Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹോളിവുഡും കടന്ന മലയാളപ്പെരുമ

ഹോളിവുഡും കടന്ന മലയാളപ്പെരുമ
, വെള്ളി, 25 ഡിസം‌ബര്‍ 2009 (12:53 IST)
PRO
റസൂല്‍ പൂക്കുട്ടിയിലൂടെ മലയാളപ്പെരുമ ഹോളിവുഡിലും എത്തിയ വര്‍ഷമാണ് വിടപറയുന്നത്. ഒപ്പം മലയാളത്തിന്‍റെ പൂരപ്പെരുമ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയതും മലയാളിയുടെ സ്വകാര്യ അഹങ്കാരമാണ്. 2009 ന്‍റെ പ്രധാന പുരസ്കാരങ്ങളിലൂടെ ഒരു എത്തിനോട്ടം.

കേരളത്തിന് ഓസ്കര്‍
കൊല്ലം അഞ്ചല്‍ സ്വദേശിയായ റസുല്‍ പൂക്കുട്ടിക്ക് “സ്ലംഡോഗ് മില്യണയറി”ലെ ശബ്ദമിശ്രണത്തിനാണ് ഓസ്കര്‍ പുരസ്കാരം. ബോളിവുഡില്‍ വളരെ കുറച്ചു സിനിമകളിലൂടെ തന്നെ തന്‍റെ പ്രാഗത്ഭ്യം തെളിയിച്ച റസുല്‍ പൂക്കുട്ടി സ്ലംഡോഗ് മില്യണയറിലൂടെ ലോകസിനിമയുടെ ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു.

പൂരപ്പന്തല്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍
തൃശൂര്‍ പൂരത്തിനു തിരുവമ്പാടി വിഭാഗം നടുവിലാലില്‍ തീര്‍ത്ത അലങ്കാരപന്തല്‍ ലിംക ബുക്ക്‌ ഓഫ്‌ റെക്കോര്‍ഡ്സില്‍ ഇടം നേടി. 2010ല്‍ പുറത്തിറങ്ങുന്ന ലിംക ബുക്കില്‍ ഹ്യൂമന്‍ സ്റ്റോറി വിഭാഗത്തിലായിരിക്കും പന്തലിന്‍റെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കുക. 10 ലക്ഷം രൂപ ചെലവിട്ടു നിര്‍മിച്ച പന്തലില്‍ പൂര്‍ണമായും എല്‍ഇഡി ബള്‍ബുകളായിരുന്നു ഉപയോഗിച്ചിരുന്നത്‌.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍
കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കോട്ടയ്‌ക്കല്‍ ശിവരാമന് കഥകളിക്കും കടയ്‌ക്കോട്‌ വിശ്വംഭരന് കഥാപ്രസംഗത്തിനും എം കെ അര്‍ജ്ജുനന് സംഗീതത്തിനും അക്കാദമി ഫെലോഷിപ്പുകള്‍ ലഭിച്ചു.

കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍
കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കേരള കലാരംഗത്തുനിന്നുള്ള മൂന്ന് പേര്‍ക്ക് പുരസ്കാരം. ബി ശശികുമാര്‍ (വയലിന്‍) കലാമണ്ഡലം കുട്ടന്‍ (കഥകളി) കലാമണ്ഡലം ലീലാമ്മ (മോഹിനിയാട്ടം) എന്നിവരെയാണ് സംഗീത നാടക അക്കാദമി അവാര്‍ഡ് നല്‍‌കി ആദരിച്ചത്.

ജി മാധവന്‍ നായര്‍ക്ക് പത്മ വിഭൂഷണ്‍
ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ എസ് ആര്‍ ഒയുടെ ചെയര്‍മാനും ബഹിരാകാശ ഗവേഷണ വകുപ്പ് സെക്രട്ടറിയുമായ ജി മാധവന്‍ നായര്‍ പത്മ വിഭൂഷണ്‍ അവാര്‍ഡിന് അര്‍ഹനായി. ഭാരതത്തിലെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മ വിഭൂഷണ്‍.

മുട്ടത്തു വര്‍ക്കി പുരസ്ക്കാരം എന്‍ എസ് മാധവന്
ഈ വര്‍ഷത്തെ മുട്ടത്തു വര്‍ക്കി സ്മാരക പുരസ്കാരത്തിന് സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ അര്‍ഹനായി. 33,333 രുപയാണ് പുരസ്ക്കാരം. മാധവന്‍റെ ‘ഹിഗ്വിറ്റ’ എന്ന കഥാസമാഹാരത്തിനാണ് പുരസ്ക്കാരം.

പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം
കേരള സംഗീത നാടക അക്കാദമിയുടെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം പ്രഖ്യാപിച്ചു. ആയാംകുടി കുട്ടപ്പമാരാര്‍ക്കും കരിമ്പുഴ ഗോപി പൊതുവാളിനുമാണ് പുരസ്കാരം.

ജെ സി ഡാനിയേല്‍ പുരസ്കാരം പിക്‌ചേഴ്‌സ് രവിക്ക്
സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ജെ സി ഡാനിയേല്‍ പുരസ്കാരം ജനറല്‍ പിക്ചേഴ്സ് രവി എന്ന കെ രവീന്ദ്രന്‍ നായര്‍ക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ്‌ പുരസ്കാരം.

കെ ചന്ദ്രശേഖരന്‍ സ്‌മാരക പുരസ്‌കാരം
ഈ വര്‍ഷത്തെ കെ ചന്ദ്രശേഖരന്‍ സ്‌മാരക പുരസ്‌കാരത്തിനായി മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെ തെരഞ്ഞെടുത്തു.

