യാത്രക്കിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫോണിൽ സംസാരിച്ചതിന് യാത്രക്കാരനെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിയ്ക്കാൻ ശ്രമിച്ച് ഊബർ ഡ്രൈവർ. ബുധനാഴ്ച രാത്രി മുംബൈയിലാണ് സംഭവം ഉണ്ടായത്. ആക്ടിവിസ്റ്റും കവിയുമായ ബപ്പാദിത്യ സർക്കാറിനെ അറസ്റ്റ് ചെയ്യണമെന്ന് ഊബർ ടാക്സി ഡ്രൈവർ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
ആക്ടിവിസ്റ്റായ കവിത കൃഷ്ണനാണ് വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. രാത്രി പത്തരയോടെ ജുഹുവിൽനിന്നും കുർലയിലേയ്ക്കാണ് ബപ്പാദിത്യ ഊബർ ടാക്സി പിടിച്ചത്. യാത്രക്കിടെ ഷഹീൻ ബാഗിൽ നടക്കുന്ന പ്രതിഷേധത്തെ കുറിച്ച് ബപ്പാദിത്യ സുഹൃത്തിനോട് ഫോണിൽ സംസാരിച്ചിരുന്നു. ഇത് കേട്ടതോടെ എടിഎമ്മിൽനിന്നും പണം പിൻവലിക്കണം എന്ന് പറഞ്ഞ് ഡ്രൈവർ കാർ നിർത്തി പുറത്തിറങ്ങി.
ഡ്രൈവർ പിന്നീട് മടങ്ങിയെത്തിയത് രണ്ട് പൊലീസുകാരോടൊപ്പമായിരുന്നു. യാത്രക്കരൻ സിഎഎയ്ക്കെതിരെ സംസാരിച്ചത് താൻ റെക്കോർഡ് ചെയ്തിട്ടുണ്ട് അതിനാൽ യാത്രക്കാരനെ അറസ്റ്റ് ചെയ്യണമെന്ന് ഡ്രൈവർ പൊലീസിനോട് ആവശ്യപ്പെട്ടു. പൊലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു.