ക്രാഷ് ടെസ്റ്റില്‍ തവിടുപൊടിയായി ഇന്ത്യന്‍ നിരത്തുകളിലെ വമ്പന്മാര്‍ !
ക്രാഷ് ടെസ്റ്റില്‍ പരാജയപ്പെട്ട് ഇന്ത്യയിലെ അഞ്ച് പ്രമുഖ കാറുകള്‍
കാറുകളിലെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി നടത്തിയ ക്രാഷ് ടെസ്റ്റില്‍ അഞ്ച് ഇന്ത്യന്‍ കാറുകളാണ് പരാജയം നേരിട്ടത്. മഹീന്ദ്രാ സ്‌കോര്‍പിയോ, റിനോള്‍ട്ട് ക്വിഡ്, മാരുതി സുസുക്കി സെലേറിയോ, ഹ്യുണ്ടായ് ഇയോണ്‍, മാരുതി സുസുക്കി ഈക്കോ എന്നീ കാറുകളാണ് ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം നടത്തിയ ടെസ്റ്റില്‍ തവിടുപൊടിയായത്.
ക്രാഷ് ടെസ്റ്റില്‍ പങ്കെടുത്ത കാറുകളില്‍ ഫ്രണ്ട് എയര്‍ ബാഗ് ഉള്‍പ്പെടെ ഒരു കാര്‍ പാലിക്കേണ്ട മിനിമം സുരക്ഷാ സംവിധാനങ്ങള്‍ പോലും പരാജയപ്പെടുകയായിരുന്നു. കാറില്‍ സഞ്ചരിക്കുന്നവര്‍ക്ക് പരുക്കേല്‍ക്കുന്ന വിധത്തിലാണ് കാറിന്റെ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നത്. 64 കിലോമീറ്റര്‍ വേഗത്തില്‍ല്‍ ഓടിച്ചു നോക്കിയാണ് ക്രാഷ് ടെസ്റ്റ് നടത്തിയത്. എന്നാല്‍ വെറും രണ്ട് സ്റ്റാറുകള്‍ മാത്രമാണ് നാല് കാറുകള്‍ക്ക് ടെസ്റ്റില്‍ ലഭിച്ചത്.
അതേസമയം പൂര്‍ണ്ണപരാജയമായിരുന്ന മാരുതി സുസുക്കി സെലേറിയോയ്ക്ക് ഒരു സ്റ്റാര്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. എയര്‍ബാഗുകള്‍, എ ബി എസ് എന്നിങ്ങനെയുള്ള അടിസ്ഥാന സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ കാറുകളിലും ഉണ്ടായിരിക്കണം. എന്നാല്‍ മിക്ക എന്‍ട്രി ലെവല്‍ കാറുകള്‍ക്കും വളരെ നിലവാരം കുറഞ്ഞ ഫ്രെയിമുകളാണ് ഘടിപ്പിച്ചിരിക്കുന്നതെന്നും ടെസ്റ്റില്‍ കണ്ടെത്തി.