഭൈരവന്റെ അനുഗ്രഹമില്ലാതെ പ്രാര്‍ത്ഥന പൂര്‍ണ്ണമാകില്ലെന്നാണ് വിശ്വാസം. നവരാത്രി കാലയളവില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ ഉണ്ടാകും.എത്താനുള്ള മാര്‍ഗ്ഗം
വിമാനം: ഏറ്റവും അടുത്ത വിമാനത്താവളം ഇന്‍ഡോര്‍(35 കിലോമീറ്റര്‍)
റോഡ്: ആഗ്ര-മുംബൈ എന്‍ എച്ച് 3 യിലാണ് ഈ പുണ്യ കേന്ദ്രം. ഇവിടെ നിന്ന് ഇന്‍ഡോറിലേക്ക് 35 കിലോമീറ്ററും ഉജൈനിലേക്ക് 35 കിലോമീറ്ററും ദൂരമുണ്ട്.
റെയില്‍വെ: ഇന്‍ഡോര്‍-ഉജ്ജൈന്‍ ബ്രോഡ്ഗേജ് ലൈന്‍ കടന്ന് പോകുന്നതിന് സമീപമാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
Follow Webdunia malayalam