Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരവൂര്‍ പുറ്റിങ്ങല്‍ ഭഗവതി ക്ഷേത്രത്തെ ദുരന്തഭൂമിയാക്കിയ മത്സരക്കമ്പം

കൊല്ലം ജില്ലയെ ദുരന്തഭൂമിയാക്കി മാറ്റിയ പരവൂര്‍ വെടിക്കെട്ട് ദുരന്തം

പരവൂര്‍ പുറ്റിങ്ങല്‍ ഭഗവതി ക്ഷേത്രത്തെ ദുരന്തഭൂമിയാക്കിയ മത്സരക്കമ്പം
പരവൂര്‍ , വ്യാഴം, 15 ഡിസം‌ബര്‍ 2016 (15:12 IST)
2016 ഏപ്രിൽ 10നാണ് കേരളത്തിലെ കൊല്ലം ജില്ലയിലെ പരവൂരിനെ ദുരന്ത ഭൂമിയാക്കി മാറ്റിയ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടം നടന്നത്. പുലർച്ചെ 3.30 ഓടെ പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പപ്പുരയിൽ തീപിടിച്ചുണ്ടായ അപകടത്തില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 114 പേർ കൊല്ലപ്പെടുകയും 300ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 
 
രണ്ട് പ്രാദേശിക വെടിക്കെട്ട് സംഘങ്ങൾ തമ്മിൽ നടത്തിയ കമ്പക്കെട്ട് മത്സരമാണ് ഇത്തരമൊരു ദുരന്തത്തിനു കാരണമായത്. ജില്ലാഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച ക്ഷേത്രം അധികൃതര്‍ കമ്പക്കെട്ട് ആചാരപ്രകാരമുള്ളതാണെന്ന് വ്യക്തമാക്കുകയും തുടര്‍ന്ന് വെടിക്കെട്ട് നടത്താൻ തീരുമാനിക്കുകയുമായിരുന്നു. അതാണ് ഇത്തരമൊരു വന്‍ ദുരന്തത്തിൽ കലാശിച്ചത്.
 
വർക്കല കൃഷ്ണൻകുട്ടി, കഴക്കൂട്ടം സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളാണ് കമ്പക്കെട്ട് നടത്തിയത്. മുകളിലേക്കു പൊങ്ങി പൊട്ടിയ ഒരു അമിട്ടിലെ കത്തിക്കഴിയാത്ത ഒരു ഗുളിക കമ്പപ്പുരയിൽ വീണതാണ് അപകടത്തിനു കാരണമായത്. അപകടത്തില്‍ ദേവസ്വം ബോർഡ് കെട്ടിടം പൂർണമായും തകരുകയും നൂറിലേറെ വീടുകൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
 
സ്ഫോടനത്തോടും അഗ്നിനാളത്തോടുമൊപ്പം കോൺക്രീറ്റ് പാളികൾ ആൾക്കൂട്ടത്തിനിടയിലേക്ക് ചിതറിത്തെറിച്ചാണ് മരണം കൂടുതലും സംഭവിച്ചത്. പല മൃതദേഹങ്ങളും തിരിച്ചറിയാന്‍ കഴിയാത്ത വിധം വികൃതമായിരുന്നു. കളക്ടർ അനുമതി നിഷേധിച്ചിട്ടും പൊലീസിന്റെ മൗനാനുവാദത്തോടെയാണ് വെടിക്കെട്ടു നടന്നതെന്ന കൊല്ലം ജില്ലാ കളക്ടർ ഷൈനാമോളുടെ പ്രസ്താവനയും വന്‍ വിവാദമായി.
 
അതേസമയം, പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കമ്പക്കെട്ട് നടത്തുന്നതിന് ഭാരവാഹികള്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ അപൂര്‍ണമായിരുന്നെന്നും അതിനാല്‍ കളക്ടര്‍ എ ഷൈനമോള്‍ ആ അപേക്ഷ നിരസിക്കേണ്ടതായിരുന്നുവെന്നും കേന്ദ്ര അന്വേഷണസംഘം വ്യക്തമാക്കി. തുടര്‍ന്ന് കളക്ടര്‍ക്കെതിരെ സ്ഥലം മാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയുണ്ടായിട്ടില്ല; രാജിവെക്കാന്‍ തോന്നുന്നുവെന്ന് അദ്വാനി