Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണത്തിനു മീതെ പ്രണയവും പറക്കില്ല!

പണത്തിനു മീതെ പ്രണയവും പറക്കില്ല!
, തിങ്കള്‍, 3 മെയ് 2010 (17:24 IST)
PRO
വിവാഹത്തിന്‍റെ ആദ്യ ദിനങ്ങളായിരുന്നു തങ്ങളുടെ ദാമ്പത്യജീവിതത്തിലെ ഏറ്റവും രസകരമായ സമയമെന്ന് എല്ലാ ദമ്പതികളും സമ്മതിക്കുന്ന കാര്യമാണ്. വിവാഹം കഴിച്ച് ആദ്യത്തെ മൂന്ന് മാസം പരസ്പരം പ്രണയം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലയളവായിരിക്കും. ഭാര്യ ആവശ്യപ്പെടാതെതന്നെ എല്ലാ കാര്യങ്ങളും നിറവേറ്റിക്കൊടുക്കാന്‍ ഭര്‍ത്താവ് മുന്നിട്ടിറങ്ങുന്നു. ഭര്‍ത്താവിന്‍റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു ചെയ്യാന്‍ ഭാര്യ കൂടുതല്‍ താല്‍‌പ്പര്യം കാണിക്കുന്നു.

എന്നാല്‍ ഈയിടെ ബ്രിട്ടണില്‍ നടന്ന ഒരു പഠനത്തില്‍, നവദമ്പതികള്‍ ജോയിന്‍റ്‌ ബാങ്ക് അക്കൌണ്ടുകള്‍ ഇഷ്ടപ്പെടുന്നില്ലെന്ന് തെളിഞ്ഞിരിക്കുന്നു. വെവ്വേറെ ബാങ്ക് അക്കൌണ്ടുകള്‍ സൂക്ഷിക്കാനാണത്രേ അവര്‍ക്കു താല്‍‌പ്പര്യം. ആദ്യദിനങ്ങളില്‍ പ്രണയമൊക്കെയാവാം, എന്നാല്‍ പണത്തിന്‍റെ കാര്യത്തില്‍ അതുവേണ്ട എന്ന ഭാവം.

തങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം തങ്ങളുടെ ആവശ്യത്തിനും താല്‍പ്പര്യത്തിനും അനുസരിച്ച് ഉപയോഗിക്കാനാണ് ഏവരും ഇഷ്ടപ്പെടുന്നത്. മറ്റൊരാളുടെ(അത് തന്‍റെ ജീവിതപങ്കാളിയാണെങ്കില്‍ പോലും) ഇടപെടല്‍ ഇക്കാര്യത്തില്‍ ആരും ആഗ്രഹിക്കുന്നില്ലത്രേ. ‘നീ ആ പണം എന്തുചെയ്തു?’ എന്ന് ചോദിക്കുന്ന ഭര്‍ത്താവിനെ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നില്ല. ‘നിങ്ങളുടെ അക്കൌണ്ടില്‍ നിന്ന് ഞാന്‍ കുറച്ചുപണമെടുക്കുകയാണ്’ എന്ന് അധികാരം കാണിക്കുന്ന സ്ത്രീകളെ ഭര്‍ത്താക്കന്‍‌മാരും അംഗീകരിക്കുന്നില്ലത്രേ.

പണമിടപാടില്‍ സ്വാതന്ത്ര്യം വേണമെന്നാണ് നവദമ്പതികളില്‍ കൂടുതല്‍ പേരും ആവശ്യപ്പെടുന്നത്. കല്യാണം കഴിച്ചു എന്നതുകൊണ്ട് പെട്ടെന്ന് തങ്ങളുടെ ധനവിനിയോഗവിവരങ്ങളെല്ലാം മറ്റൊരാള്‍ സ്കാന്‍ ചെയ്യുന്നതിനോട് സ്ത്രീയ്ക്കും പുരുഷനും യോജിക്കാനാവുന്നില്ല.

നവദമ്പതികളില്‍ 56 ശതമാനവും ഇത്തരത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവരാണെന്നാണ് പഠനം പറയുന്നത്. പണത്തെക്കുറിച്ചുള്ള ചര്‍ച്ചകളായിരിക്കും വിവാഹത്തിന്‍റെ ആദ്യനാളുകളില്‍ തന്നെ പല ബന്ധങ്ങളിലും അസ്വാരസ്യങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ കാരണം. വരവിന്‍റെയും ചെലവിന്‍റെയും കണക്കുപറച്ചിലുകളില്‍ പലരും സ്നേഹവും പ്രണയവും മറന്നുപോകുന്നു.

എന്നാല്‍, വളരെച്ചെറിയ ശതമാനം ആളുകള്‍ തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ പങ്കാളി അറിയുന്നതില്‍ കുഴപ്പമില്ല എന്നു വിശ്വസിക്കുന്നു. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം തന്നെ തന്‍റെ ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡുമെല്ലാം ഭര്‍ത്താവിനെ ഏല്‍പ്പിക്കുന്ന ഭാര്യമാരും വിരളമായുണ്ടെന്ന് പഠനത്തില്‍ പറയുന്നു. എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് പിടിച്ചുവാങ്ങുന്ന ഭര്‍ത്താക്കന്‍‌മാരും കുറവല്ല. സമ്പത്തിനു മേല്‍ പറക്കാനുള്ള ചിറകുകള്‍ ഇനിയും പ്രണയത്തിന് കിളിര്‍ത്തുതുടങ്ങിയിട്ടില്ല എന്ന് സമ്മതിക്കേണ്ടിവരും.

Share this Story:

Follow Webdunia malayalam