പ്രണയം പരിശുദ്ധമാണ് എന്നത് പഴയ ഒരു ചിന്തയാണോ? ‘ഈ ശുദ്ധപ്രണയമൊക്കെ കാലഹരണപ്പെട്ടോ?’ എന്ന് കുമ്പളങ്ങി നൈറ്റ്സിലെ നായിക ചോദിക്കുന്നതുപോലെ, അതിലൊന്നും ഒരു കാര്യവുമില്ലെന്ന് പുതിയ തലമുറയ്ക്ക് തോന്നിത്തുടങ്ങിയോ? പരിശുദ്ധപ്രണയത്തേപ്പറ്റിയൊന്നും കൂടുതല്‍ ബോതേര്‍ഡ് അല്ല പുതിയ തലമുറ എന്നതാണ് കൂടുതല്‍ സത്യം.
പ്രണയിക്കുമ്പോള്‍ ലൈംഗികബന്ധം ആകാമോ എന്ന ചോദ്യത്തിന് കുറച്ചുകാലം മുമ്പുവരെ ഉത്തരം എന്ത് ലഭിക്കുമായിരുന്നു എന്നത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ചിന്താരീതികള്‍ മാറിയിരിക്കുന്നു. സദാചാരത്തിനോ സമൂഹത്തിന്‍റെ നോട്ടത്തിനോ നിന്നുകൊടുക്കാത്തവരാണ് പുതിയ തലമുറ. ഞങ്ങള്‍ എന്തുചെയ്യണമെന്നത് ഞങ്ങളുടെ സ്വാതന്ത്ര്യം എന്നതാണ് പുതിയ രീതി.
പ്രണയിക്കുന്നവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്നവരുടെ എണ്ണം ഇന്ന് കൂടിവരുന്നു. പരസ്പരം അറിയുക എന്നത് എല്ലാ ബന്ധങ്ങളുടെയും അടിസ്ഥാനമാണ്. സമൂഹത്തിന്‍റെ നിലനില്‍പ്പിനുതന്നെ ബന്ധങ്ങളുടെ ദൃഢത അനിവാര്യം. ഇഷ്ടപ്പെടുന്നയാള്‍ക്കൊപ്പം കിടക്ക പങ്കിട്ടാല്‍ അതൊക്കെ പൊറുക്കാനാവാത്ത തെറ്റായി കണക്കുകൂട്ടിയിരുന്നവരുടെ കാലം കഴിഞ്ഞുപോയിരിക്കുന്നു എന്നും ഒരു വലിയ ശതമാനം യുവത്വം പ്രതികരിക്കും.
എന്നാല്‍ ശാരീരികബന്ധത്തിനപ്പുറം നില്‍ക്കുന്ന ഒരു വികാരമാണ് പ്രണയം എന്ന് കരുതുന്നവരുടെ എണ്ണവും കുറവല്ല. ‘96’ സിനിമയിലെ പ്രണയം പോലെ, വിരല്‍ത്തുമ്പില്‍ പോലും സ്പര്‍ശിക്കാതെ പരസ്പരം ഉള്ളില്‍ക്കൊണ്ടുനടക്കാനും ആര്‍ത്തിയോടെ പ്രണയിക്കാനും പ്രണയം തന്നെ ജീവിതമാക്കാനും ആഗ്രഹിക്കുന്നവരും ഇവിടെത്തന്നെയുണ്ട്.
എല്ലെങ്കിലും വ്യത്യസ്ത ചിന്താഗതികളുടെ ഒരു കൂടിച്ചേരലല്ലേ സമൂഹം? എല്ലാവര്‍ക്കും അവരവരുടെ സങ്കല്‍പ്പത്തിനും ധാരണയ്ക്കും അനുസരിച്ചുള്ള ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണല്ലോ ജനാധിപത്യം.