ശ്രീമഹാവിഷ്ണുവിന്‍റെ ത്രേതായുഗത്തിലെ പൂര്‍ണ്ണാവതാരമാണ് ശ്രീരാമന്‍. ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തില്‍ നവമിയും പുണര്‍തം നക്ഷത്രവും ചേര്‍ന്ന ദിവസം തിങ്കളാഴ്ച മധ്യാഹ്ന സമയത്ത് ഗ്രഹങ്ങള്‍ ഉച്ചത്തില്‍ നില്‍ക്കുമ്പോള്‍ കര്‍ക്കടക ലഗ്നത്തില്‍ കൌസല്യാതനയനായി, ദശരഥ നന്ദനനായി, അയോദ്ധ്യയ്ക്ക് പൊന്‍ദീപമായി ഭഗവാന്‍ ശ്രീരാമന്‍ അവതരിച്ചു. ഭഗവാന്‍റെ ജനനത്താല്‍ പവിത്രമായ ഈ ദിവസം ശ്രീരാമനവമിയായി അറിയപ്പെടുന്നു. ആര്‍ഷഭാരതത്തിന്‍റെ ആദര്‍ശപുരുഷനായി ഭഗവാന്‍ ശ്രീരാമന്‍ അറിയപ്പെടുന്നു. ധര്‍മ്മിഷ്ഠനായ ചക്രവര്‍ത്തി എന്ന നിലയില്‍ ഇന്നും ശ്രീരാമനും രാമരാജ്യവും രാമനീതിയും പ്രാധാന്യമര്‍ഹിക്കുന്നു.
രഘുവംശ രാജാവായ ദശരഥന്‍റെ മകനായി അയോദ്ധ്യക്ക് ഐശ്വര്യമയി ശ്രീരാമചന്ദ്രനായി മഹാവിഷ്ണു അവതാരമെടുക്കുന്നു. രാമനെന്നാല്‍ രമിപ്പിക്കുന്നവന്‍ എന്നാണ്. മനസിനെ കടിഞ്ഞാണില്ലാത്ത അശ്വത്തെ പോലെ പായാന്‍ അനുവദിക്കാതെ ആനന്ദത്തില്‍ തന്നെ നിര്‍ത്തുന്നവനാണ് രാമന്‍. അയോധ്യയെ മുഴുവന്‍ ആനന്ദലഹരിയിലാഴ്ത്താന്‍ ശ്രീരാമചന്ദ്രന് കഴിഞ്ഞു. അയോദ്ധ്യയ്ക്ക് നിറച്ചാര്‍ത്തായി ധര്‍മ്മിഷ്ഠനായ ചക്രവര്‍ത്തിയായി ശ്രീരാമനാമം നിലനില്‍ക്കുന്നു.
രാവണ നിഗ്രഹത്തിനായി അവതാരമെടുത്ത ശ്രീരാമന്‍റെ വിശ്വസ്തനായ ഭക്തനാണ് ഹനുമാന്‍. വിഷമഘട്ടങ്ങളില്‍ രാമന്‍റെ വിശ്വസ്തനായ ഹനുമാനാണ് തുണയ്ക്കെത്തുന്നത്. ത്യാഗവും ധൈര്യവും വിശ്വസ്തതയും സത്യനിഷ്ഠയുമെല്ലാം ഹനുമാന് ആഞ്ജനേയ ഭാവങ്ങള്‍ ആകുന്നു. രാമായണത്തിലെ സുന്ദരകാണ്ഡത്തില്‍ ഹനുമാന്‍റെ പ്രവൃത്തികള്‍ ഒരു ഉത്തമ ദൂതനെയാണ് വെളിപ്പെടുത്തുന്നത്. അവനനവന് വേണ്ടി എന്ന ലക്‍ഷ്യം പൂര്‍ണ്ണമായി വെടിഞ്ഞ് അവനവനിലെ ആനന്ദത്തില്‍ രാമനെ കണ്ടെത്തുന്നു. ശ്രീരാമ ദൂതനായി അദ്ദേഹത്തിന്‍റെ ദാസനായി ജീവിച്ച ഹനുമാന്‍ ചിരഞ്ജീവികളില്‍ അതുല്യമായ സ്ഥാനമാണ് നേടിയിരിക്കുന്നത്. ശ്രീരാമനവമിയും ഹനുമദ് ജയന്തിയും ഒരേ ദിവസത്തിലാണ് അചരിക്കുന്നത്.
ശ്രീരാമനവമി നാളില്‍ ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേല്‍ക്കണം. ശരീരശുദ്ധി വരുത്തി ഗൃഹത്തില്‍ നിലവിളക്ക് കത്തിച്ച് രാമനാമം ജപിക്കണം. ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു രാമനാമമെന്ന് പുരാണങ്ങള്‍ പറയുന്നു. രാമനാമം സദാനേരവും ജപിക്കുന്നത് ഐശ്വര്യത്തിനും സമാധാനത്തിനും ഇടയാക്കും. ഈ കലിയുഗത്തില്‍ രാമനാമം ജപിച്ചാല്‍ എല്ലാ കഷ്ടതകളില്‍ നിന്നും മുക്തി നേടാന്‍ കഴിയും. ഭക്തിയോടും സമര്‍പ്പണത്തോടും വിശ്വാസത്തോടും കൂടി രാമായനം പാരായണം ചെയ്യുന്നത് സര്‍വ ഐശ്വൈര്യങ്ങള്‍ക്കും കാരണമാകും.
ശ്രീരാമനവമി ദിവസം ശ്രീരാമനവമി വ്രതമായും ആചരിക്കുന്നു. അന്നേ ദിവസം ഉപവാസവും ഉറക്കമൊഴിയലും അത്യാവശ്യമാണ്. പകല്‍ ഉറക്കം പാടില്ല. താംബൂലം ഒഴിവാക്കുക, രാവിലെയും വൈകുന്നേരവും ക്ഷേത്രദര്‍ശനവും പൂജകളും നടത്തുകം, ദശമി ദിവസം വെളുപ്പിന് ശരീരശുദ്ധി വരുത്തി ക്ഷേത്രദര്‍ശനം നടത്തി തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കുക. വീട്ടില്‍ തന്നെ പൂജകള്‍ ചെയ്ത് തുളസീ തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാം. ഈ വ്രതാനുഷ്ഠാനത്താല്‍ ഭാരതത്തിലെ സകല പുണ്യസ്ഥലങ്ങളിലും നടത്തുന്ന തീര്‍ത്ഥാടന ഫലം ലഭിക്കുന്നു. കൂടാതെ ജന്മജന്മാന്തരങ്ങളില്‍ നാം ആര്‍ജ്ജിച്ച സകല പാപങ്ങളും നിശ്ശേഷം നീങ്ങുന്നു. ഇതുവഴി വിഷ്ണുപ്രീതിക്ക് പാത്രമാകാന്‍ കഴിയുന്നു.
ആയിരം വിഷ്ണുനാമങ്ങള്‍ക്ക് തുല്യമാണ് ഒരു രാമനാമം എന്നാണ് പുരാണങ്ങള്‍ പറയുന്നത്. ത്രിലോകനാഥന്‍റെ അവതാരമായ വിഷ്ണുവിന്‍റെ അവതാരമാണ് ശ്രീരാമന്‍. എല്ലാത്തിന്‍റെയും ഉറവിടം വിഷ്ണുവിന്‍റെ അവതാരമായ ശ്രീരാമനെ പൂജിക്കുന്നത് ഭഗവാന്‍ വിഷ്ണുവിനെ പൂജിക്കുന്നതിന് തുല്യമാണ്. ആയതിനാല്‍ സര്‍വതും ഭഗവാനില്‍ അര്‍പ്പിച്ച് സത്യധര്‍മ്മാദികള്‍ പാലിച്ച് രാമനാമ ജപത്താല്‍ സര്‍വ ഐശ്വര്യങ്ങള്‍ക്ക് വേണ്ടിയും ശ്രീരാമനവമി ആചരിക്കാം.
Follow Webdunia malayalam