Select Your Language

Notifications

webdunia
webdunia
webdunia
webdunia

നരസിംഹവാഡിയിലെ ദത്ത ക്ഷേത്രം

കിരണ്‍ ജോഷി

നരസിംഹവാഡിയിലെ ദത്ത ക്ഷേത്രം
WDWD
തീര്‍ത്ഥാടനം പരമ്പരയില്‍ ഈ ലക്കത്തില്‍ ഞങ്ങള്‍ നിങ്ങളെ കൃഷ്ണാ നദിക്കരയിലുള്ള ദത്താത്രേയ ഭഗവാന്‍റെ ക്ഷേത്രത്തിലേക്കാണ് കൊണ്ടു പോവുന്നത്. മഹാരാഷ്ട്രയിലെ കോലാപ്പൂര്‍ ജില്ലയിലെ നര്‍ശോഭവാഡി എന്ന സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഫോട്ടോഗാലറി

ഭഗവാന്‍ ദത്താത്രേയന്‍ 12 വര്‍ഷക്കാലം കഠിന തപസ്സ് അനുഷ്ഠിച്ചത് ഇവിടെയാണെന്നാണ് കരുതുന്നത്. ഇവിടം തപോഭൂമി എന്ന പേരിലും അറിയപ്പെടുന്നു. ദത്താ ഭഗവാന്‍റെ കാല്‍പ്പാടുകളെയാണ് ഇവിടെ ആരാധിക്കുന്നത്.

ദീര്‍ഘനാളത്തെ തപസ്സിനു ശേഷം ദത്താ ഭഗവാന്‍ ഔദംബര്‍, ഗംഗാപൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷം കര്‍ദാലിവനില്‍ എത്തി ഭൌതിക ശരീരം ഉപേക്ഷിച്ച് നരസിംഹ സരസ്വതി എന്ന അവതാരം പൂര്‍ണമാക്കി എന്നാണ് പുരാണങ്ങള്‍ പറയുന്നത്. ദിനംതോറും ആയിരക്കണക്കിന് ഭക്തരാണ് ഇവിടെയെത്തി ദത്താ ഭഗവാനെ വണങ്ങുന്നത്.

ഇവിടെയാണ് കൃഷ്ണാ നദിയും പാഞ്ച്‌ഗംഗയും സംഗമിക്കുന്നത്. കൃഷ്ണയുടെ ഓളങ്ങളും ക്ഷേത്രമണികളുടെ നാദവും മത്രോച്ചാരണ ശബ്ദവും എല്ലാം സംഗമിക്കുന്ന ഇവിടം ആരുടെ മനസ്സിലും ഭക്തിയുടെ ഉറവയുണര്‍ത്തും.

webdunia
WD
ഒരു മുസ്ലീം പള്ളിയുടെ ആകൃതിയിലാണ് ദത്താ ക്ഷേത്രം നിര്‍മ്മിച്ചിട്ടുള്ളത്. ഇവിടെയെത്തുന്ന ഭക്തര്‍ ഭഗവാന്‍റെ കാലടികളില്‍ പട്ട് തുണി സമര്‍പ്പിക്കുന്നത് മുസ്ലീം പള്ളികളിലെ ആചാരത്തെ അനുസ്മരിപ്പിക്കുന്നു. അതേപോലെ, ഇവിടെ തപസ്സ് അനുഷ്ഠിച്ച് ഇഹലോക വാസം വെടിഞ്ഞ മുനിമാരുടെ ശവകുടീരങ്ങളും ക്ഷേത്ര പരിസരത്ത് കാണാന്‍ സാധിക്കും.

പൌര്‍ണമി ദിനങ്ങളിലാണ് ദത്താത്രേയ ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് വര്‍ദ്ധിക്കുന്നത്. ശനിയാഴ്ച ദിവസമാണ് ദത്താത്രേയന്‍ ജനിച്ചതെന്നാണ് വിശ്വാസം. അതിനാല്‍, ശനിയാഴ്ച ദിവസങ്ങളിലും ഇവിടെ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്നു. എല്ലാവര്‍ഷവും ദത്താത്രേയ ജയന്തിയോട് അനുബന്ധിച്ച് വന്‍ ആഘോഷങ്ങള്‍ നടത്താറുണ്ട്.

ക്ഷേത്രത്തിനകത്തും പുറത്തും യഥേഷ്ടം വിഹരിക്കുന്ന ശ്വാനന്‍‌മാര്‍ ആദ്യമായി ഇവിടെയെത്തുന്നവരെ അത്ഭുതപ്പെടുത്തിയേക്കാം. ശ്വാനന്‍‌മാരെ ദത്താത്രേയന്‍റെ അവതാരമായിട്ടാണ് കരുതുന്നത്. അതിനാല്‍, അവയ്ക്ക് ക്ഷേത്രത്തില്‍ എവിടെ വേണമെങ്കിലും യഥേഷ്ടം വിഹരിക്കുന്നതില്‍ നിയന്ത്രണമില്ല.

എത്തിച്ചേരാന്‍:

റോഡ് മാര്‍ഗ്ഗം നരസിംഹവാഡിയില്‍ എത്തിച്ചേരാന്‍ കോലാപൂരില്‍ നിന്ന് 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതി. മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും ഇവിടെയെത്താന്‍ ട്രെയിന്‍ സൌകര്യമുണ്ട്. ഏറ്റവും അടുത്ത വിമാനത്താവളം കോലാപ്പൂരിലാണ്.

Share this Story:

Follow Webdunia malayalam