Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭോപവാറിലെ ശാന്തിനാഥ് ക്ഷേത്രം

ഗായത്രി ശര്‍മ്മ

ഭോപവാറിലെ ശാന്തിനാഥ് ക്ഷേത്രം
, തിങ്കള്‍, 1 ജൂണ്‍ 2009 (19:37 IST)
ഇന്‍ഡോര്‍ - അഹമ്മദാബാദ് ദേശീയ പാതയിലെ രാജ്ഗര്‍ഹയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് പ്രമുഖ ജൈന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നായ ശ്രീ ശാന്തിനാഥ്ജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ജൈനരുടെ പതിനാറാം തീര്‍ഥങ്കരനായ ശാന്തിനാഥ്ജിയുടെ, ഇവിടെയുള്ള 12 അടി ഉയരമുള്ള പ്രതിമയ്ക്ക് ഏകദേശം 87,000 വര്‍ഷം പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. നില്‍ക്കുന്ന രീതിയിലാണ് പ്രതിമ നിര്‍മ്മിച്ചിട്ടുള്ളത്.

ഈ ക്ഷേത്രത്തിന്‍റെ ചരിത്രത്തെ സംബന്ധിച്ചും നിഗൂഢതയെ സംബന്ധിച്ചും നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. ശ്രീകൃഷ്ണന്‍റെ ഭാര്യയായ രുക്മിണിയുടെ സഹോദരന്‍ രുക്മന്‍കുമാര്‍ ആണ് ഭോപവാര്‍ നഗരം പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്നു. ആ സമയത്ത് രുക്മന്‍കുമാറിന്‍റെ പിതാവായ ഭീഷ്മക് ഇവിടെ നിന്ന് 17 കിലോമീറ്റര്‍ അകലെയുള്ള അമിജ്ഹാരയിലെ രാജാവായിരുന്നു.

രുക്മന്‍ തന്‍റെ സഹോദരിയെ ശിശുപാലന് വിവാഹം കഴിപ്പിച്ചുകൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അവള്‍ ഇതിനകം തന്നെ കൃഷ്ണന് തന്‍റെ ഹൃദയം സമര്‍പ്പിച്ച് കഴിഞ്ഞിരുന്നു. രുക്മിണിയുടെ സന്ദേശം ലഭിച്ച കൃഷ്ണന്‍ തേരിലെത്തി അവളെ കൂട്ടിക്കൊണ്ടുപോയി. വഴിയില്‍ വെച്ച് രുക്മനുമായി യുദ്ധമുണ്ടാകുകയും കൃഷ്ണന്‍ രുക്മനെ വളരെ എളുപ്പത്തില്‍ പരാജയപ്പെടുത്തുകയും ചെയ്തു.
WDWD


പരാജയപ്പെട്ടതില്‍ ലജ്ജിതനായ രുക്മന്‍ രാജ്യം ഉപേക്ഷിക്കുകയും ഭോപവാര്‍ എന്ന പേരില്‍ പുതിയൊരു നഗരം പണികഴിപ്പിക്കുകയുമായിരുന്നു. ഭോപവാറിലെ ശാന്തിനാഥ് തീര്‍ഥങ്കരന്‍റെ പ്രതിമ പണികഴിപ്പിച്ചത് രുക്മനാണെന്നാണ് വിശ്വാസം.

ഭോപവാറിനെക്കുറിച്ചുള്ള ചരിത്ര സത്യങ്ങള്‍

webdunia
WDWD
ഭഗവാന്‍ കൃഷ്ണന്‍റെ ജന്മസ്ഥലമായ മഥുരയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ജൈന സ്തൂപങ്ങളിലെ ആലേഖനങ്ങളില്‍ കൃഷ്ണന്‍റെ കാലത്ത് പണികഴിപ്പിച്ച പ്രതിമകളെ സംബന്ധിച്ച് വിവരണങ്ങളുണ്ട്. ഭോപവാറിലെ പ്രതിമയെ സംബന്ധിച്ച വിവരങ്ങളും ഇതിലുണ്ട്.

അദ്ഭുതകരമായ പ്രതിമ

ഈ പ്രതിമയുടെ അദ്ഭുതസിദ്ധികള്‍ സംബന്ധിച്ച പല കഥകളും പ്രചാരത്തിലുണ്ട്. ഇതില്‍ ഓരോ കഥയും ഭക്തന്‍മാരില്‍ ശാന്തിനാഥിനെക്കുറിച്ചുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ പോന്നതാണ്. ഈ പ്രതിമയുടെ ശിരസ്സില്‍ നിന്നും അമൃതം ഒഴുകാറുള്ളതായി ഭക്തജനങ്ങള്‍ സാക്‍ഷ്യപ്പെടുത്തുന്നു. പല അവസരങ്ങളിലും അവര്‍ ആ പ്രതിമയുടെ അടുത്തായി വെള്ള സര്‍പ്പത്തെ കാണാറുണ്ടത്രെ. അപൂര്‍വ അവസരങ്ങളില്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍ പാല്‍ കൊണ്ട് നിറയുന്നതായും പറയപ്പെടുന്നു.

എല്ലാവര്‍ഷവും ഒരു സര്‍പ്പമെങ്കിലും പ്രതിമയുടെ സമീപത്ത് തോല്‍ ഉരിയാറുള്ളതായി സമീപവാസികള്‍ ഞങ്ങളോട് പറഞ്ഞു. ഈ തോലുകള്‍ ക്ഷേത്രത്തില്‍ സൂക്ഷിക്കാറുണ്ട്.

എങ്ങനെ എത്തിപ്പെടാം?

റോഡ് മാര്‍ഗം: ഭോപവാര്‍ ഇന്‍ഡോറില്‍ നിന്ന് ഏകദേശം 107 കിലോമീറ്റര്‍ അകലെയാണ്. ഇവിടെ നിന്ന് ബസ് സര്‍വീസുകളും സ്വകാര്യ വാഹനങ്ങളും ലഭ്യമാണ്.
റെയില്‍ മാര്‍ഗം: മേഘനഗറിലാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ (77കി മീ)
വ്യോമ മാര്‍ഗം: ഇന്‍ഡോറിലെ ദേവി അഹല്യ വിമാനത്താവളമാണ് ഏറ്റവും അടുത്ത വിമാനത്താവളം.

Share this Story:

Follow Webdunia malayalam