Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജിഷ വധക്കേസ്: കണ്ടതും കേട്ടതുമാണോ സത്യം ?

ജിഷയുടെ കൊലപാതകം ആസൂത്രിതമോ?

ജിഷ വധക്കേസ്: കണ്ടതും കേട്ടതുമാണോ സത്യം ?
പെരുമ്പാവൂര്‍ , വ്യാഴം, 15 ഡിസം‌ബര്‍ 2016 (14:35 IST)
മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ചാണ് പെരുമ്പാവൂരില്‍ 29 വയസ്സുള്ള ജിഷ എന്ന നിയമവിദ്യാര്‍ഥി ക്രൂരമായി കൊലചെയ്യപ്പെടുന്നത്. 2016 ഏപ്രിൽ 28ന് രാത്രി 8.30 ഓടെയാണ് മരിച്ച നിലയിൽ ജിഷയെ, അമ്മ രാജേശ്വരി കണ്ടെത്തിയത്. കൊലപാതകം നടന്ന ആദ്യനാളുകളില്‍ പൊലീസിന്റെ അനാസ്ഥ മൂലവും മാധ്യമശ്രദ്ധ പതിയാത്തതിനാലും ഇത് അധികമാരുടേയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കൊലപാതകം നടന്ന് അമ്പതാം ദിവസത്തിലാണ് പ്രതിയെ പിടികൂടിയ വാര്‍ത്ത കേള്‍ക്കാന്‍ കഴിഞ്ഞത്. 
 
ആദ്യഘട്ടത്തില്‍ തന്നെ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതിന്റെ ഭാഗമായി ജിഷയുടെ വീടിനടുത്ത് താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ പൊലിസ് ചോദ്യം ചെയ്തു. പുറത്തുവന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ജിഷ, ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടായിരുന്നതായും തെളിഞ്ഞു. കൊലപാതകിയെ പിടികൂടണമെന്നാവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അന്വേഷണചുമതല കൊച്ചി റേഞ്ച് ഐ.ജി മഹിപാല്‍ യാദവിന് നല്‍കി.
 
ജിഷയുടെ വീടിന്റെ പരിസരവും പുതിയ വീടു പണിയുന്ന സ്ഥലവുമെല്ലാം പൊലിസ് പരിശോധിച്ചു. തുടര്‍ന്നാണ് കനാല്‍ പരിസരത്തുനിന്ന് ഒരു ജോഡി ചെരുപ്പ് കണ്ടെത്തിയത്. ഈ ചെരുപ്പാണ് കേസ് അന്വേഷണത്തില്‍ വളരെ നിര്‍ണായകമായത്. അതിനിടയില്‍ പ്രതികളെന്ന പേരില്‍ രണ്ടു പേരെ മുഖംമറച്ച് പൊലിസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവന്നത് വിവാദമായി. ഇത് രണ്ട് പൊലിസ് ഉദ്യോഗസ്ഥരാണെന്നും ആരോപണവുമുയര്‍ന്നു. പ്രതിയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണസംഘം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തു.
 
ഡി ജി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അയൽവാസികളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൊലപാതകം നടന്നു എന്നു പറയപ്പെടുന്ന സമയത്ത് ജിഷയുടെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ഒരാളുടെ രേഖാചിത്രവും പൊലീസ് പുറത്തുവിട്ടിരുന്നു. ഈ രേഖാചിത്രത്തിന് ജിഷയുടെ സഹോദരി ദീപയുടെ സുഹൃത്തായിരുന്ന അന്യസംസ്ഥാന തൊഴിലാളിയുമായി സാമ്യമുണ്ടെന്നും പൊലീസ് പറയുന്നു.
 
ജിഷയ്ക്ക് പരിചയമുള്ള ഒരാളായിരിക്കാം കൊലപാതകി എന്ന് പൊലീസ് നേരത്തേ സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ആസാം സ്വദേശിയും, പെരുമ്പാവൂരിലെ ഒരു കമ്പനിയിൽ ജോലിക്കാരനുമായിരുന്ന അമീറുല്‍ ഇസ്ലാം എന്നയാളെ അറസ്റ്റു ചെയ്തത്. തമിഴ്നാട്ടിലെ ഒരു കൊറിയൻ കമ്പനിയിൽ ജോലി ചെയ്തു വരുകയായിരുന്ന ഇയാളെ അവിടെ നിന്നുമാണ് പൊലീസ് പിടികൂടിയത്. പിന്നീട് ആലുവയിലെത്തിച്ചായിരുന്നു ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
 
ജിഷ കൊലക്കേസില്‍ അമിറുള്‍ ഇസ്ലാമിനെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ സുഹൃത്ത് അനാറുള്‍ ഇസ്ലാമിനെതിരെ പ്രതിതന്നെ ആരോപണമുന്നയിച്ചിരുന്നു. എന്നാല്‍ അയാളെ ഇതുവരെ കണ്ടെത്താന്‍ പോലും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല കൊല നടന്ന ജിഷയുടെ വീട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയ മൂന്നാമതൊരാളുടെ വിരലടയാളം ആരുടേതാണെന്നും സ്ഥിരീകരിച്ചിട്ടില്ല. തുടര്‍ന്ന് അമീറുല്‍ യഥാര്‍ത്ഥ കൊലയാളിയല്ലെന്നും അന്വേഷണം സി ബി ഐയ്ക്ക് വിടണമെന്നും ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു രംഗത്തെത്തിയത്. 
 
ജിഷയോട് പ്രതിക്ക് കൊലപ്പെടുത്താന്‍ തോന്നിയതായി പൊലീസ് പറയുന്ന കഥ തികച്ചും യുക്തിരഹിതമാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രതിയെക്കുറിച്ച് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ എല്ലാ നിലപാടുകളും മാറ്റിയാണ് ജിഷയുടെ അമ്മ രാജേശ്വരിയും രംഗത്ത് വന്നിരുന്നത്. ഒടുവിലായി കേസില്‍ നിലവിലെ അന്വേഷണം തൃപ്തികരമാണെന്നും അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ജിഷയുടെ അമ്മയുടെ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിയോജിപ്പിന്റെ വ്യത്യസ്തകളുമായി ബിനാലെയില്‍ ബി എം ആനന്ദിന്റെ ചിത്രപ്രദര്‍ശനം തുടങ്ങി