Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെറ്റിലൂടെ പ്രണയം പൂക്കുമ്പോള്‍

വി വി കെ നായര്‍

നെറ്റിലൂടെ പ്രണയം പൂക്കുമ്പോള്‍
, വ്യാഴം, 9 ഏപ്രില്‍ 2009 (20:04 IST)
തിരക്കേറിയ ഇന്നത്തെ ലോകത്ത് പ്രണയ സങ്കല്പങ്ങള്‍ക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ? തീര്‍ച്ചയായും ഇല്ല. എന്നാല്‍ കാലത്തിനനുസരിച്ച് രൂപത്തിലും ഭാവത്തിലും ഏറെ വ്യത്യാസം പ്രണയത്തിനും വന്നിട്ടുണ്ട്.

പഴയ സിനിമകളിലുള്ളതുപോലുള്ള മരം ചുറ്റി പ്രേമത്തിന് ഇന്ന് ആര്‍ക്കാണ് സമയമുള്ളത്? എന്ന് വച്ച് പ്രണയം വേണ്ടെന്ന് പറയാനാകുമൊ? പഠനങ്ങള്‍ തെളിയിക്കുന്നത് ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും തിരക്കിട്ട ജോലിക്കിടയിലും പ്രണയിക്കാനായി ഓരോരുത്തരും സമയം കണ്ടെത്തുന്നുണ്ടെന്ന് തന്നെയാണ്.

ഓണ്‍ലൈന്‍ ഡേറ്റിംഗ് എന്ന പുതിയ സമ്പ്രദായം അത്യന്താധുനിക യുഗത്തില്‍ പ്രണയിതാക്കള്‍ക്ക് തെല്ലൊന്നുമല്ല ആശ്വാസം നല്‍കുന്നത്. ബീച്ചുകളിലും പുഴയോരത്തും പാര്‍ക്കുകളിലും പ്രണയിതാക്കള്‍ പരസ്പരം കണ്ടുമുട്ടുന്നതും വികാരങ്ങള്‍ കൈമാറുന്നതുമെല്ലാം പഴങ്കഥയാവാന്‍ പോകുകയാണ്. ഇന്‍റര്‍നെറ്റിലൂടെയാണ് ഇപ്പോള്‍ പ്രണയം തളിരിടുന്നതും പൂക്കുന്നതും.

ഓണ്‍ലൈന്‍ ഡേറ്റിംഗ് ഇന്‍റര്‍നെറ്റിലെ ഒരു വലിയ പ്രതിഭാസമായിരിക്കുകയാണ്. ജോലിയും മറ്റ് തിരക്കുകളും കാരണം ബുദ്ധിമുട്ടുന്നവര്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ ഡേറ്റിംഗ് വെബ്സൈറ്റുകളെയാണ്. കമ്പ്യൂട്ടര്‍ സ്ക്രീനിന്‍റെ മുമ്പില്‍ അല്പസമയം ചെലവഴിച്ച് മൌസില്‍ ഏതാനും ക്ലിക്കുകളിലൂടെ ആര്‍ക്കും തനിക്കിണങ്ങിയ പങ്കാളിയെ കണ്ടെത്താമെന്ന വിശ്വാസം ഇന്ന് ഏറെയാണ്. ഓണ്‍ലൈന്‍ ഡേറ്റിംഗ് വെബ്സൈറ്റ് ഏറെ ജനപ്രിയമായതോടെ ഇത് ഒരു വന്‍ വ്യവസായമായി മാറുകയായിരുന്നു.

എന്നാല്‍ ഓണ്‍ലൈന്‍ ഡേറ്റിംഗിന് ഏറെ പരിമിതികളുണ്ടെന്നതും അവഗണിക്കാനാവില്ല. ആദ്യനോട്ടത്തില്‍ പ്രണയത്തിലേക്ക് വഴുതി വീഴുന്നവര്‍ക്ക് ഓണ്‍ലൈന്‍ ഡേറ്റിംഗ് അത്ര നല്ലതല്ല. ഈയിടെ ഒരു ഓണ്‍ലൈന്‍ ഏജന്‍സി നടത്തിയ സര്‍വേ പ്രകാരം 71 ശതമാനം ആളുകളും ആദ്യ നോട്ടത്തില്‍ തന്നെ പ്രണയം ആരംഭിക്കാനാവുമെന്ന് വിശ്വസിക്കുന്നവരാണ്. എന്നാല്‍ പ്രണയത്തിലേക്ക് കാലെടുത്തുവയ്ക്കുന്നതിന് മുമ്പ് പലതവണ ആലോചിക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ ഡേറ്റിംഗിന് പോവുന്നതിന് മുമ്പ് വ്യക്തിയേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ അധികമാരും മെനക്കെടാറില്ല.

വ്യക്തികള്‍ ഇന്‍റര്‍നെറ്റില്‍ നല്‍കുന്ന വിവരങ്ങള്‍ ശരിയായിരിക്കണമെന്നില്ല എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പോരായ്മ. കേവലം തമാശയ്ക്ക് വേണ്ടി തെറ്റായ പേരില്‍ ഡേറ്റിംഗ് നടത്തുന്നതു മുതല്‍ വന്‍ കുറ്റകൃത്യങ്ങള്‍ക്കും പിടിച്ചുപറികള്‍ക്കും വരെ ഓണ്‍ലൈന്‍ ഡേറ്റിംഗ് വേദിയായിട്ടുണ്ടെന്ന കാര്യം തള്ളിക്കളയാനാവില്ല.

അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റുകള്‍ എത്രത്തോളം സൌകര്യപ്രദമാണോ അത്രയും അപകടം പിടിച്ചതുമാണ്. തന്‍റെ കാമുകന്‍ അല്ലെങ്കില്‍ കാമുകി നല്‍കിയ വിവരങ്ങള്‍ ശരിയാണോ എന്നറിയാനുള്ള ഏക മാര്‍ഗം അവരെക്കുറിച്ച് ഗൂഗിളില്‍ അന്വേഷിക്കുക എന്നുള്ളതാണ്. എന്നാല്‍ ഇത് പൂര്‍ണ്ണമായും ഫലപ്രദമാണെന്ന് പറയാനുമാവില്ല.

Share this Story:

Follow Webdunia malayalam