നെഹ്‌റു ട്രോഫി ചമ്പക്കുളം ചുണ്ടന്
അന്‍പത്തിയേഴാമത്‌ നെഹ്‌റു ട്രോഫി ചമ്പക്കുളം ചുണ്ടന്‍ സ്വന്തമാക്കി. ഫൈനലില്‍ പായിപ്പാട് ചുണ്ടനെ ഒരു തുഴപ്പാടിന് പുറകിലാക്കിയാണ് തുടര്‍ച്ചയായി രണ്ടാം തവണയും ചമ്പക്കുളം നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്. ഇത് എട്ടാം തവണയാണ് ചമ്പക്കുളം നെഹ്റു ട്രോഫി കരസ്ഥമാക്കുന്നത്.

കെ ആര്‍ നാരായണന്‍ പുരസ്കാരം
മുന്‍ രാഷ്‌ട്രപതി കെ ആര്‍ നാരായണന്‍റെ സ്‌മരണാര്‍ത്ഥം കെ ആര്‍ നാരായണന്‍ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കെ ആര്‍ നാരായണന്‍ പുരസ്‌കാരം ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍ക്ക് സമ്മാനിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് എസ് ആര്‍ ബന്നൂര്‍മഠ് ആണ് പുരസ്കാരം സമ്മാനിച്ചത്.

പൂക്കുട്ടിക്കും ലാലിനും ഡി-ലിറ്റ്
നടന്‍ മോഹന്‍ലാലിനും ഓസ്കാര്‍ ജേതാവ് സൗണ്ട്‌ എന്‍ജിനീയര്‍ റസൂല്‍ പൂക്കുട്ടിക്കും ഡി-ലിറ്റ്. കാലടി സംസ്കൃത സര്‍വകലാശാലയാണ് ഇരുവര്‍ക്കും ഡി-ലിറ്റ് സമ്മാനിക്കാന്‍ തീരുമാനിച്ചത്.

സ്വദേശാഭിമാനി പുരസ്കാരം
ഈ വര്‍ഷത്തെ സ്വദേശാഭിമാനി പുരസ്കാരത്തിന് കേരള കൗമുദി പത്രാധിപര്‍ എം എസ് മണി അര്‍ഹനായി. മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള അവാര്‍ഡ്‌ മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി ആര്‍ ദേവദാസിന്‌ ലഭിച്ചു.

വയലാര്‍ അവര്‍ഡ് തോമസ് മാത്യുവിന്
ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് എം തോമസ് മാത്യുവിന്. ‘മാരാര്‍: ലാവണ്യാനുഭവത്തിന്‍റെ യുക്തിശില്പം’ എന്ന കൃതിയാണ് തോമസ് മാത്യുവിനെ അവാര്‍ഡിനര്‍ഹനാക്കിയത്. കുട്ടിക്കൃഷ്‌ണ മാരാരെക്കുറിച്ചുള്ള പഠനമാണ് പുസ്‌തകം.

നരേന്ദ്രപ്രസാദ് ഫൌണ്ടേഷന്‍ പുരസ്കാരം
ചലച്ചിത്ര-നാടക രംഗങ്ങളിലെ സമഗ്ര സംഭാവനയ്ക്കുള്ള നരേന്ദ്രപ്രസാദ്‌ ഫൗണ്ടേഷന്‍ പുരസ്കാരത്തിന്‌ നടി കെ പി എ സി ലളിത അര്‍ഹയായി. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്.

കേരള കലാമണ്ഡലം അവാര്‍ഡുകള്‍
കേരള കലാമണ്ഡലം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫെല്ലോഷിപ്പിന് കലാമണ്ഡലം നാരായണന്‍ നമ്പീശന്‍ അര്‍ഹനായി‌. കലാരത്നം ബഹുമതി ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ക്ക്‌ ആണ്. മാര്‍ഗി മധു(കൂടിയാട്ടം), കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്‌ (കഥകളിവേഷം), പത്തിയൂര്‍ ശങ്കരന്‍ കുട്ടി(കഥകളി സംഗീതം) എന്നിവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍.

അപ്പുമാരാര്‍ പുരസ്‌കാരം
2009 ലെ അപ്പുമാരാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. പടുവിലായി അച്യുതമാരാര്‍, കൊമ്പത്ത് കുട്ടപ്പണിക്കര്‍ എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്.

പുതുശ്ശേരി രാമചന്ദ്രന് റഷ്യന്‍ അവാര്‍ഡ്
റഷ്യന്‍ കള്‍ച്ചറല്‍ സെന്‍ററും സെര്‍ജി എസിനിന്‍ മ്യൂസിയവും സംയുക്തമായി ഏര്‍പ്പെടുത്തിയ എസിനിന്‍ പുരസ്കാരത്തിന് പ്രശസ്ത കവി ഡോ പുതുശ്ശേരി രാമചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. റഷ്യന്‍ കവിതയ്ക്കും സംസ്കാരത്തിനും ദക്ഷിണേന്ത്യയില്‍ പ്രചാരം നല്‍കുന്ന കവികള്‍ക്കാണ് പ്രശസ്ത റഷ്യന്‍ കവി സെര്‍ജി എസിനിന്‍റെ പേരിലുള്ള പുരസ്കാരം നല്‍കുന്നത്.

Share this Story:

Follow Webdunia malayalam