പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടപ്പാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്‍റ് സെര്‍ച്ച് ആന്‍റ് ഡവലപ്മെന്‍റ് സ്ക്കീം പ്രകാരം 2008-09 അദ്ധ്യയന വര്‍ഷത്തേക്ക് അഞ്ചാം ക്ലാസില്‍ പ്രവേശനം ലഭിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി നാലാം ക്ലാസ്സില്‍ പഠിക്കുന്നവര്‍ക്കായി ഫെബ്രുവരി 23ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വിവിധ ജില്ലകളില്‍ മത്സരപരീക്ഷ നടത്തും.
കേരളത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരും വാര്‍ഷിക കുടുംബവരുമാനം 50000 രൂപയില്‍ കവിയാത്തവരുമാകണം. പേര്, രക്ഷിതാവിന്‍റെ പേര്, വിലാസം, സമുദായം, വാര്‍ഷിക വരുമാനം, വയസ്സ്, പഠിക്കുന്ന സ്ക്കൂളിന്‍റെ പേരും ക്ലാസ്സും എന്നീ വിവരങ്ങളുള്ള അപേക്ഷ സ്ക്കൂള്‍ മേധാവിയുടെ മേലൊപ്പ് സഹിതം പഠിക്കുന്ന ജില്ലയിലെ ഐ.റ്റി.ഡി.പി./ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസില്‍ ജനുവരി 28നകം നല്‍കണം.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനുമുള്ള ധനസഹായം നല്‍കും. പുറമേ പത്താം ക്ലാസ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്‍റും ലഭിക്കും. മത്സര പരീക്ഷയില്‍ കുറഞ്ഞത് 40 ശതമാനം മാര്‍ക്കെങ്കിലും നേടുന്നവരെ മാത്രമെ സ്ക്കീമിന്‍റെ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കുകയുള്ളൂ.
ആനുകൂല്യം ആറ് മുതല്‍ 10 വരെ ക്ലാസുകളില്‍ തുടര്‍ന്നു ലഭിക്കുന്നതിന് വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങണം. ജില്ലകളിലെ ഐ.റ്റി.ഡി.പി / ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫീസ് /ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും അധിക വിവരം ലഭിക്കും.