Select Your Language

Notifications

webdunia
webdunia
webdunia
webdunia

2015നെ പിടിച്ചുകുലുക്കിയത് മാണിയുടെ രാജി

2015നെ പിടിച്ചുകുലുക്കിയത് മാണിയുടെ രാജി
തിരുവനന്തപുരം , ബുധന്‍, 23 ഡിസം‌ബര്‍ 2015 (19:18 IST)
കേരളരാഷ്ട്രീയത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ സംഭവം കെ എം മാണി ധനമന്ത്രിസ്ഥാനം രാജിവച്ചതുതന്നെയായിരുന്നു. ബാര്‍കോഴ കേസില്‍ ആരോപണവിധേയനായ മാണി കോടതി പരാമര്‍ശങ്ങളെ തുടര്‍ന്നാണ് രാജിവച്ചത്. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ കൂടിനിന്ന മാധ്യമപ്രവര്‍ത്തകരെ നേരിട്ട് കണ്ടാണ് മാണി രാജിക്കാര്യം അറിയിച്ചത്. രാജിക്കത്ത് മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൌസിലേക്ക് കൊടുത്തു വിട്ടതായും അദ്ദേഹം അറിയിച്ചു.
 
സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം ജോസഫും മാണിയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ജോസഫ് രാജി വെയ്ക്കണമെന്ന കാര്യത്തില്‍ മാണി ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍, രാജി വെയ്ക്കാന്‍ തയ്യാറല്ലെന്ന് ജോസഫ് നിലപാട് വ്യക്തമാക്കിയതോടെ ഒറ്റയ്ക്ക് രാജി വെയ്ക്കാന്‍ മാണിക്കു മേല്‍ സമ്മര്‍ദ്ദം ശക്തമാകുകയായിരുന്നു.
 
പിജെ ജോസഫിനെയും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനെയും രാജിവെപ്പിച്ച് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു മാണിയുടെ തന്ത്രം. എന്നാല്‍ മാണിയുടെ ആവശ്യം ജോസഫ് തള്ളി. ഇതിനിടെ മന്ത്രി കെ സി ജോസഫ്, പി ജെ ജോസഫിനെ കാണാന്‍ എത്തുകയും രാജി വെക്കരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മാണിയും മാണിക്കൊപ്പമുള്ള എം എല്‍ എമാരും പോയാലും സര്‍ക്കാരിന് ഭീഷണിയാകാതിരിക്കാന്‍ പി ജെ ജോസഫിനെ ഒപ്പം നിര്‍ത്താനുള്ള തന്ത്രമാണ് അനിവാര്യമായ സമയത്ത് കോണ്‍ഗ്രസ് നേതൃത്വം നടത്തിയത്. ജോസഫ് വിഭാഗത്തിന് കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ വാഗ്‌ദാനം ചെയ്യുകയും ചെയ്തു.
 
തുടര്‍ന്ന്, ജോസഫ് വിഭാഗത്തിന്റെ തീരുമാനം മാണിയെ അറിയിക്കാന്‍ മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാവും എം എല്‍ എയുമായ ആന്റണി രാജു തീരുമാനം അറിയിക്കാന്‍ മാണിയുടെ വസതിയിലേക്ക് എത്തി. മാണിയുടെ വസതിയില്‍ നിന്ന് മടങ്ങവേ ‘തീരുമാനം ഉടന്‍’ എന്ന് മാത്രമായിരുന്നു മാധ്യമങ്ങളോട് പറഞ്ഞത്.
 
ജോയ് എബ്രഹാം, ജോസ് കെ മാണി, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ രാജി തീരുമാനം എടുക്കുന്ന സമയത്ത് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam