വിവാഹജീവിതം മാസങ്ങളും വര്‍ഷങ്ങളും കഴിയുമ്പോള്‍ മരുഭൂമി പോലെ വറ്റിവരളുമെന്നും പ്രണയം ഇല്ലാതാകുമെന്നുമാണ് പൊതുവില്‍ നിലനില്‍ക്കുന്ന ഒരു വിശ്വാസം. ജീവിതം എന്നും സജീവമായി നില്‍ക്കാന്‍ ചില വഴികള്‍ കണ്ടെത്തേണ്ടതുണ്ട്.
ചില ചെറിയ പൊടിക്കൈകള്‍ക്ക് പങ്കാളിയെ സന്തോഷഭരിതരാക്കാന്‍ കഴിയുമെന്ന് ഓര്‍മ്മിക്കുക. ഒരു പുതിയ മ്യൂസിക് ആല്‍ബത്തിലെ കേട്ടുമറന്ന വരികളേക്കുറിച്ച് അവന്‍ ആവേശം കൊണ്ടാല്‍ അപ്രതീക്ഷിതമായി ആ സിഡി സമ്മാനം നല്‍കാം. സിനിമക്കു പോകാമെന്ന വാഗ്ദാനം പാലിക്കാന്‍ കഴിയാതെ വൈകി വീട്ടിലെത്തുമ്പോള്‍, അവള്‍ക്കു പ്രിയമുള്ള ഒരു ബ്ലാക്ക് ഫോറസ്റ്റ് ഐസ്ക്രീം കൂടെ കരുതാം.
വിവാഹവാര്‍ഷികം, ജന്മദിനം തുടങ്ങിയവ ആഘോഷിക്കാന്‍ പുതിയ ആശയങ്ങള്‍ കണ്ടെത്താം. പ്രത്യേകിച്ചു കാരണമില്ലാതെ ചെറിയ സമ്മാനങ്ങള്‍ നല്‍കാം. സ്നേഹപൂര്‍വ്വമായ ആശ്ലേഷം എന്നും പരസ്പരം സമ്മാനിക്കാം. ഒരു തഴുകല്‍ ഇഷ്ടപ്പെടാത്ത ആരാണുള്ളത്. കാര്‍ഡ്, ഇ-മെയില്‍ സന്ദേശങ്ങള്‍, എസ്‌എംഎസുകള്‍ തുടങ്ങിയവയൊക്കെ കൈമാറുക.
ചെറിയ ചെറിയ ത്യാഗങ്ങള്‍. ഒരാള്‍ ക്ഷീണത്തോടെ ഇരിക്കുമ്പോള്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് വിശ്രമിക്കാന്‍ അവസരം നല്‍കുക. നിങ്ങള്‍ ഒന്നിച്ചുള്ള സന്തോഷഭരിതമായ നിമിഷങ്ങളുടെ ഒരു ചിത്രം തെരഞ്ഞെടുത്ത് ഫ്രേം ചെയ്തു വീട്ടിലെത്തിക്കൂ. ആ ഓര്‍മ്മ ഇരുവര്‍ക്കും സന്തോഷം പകരും. അത്തരമൊരു ചിത്രം കിടപ്പറയിലും സൂക്ഷിക്കുക.
ഇരുവര്‍ക്കും ഇഷ്ടപ്പെട്ട സംഗീതം ഒരുമിച്ച് കേള്‍ക്കുക. ഇടക്ക് പങ്കാളിക്കു വേണ്ടി ഒരു ഗാനം സമര്‍പ്പിക്കുക. അത് നിന്നെ ഓര്‍മ്മിക്കുന്നു എന്നു തുറന്നുപറയുക. മനസ്സിലെ പ്രണയം മരിക്കാതെ സൂക്ഷിക്കുകയാണ് ഏറ്റവും പ്രധാനം. അതു ഓര്‍മ്മയില്‍ വയ്ക്കുക. ബോധപൂര്‍വ്വം പ്രവര്‍ത്തിക്കുക.