Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൂരിരുട്ടില്‍ നിന്ന് വര്‍ണ്ണങ്ങളുടെ ലോകത്തേക്ക്

കൂരിരുട്ടില്‍ നിന്ന് വര്‍ണ്ണങ്ങളുടെ ലോകത്തേക്ക്
, ഞായര്‍, 21 ജൂണ്‍ 2009 (17:25 IST)
PROPRO
പ്രണയം ആഘോഷമാണ്. സപ്തവര്‍ണ്ണങ്ങളാല്‍ ചാലിച്ചെടുത്ത ആ അനുഭൂതി ജീവിതത്തിലെ വിലങ്ങ് വീണ പാടുകള്‍ക്ക് മീതെയുള്ള സാന്ത്വനത്തിന്‍റെ ശീതളസ്പര്‍ശമാണ്, എലിസബത്തിന്‍റെ കാര്യത്തിലെങ്കിലും. എലിസബത്ത് പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. കൂരിരുട്ട് നിറഞ്ഞ ജീവിതത്തെ ഇനിയെങ്കിലും വര്‍ണ്ണമയമാക്കാന്‍ അവള്‍ ആഗ്രഹിക്കുന്നുണ്ടാവും.

എലിസബത്തിനെ അറിയില്ലെ? തന്‍റെ പിതാവിന്‍റെ ക്രൂരമായ പീഢനങ്ങള്‍ സഹിച്ച് നീണ്ട ഇരുപത്തിനാല് വര്‍ഷക്കാ‍ലം തടവറയില്‍ കഴിഞ്ഞ നിര്‍ഭാഗ്യവതിയായ സ്ത്രീ. അന്നവള്‍ക്ക് വയസ്സ് 18. പിതാവ് ജോസഫ് ഫ്രിറ്റ്സല്‍ അവളെ ജനലുകള്‍ പോലുമില്ലാത്ത ഒരു ഇരുട്ടറയില്‍ അടച്ചിടുന്നു. വിയന്നയില്‍ നിന്നും കുറച്ചകലെ ആംസ്റ്റെട്ടണ്‍ പട്ടണത്തില്‍ തന്‍റെ കുടുംബ വീടിനടുത്ത് ഇയാള്‍ പ്രത്യേകം പണികഴിപ്പിച്ചതാണ് ഈ ഇരുട്ടറ.

24 വര്‍ഷത്തിനിടെ അവളെ അയാള്‍ 3000 തവണയെങ്കിലും പീഡിപ്പിച്ചുകാണും. ആ ഇരുട്ടറയില്‍ അവള്‍ ഏഴ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. അതിലൊന്ന് ജനിച്ച് മൂന്നാം ദിവസം തന്നെ പിതാവിന്‍റെ കൈകൊണ്ട് മരിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അവള്‍ മോചിപ്പിക്കപ്പെടുന്നത്. ആ സമയത്തേക്ക് എലിസബത്തിന്‍റെ മൂത്ത മകള്‍ക്ക് വയസ്സ് 19.

തന്‍റെ മകളെ ഇരുട്ടറയില്‍ താമസിപ്പിക്കുമ്പോഴും ഫ്രിറ്റസല്‍ മറ്റൊരു ഭാര്യയുമായി സുഖമായി കഴിഞ്ഞുവരികയായിരുന്നു. എലിസബത്തിന്‍റെ മൂന്ന് കുഞ്ഞുങ്ങളെ ഇവര്‍ ദത്തെടുത്തതായും പറയപ്പെടുന്നു. മറ്റ് മൂന്ന് പേര്‍ അമ്മയോടൊപ്പം ഇരുട്ട് നിറഞ്ഞ കാരാഗൃഹത്തില്‍ ദുരിത ജീവിതം നയിച്ചു.

ഇരുട്ടറയ്ക്ക് വൈദ്യുതി പൂട്ടാണ് ഫ്രിറ്റ്സല്‍ ഉപയോഗിച്ചിരുന്നത്. ഒരു പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രമേ ഇത് തുറക്കാനാകുമായിരുന്നുള്ളൂ. 2008ലാണ് ദുരന്ത നാടകത്തിന്‍റെ കഥ മാലോകര്‍ അറിയുന്നത്. എലിസബത്തിന്‍റെ 19 വയസുള്ള മൂത്ത പുത്രിക്ക് രോഗം കലശലായപ്പോള്‍ ഫ്രിറ്റ്സല്‍ അവളെ ആശുപത്രിയില്‍ കൊണ്ടുപോയി. ഫ്രിറ്റ്സലിന്‍റെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എലിസബത്തിനെ കണ്ടെത്തുകയും മോചിപ്പിക്കുകയുമായിരുന്നു.

സ്വതന്ത്രയായ എലിസബത്ത് തന്‍റെ പിതാവിനെതിരെ നിയമയുദ്ധം നടത്തുകയും വിജയിക്കുകയും ചെയ്തു. 2008 മാര്‍ച്ചില്‍ ഒരു ഓസ്ട്രിയന്‍ കോടതി ഫ്രിറ്റ്സലിനെ ജീവപര്യന്തം തടവിന് വിധിച്ചു.

ഇരുട്ടറയില്‍ നരകയാതന അനുഭവിക്കുമ്പോഴും എലിസബത്തിന് ഒരാളുടെ അജ്ഞാത സഹായം ലഭിച്ചിരുന്നതായി പറയപ്പെടുന്നു. തോമസ് എന്ന ഈ വ്യക്തിയുമാ‍യാണ് എലിസബത്ത് ഇപ്പോള്‍ ദാമ്പത്യത്തിലേക്ക് കാല്‍‌വയ്പ്പ് നടത്തുന്നത്. നീണ്ടകാലത്തെ യാതനകളില്‍ നിന്ന് മുക്തമായ എലിസബത്ത് ഇപ്പോള്‍ മനസ്സിന്‍റെയും ശരീരത്തിന്‍റെയും പുത്തനുണര്‍വിനായി ചികിത്സ നടത്തിക്കൊണ്ടിരിക്കുകയാണ്. സഹായത്തിനായി തോമസും ഒപ്പമുണ്ട്. ഏതായാലും എലിസബത്തിന്‍റെ പ്രണയ ബന്ധത്തിന് വന്‍ പ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്.

Share this Story:

Follow Webdunia malayalam