Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആര്‍എസ്എസില്‍ നിന്ന് നേരെ ബിജെപി തലപ്പത്തേക്ക്, ഇത് കുമ്മനത്തിന്‍റെയും വര്‍ഷം

ആര്‍എസ്എസില്‍ നിന്ന് നേരെ ബിജെപി തലപ്പത്തേക്ക്, ഇത് കുമ്മനത്തിന്‍റെയും വര്‍ഷം
, ബുധന്‍, 23 ഡിസം‌ബര്‍ 2015 (21:09 IST)
ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചത് 2015ലെ പ്രധാന സംഭവങ്ങളില്‍ ഒന്നാണ്. ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് കുമ്മനം രാജശേഖരന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വി മുരളീധരന്‍ ആണ് തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍.
 
ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് കുമ്മനത്തെ സംസ്ഥാന പ്രസിഡന്റാക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ വിഷയത്തില്‍ അന്തിമ തീരുമാനമാകാതിരുന്നതിനെ തുടര്‍ന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പരിഗണനയ്ക്കു വിട്ട് യോഗം പിരിയുകയായിരുന്നു.
 
കൂടിയാലോചനകള്‍ക്ക് ശേഷമാണ് കുമ്മനം തന്നെ മതിയെന്ന് അമിത് ഷാ അന്തിമ പ്രഖ്യാപനം നടത്തിയത്. നേരത്തെ, കേരളത്തിലെ ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നതിനായി പാര്‍ട്ടി കേന്ദ്ര–സംസ്ഥാന നേതൃയോഗം ചേര്‍ന്നിരുന്നെങ്കിലും സമവായത്തിലെത്താനായില്ല. ഇതിനെ തുടര്‍ന്ന് തീരുമാനം കേന്ദ്രനേതൃത്വത്തിനു വിടുകയായിരുന്നു. 
 
ബി ജെ പി സംസ്ഥാന അധ്യക്ഷപദവി അഭിമാനപൂര്‍വം, ധീരതയോടെ ഏറ്റെടുക്കുന്നു എന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു‍. കേരളത്തില്‍ പുതിയ അധ്യക്ഷന് ലഭിച്ച സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം. 
 
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഇരുമുന്നണികളും പരാജയപ്പെട്ടതായി കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സമൂലമായ പരിവര്‍ത്തനത്തിന് ഒരു മൂന്നാം ശക്തിക്ക് മാത്രമേ സാധിക്കൂ. അതിന് കഠിനാധ്വാനം ആവശ്യമാണ്. ഹൈന്ദവസമൂഹത്തിന്‍റെ വിമോചനം ലക്‍ഷ്യമാണ് - കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam