അകമഴിഞ്ഞ് ഇരുവരും പ്രണയിച്ചിരുന്ന കാലം വിദൂരത്താണെന്ന് തോന്നലുണ്ടോ? തര്‍ക്കങ്ങളും വഴക്കുകളും നിങ്ങളുടെ ബന്ധത്തെ തകരാറിലാക്കിയിട്ടുണ്ടോ? അങ്ങനെയാണെങ്കില്‍ നിങ്ങളെ രക്ഷിക്കാന്‍ ചിലപ്പോള്‍ ഫെങ് ഷുയിക്കു കഴിഞ്ഞേക്കും.
“വിധി തിരുത്തിയെഴുതാന്‍ കഴിയില്ലെ”ന്ന് ഫെങ് ഷുയി വിദഗ്ധര്‍ പറയുന്നു. ഗ്രഹദോഷങ്ങള്‍ കണ്ടറിയാനും അവയുടെ പ്രത്യാഘാതം കുറയ്ക്കാന്‍ ഫെങ് ഷുയി രീതികള്‍ അവലംബിക്കുന്നതിലൂടെ കഴിയുമത്രേ. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഗ്രഹപ്പിഴകള്‍ ഒഴിവാക്കാന്‍ കഴിയും.
ഒരു ബന്ധം പിരിയാനുള്ളതാണെങ്കില്‍ അതു പിരിയുക തന്നെ ചെയ്യും. വിധി നിയമം അലംഘനീയമാണെങ്കിലും പ്രാര്‍ത്ഥന നമ്മള്‍ ഒഴിവാക്കാറില്ലല്ലോ. അതുപോലെയാണ് ഫെങ്‌ഷുയിയും. പ്രാര്‍ത്ഥന നല്‍കുന്നതു പോലെ ഒരു പോസിറ്റീവ് ഊര്‍ജ്ജം പ്രദാനം ചെയ്യാന്‍ ഫെങ് ഷൂയിക്കു കഴിയുമത്രേ.
അത്തരത്തില്‍ ഒരു പോസിറ്റീവ് ഊര്‍ജ്ജം നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാം. അനാവശ്യമായ കലഹങ്ങളും മത്സരങ്ങളും ഒഴിവാക്കി മനസ്സില്‍ സന്തോഷവും, സമാധാനവും നിറക്കാന്‍ ഫെങ് ഷൂയിക്കു കഴിയും. വ്യക്തികള്‍ക്കിടയില്‍ ആശയവിനിമയം മെച്ചപ്പെടുത്താനും, പങ്കാളികള്‍ക്കിടയില്‍ സ്നേഹവും പ്രണയവും നിറക്കാനും ഈ മാര്‍ഗ്ഗത്തിലൂടെ കഴിയും.
ഫെങ് ഷൂയി രീതികള്‍ ശരിയായ മാര്‍ഗ്ഗത്തില്‍ പിന്തുടര്‍ന്നിട്ടുള്ള ഒരു മുറിയില്‍ സന്തുലിതമായ സ്ഥിതിയില്‍ സ്ത്രീ ഊര്‍ജ്ജവും പുരുഷോര്‍ജ്ജവും ഉണ്ടാകുമത്രേ. പങ്കാളികള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇതിലൂടെ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.