Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൊധേരയിലെ സൂര്യ ക്ഷേത്രം

ഭിക ശര്‍മ്മ, ജനക് സല

മൊധേരയിലെ സൂര്യ ക്ഷേത്രം
, വ്യാഴം, 9 ജൂലൈ 2009 (19:36 IST)
ഇത്തവണത്തെ തീര്‍ത്ഥാടനം പരമ്പരയിലൂടെ ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് മൊധേരയിലെ പ്രസിദ്ധമായ സൂര്യ ക്ഷേത്രത്തിലേക്കാണ്. അഹമ്മദാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ പുഷ്പാവതി നദിക്കരയിലാണ് ഈ പുരാതന തീര്‍ത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

ഭീമദേവ സോളങ്കിയാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 1026 - 1025 ബി സിയിലാണ് ക്ഷേത്രനിര്‍മ്മിതി നടന്നതെന്ന് ക്ഷേത്രച്ചുമരില്‍ പതിച്ചിരിക്കുന്ന ലിഖിതത്തില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും. മുഹമ്മദ് ഗസ്നി സോമനാഥും പരിസരവും ആക്രമിച്ചു കീഴടക്കിയ സമയത്തായിരുന്നു മൊധേരയിലെ സൂര്യക്ഷേത്രം പണികഴിപ്പിച്ചത്. ഗസ്നിയുടെ തുടര്‍ച്ചയായ ആക്രമണങ്ങളെ തുടര്‍ന്ന് സോളങ്കിമാരുടെ ശക്തിയും സമ്പത്തും ക്ഷയിച്ചു.

സോളങ്കിമാരുടെ തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന അഹില്‍‌വാദ് പാതനും പ്രശസ്തി നഷ്ടപ്പെട്ട അവസ്ഥയിലായി. ഈ സമയം, സോളങ്കി രാജവംശവും വ്യാപാരികളും ചേര്‍ന്ന് തങ്ങളുടെ നഷ്ട പ്രതാ‍പം വീണ്ടെടുക്കാനുള്ള ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി വലിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനും തുടങ്ങി.

സോളങ്കിമാരുടെ കുലദൈവം സൂര്യനാണ്. അതിനാല്‍ മൊധേരയില്‍ വലിയൊരു സൂര്യ ക്ഷേത്രം നിര്‍മ്മിക്കാനും അവര്‍ തീരുമാനിച്ചു. അങ്ങനെ ഇന്ത്യയില്‍ ആകെയുള്ള മൂന്ന് സൂര്യ ക്ഷേത്രങ്ങളിലൊന്ന് മൊധേരയില്‍ ഉയര്‍ന്നു. ഒറീസയിലെ കോണാര്‍ക്ക് സൂര്യ ക്ഷേത്രവും ജമ്മുവിലെ മാര്‍താന്‍ഡ ക്ഷേത്രവുമാണ് രാജ്യത്തെ മറ്റ് സൂര്യ ക്ഷേത്രങ്ങള്‍.

പുരാതന കാലത്തെ നിര്‍മ്മാണ കലയുടെ മകുടോദാഹരണമാണ് മൊധേരയിലെ സൂര്യ ക്ഷേത്രം. ചുണ്ണാമ്പുകല്ല് പോലെയുള്ള ചാന്തുകള്‍ ഒന്നും ഉപയോഗിക്കാതെയാണ് ഈ ക്ഷേത്രം കെട്ടിപ്പൊക്കിയിരിക്കുന്നത്. ശ്രീകോവിലും ഭക്തര്‍ക്കുള്ള വിശാലമായ ഹാളും ഉള്‍പ്പെടെ രണ്ട് പ്രധാന ഭാഗങ്ങളാണ് ക്ഷേത്രത്തിനുള്ളത്. ശ്രീകോവിലിന് 51 അടി 9 ഇഞ്ച് നീളവും 25 അടി 8 ഇഞ്ച് വീതിയുമുണ്ട്.
WDWD

അതിമനോഹരമായ കൊത്തുപണികളുള്ള 52 തൂണുകളാണ് ക്ഷേത്രത്തില്‍ ഉള്ളത്. രാമായണത്തിലെയും മഹാഭാരതത്തിലെയും രംഗങ്ങളെ ആസ്പദമാക്കിയുള്ളതാണ് ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍. സൂര്യന്റെ ആദ്യ രശ്മി ശ്രീകോവിലില്‍ പതിക്കത്തക്ക വിധമാണ് ക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളത്. സൂര്യകുണ്ട് അഥവാ രാംകുണ്ട് എന്ന പേരില്‍ അറിയപ്പെടുന്ന കുളം ക്ഷേത്രത്തിനു തൊട്ടു മുന്നിലാണ്.

അലാവുദ്ദീന്‍ ഖില്‍ജി ക്ഷേത്രവും ക്ഷേത്ര ബിംബങ്ങളും നശിപ്പിക്കാന്‍ പലതവണ ശ്രമിച്ചിട്ടുണ്ട്. പ്രധാന പ്രതിഷ്ഠയായ സൂര്യ പ്രതിമ പടയോട്ടങ്ങളില്‍ നശിച്ചു എങ്കിലും കേടുപാടുകളെ അതിജീവിച്ച് ഗതകാലത്തിന്റെ ശേഷിപ്പായി ഈ ക്ഷേത്രം ഇപ്പോഴും നിലകൊള്ളുന്നു. ഇന്ത്യന്‍ പുരാവസ്തു വകുപ്പിനാണ് ഇപ്പോള്‍ ക്ഷേത്രത്തിന്റെ മേല്‍നോട്ട ചുമതല.

എത്തിച്ചേരാന്‍

അഹമ്മാദാബാദില്‍ നിന്ന് റോഡുമാര്‍ഗ്ഗം 102 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ടാക്സികളും ബസുകളും സുലഭമാണ്. റയില്‍ മാര്‍ഗ്ഗവും മൊധേരയിലെത്താം. അഹമ്മദാബാദ് ആണ് ഏറ്റവും അടുത്ത റയില്‍‌വെ സ്റ്റേഷന്‍. ഏറ്റവും അടുത്ത വിമാനത്താവളവും അഹമ്മദാബാദ് തന്നെ.

Share this Story:

Follow Webdunia malayalam