ചൂരല്‍ ഉരുളിച്ച ആത്മപീഡനാപരമായ ക്ഷേത്രാചാരമാണ്. നരബലിയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. ഭദ്രകാളിയുടെ കോപം അടക്കാനാണ് ഈ ആചാരമെന്നാണ് വിശ്വാസം.
മധ്യതിരുവിതാം കൂറിലെ പ്രശസ്തമായ ഭദ്രകാളീ ക്ഷേത്രങ്ങളിലൊന്നാണ് പത്തനംതിട്ട ജില്ലയിലെ കൂരമ്പാല പുത്തന്‍കാവ് ക്ഷേത്രം. എം.സി. റോഡില്‍ അടൂരിനും പന്തളത്തിനും ഇടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ആറടിയോളം ഉയരമുള്ളതാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഇതിനു പുറമേ യക്ഷി, മറുത തുടങ്ങിയ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന അടവി എന്ന ചടങ്ങാണ് ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രശസ്തമാക്കുന്നത്. പടയണിയോട് ബന്ധപ്പെട്ട ഈ ചടങ്ങ് ഒരു മഹോത്സവത്തിന്റെ പ്രാധാന്യത്തോടെയാണ് ഇവിടെ ആഘോഷിക്കുന്നത്.
കൂരമ്പാല പുത്തന്‍കാവ് ക്ഷേത്രത്തിലെ അടവിയോട് അനുബന്ധിച്ച് ചൂരല്‍ ഉരിളിച്ച എന്നൊരു ചടങ്ങ് നടത്തുന്നുണ്ട്. കാര്യസാധ്യത്തിനായുള്ള വഴിപാടായി സങ്കല്‍പിച്ചാണ് ഇത് നടത്തുന്നത്. പുരുഷന്‍ മാത്രമാണ് ഇതില്‍ പങ്കെടുക്കുക.
മകരഭരണി എഴുന്നെള്ളിപ്പിന് ശേഷം നടക്കുന്ന ചുട്ടുവയ്‌പിന് ശേഷം കാവിനകത്ത് വീക്കു ചെണ്ട കൊട്ടി പിശാചുക്കളെ കൂകി വിളിക്കുന്നു. ഇതിനു ശേഷമുള്ള ഒന്‍പതു ദിവസം പടയണി നടത്തുന്നു. പത്താം ദിവസമാണ് ചൂരല്‍ ഉരുളിച്ച.
ഇതിനായി 41 ദിവസം വ്രതം നോറ്റ ഭക്തന്മാര്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ചെന്ന് ഭസ്മം വാങ്ങി അടുത്തുള്ള ചൂരല്‍ക്കാടുകളിലേക്ക് ഓടി ആയുധങ്ങളുടെ സഹായമില്ലാതെ ചൂരല്‍വള്ളി പിഴുതെടുക്കുന്നു.
ഇതുമായി ക്ഷേത്രത്തില്‍ തിരിച്ചെത്തുന്ന ഭക്തര്‍ പ്രദക്ഷിണം വച്ചതിന് ശേഷം ചൂരര്‍ ദേഹത്ത് ചേര്‍ത്ത് കെട്ടി താഴെവീണ് വടക്കോട്ടുരുളുന്നു. ഇങ്ങനെ ഉരുളുമ്പോള്‍ ചൂരലിന്‍റെ മുള്ളുകള്‍ ദേഹത്ത് തുളച്ചു കയറി രക്തം ചീറ്റും.