Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചാച്ചാജിയുടെ പ്രണയത്തിന് വിലക്കെന്തിന്?

ജോയ്സ്

ചാച്ചാജിയുടെ പ്രണയത്തിന് വിലക്കെന്തിന്?
, വ്യാഴം, 22 ഒക്‌ടോബര്‍ 2009 (19:29 IST)
PRO
PRO
അനിര്‍വചനീയവും മഹത്തരവുമായ പ്രണയത്തിന് അധികാരകേന്ദ്രങ്ങളില്‍ വിലക്കുകളുണ്ടോ. ഇല്ലെന്നാണ് സത്യവും ചരിത്രവും. എന്നിട്ടും എന്തിനാണ് ചരിത്രസത്യമായ അനശ്വരമായ ആ പ്രണയം വെള്ളിത്തിരയിലെത്തുന്നത് ചിലര്‍ എതിര്‍ക്കുന്നത്. പ്രണയത്തിന് അധികാരകേന്ദ്രങ്ങളില്‍ ദശാബ്‌ദങ്ങള്‍ക്ക് ശേഷം വീണ്ടും കൂച്ചുവിലങ്ങ് വീഴുകയാണ്.

നായികാ-നായക കഥാപത്രങ്ങളെക്കുറിച്ച് ഇപ്പോള്‍ തന്നെ മനസ്സിലായിട്ടുണ്ടാകും. നമ്മുടെ പ്രിയപ്പെട്ടെ ചാച്ചാജിയും ഇന്ത്യയിലെ അവസാന വൈസ്രോയി ആയിരുന്ന മൌണ്ട് ബാറ്റന്‍ പ്രഭുവിന്‍റെ ഭാര്യ എഡ്വിന മൌണ്ട് ബാറ്റനും. ചരിത്രത്തിന്‍റെ ഭാഗമായ പ്രണയ രംഗങ്ങള്‍ ‘ഇന്ത്യന്‍ സമ്മര്‍’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിക്കാന്‍ ചില തടസങ്ങള്‍ ഉണ്ടെന്ന് ചിത്രത്തിന്‍റെ സംവിധായകനായ ജോ റൈറ്റ് പറഞ്ഞതോടെയാണ്, ഈ ഗാഢസൌഹൃദം വെള്ളിത്തിരയിലെത്തില്ലെന്ന് ഉറപ്പായത്.

പ്രണയത്തിന്‍റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്ത് പുതുതലമുറ കാതങ്ങള്‍ പിന്നിടുമ്പോള്‍ ചാച്ചാജിയുടെയും എഡ്വിനയുടെയും ബന്ധം ആവിഷ്ക്കരിക്കുന്നതില്‍ എതിര്‍പ്പുമായി രംഗത്ത് വന്നത് കേന്ദ്രസര്‍ക്കാര്‍ തന്നെയാണ്. നല്ലൊരു ഭരണകര്‍ത്താവായിരുന്ന നെഹ്‌റു നല്ലൊരു ‘റൊമാന്‍റിക്’ നായകന്‍ കൂടിയായിരുന്നെന്ന് സമ്മതിക്കാന്‍ നമ്മുടെ സര്‍ക്കാരിനെന്താ കഴിയാത്തത്? ഏതായാലും എഡ്വിനയ്‌ക്ക് വേണ്ടി ഇന്ത്യയെ രണ്ടാമത് ബ്രിട്ടന് വില്‍ക്കുകയൊന്നും ചെയ്‌തില്ലല്ലോ ചാ‍ച്ചാജി.

അതാ‍യത് ഉള്ളത് പറഞ്ഞാല്‍ പ്രധാനമന്ത്രിയെന്നതിനപ്പുറം ചാച്ചാജി ഒരു പച്ചമനുഷ്യനായിരുന്നെന്ന് അംഗീകരിക്കാന്‍ സര്‍ക്കാര്‍ മടി കാണിക്കുകയല്ലേ? ഈ ലോകം എത്രയോ മഹാന്മാരുടെ പ്രണയങ്ങള്‍ കണ്ടതും പിന്നീട് അതൊക്കെ പാടി നടന്നതുമാണ്. നെഹ്‌റുവിന്‍റെ പിന്മുറക്കാരുടെ പ്രണയങ്ങളും ഈ രാജ്യം കണ്ടതാണ്.

അതുകൊണ്ട് തന്നെ നെഹ്‌റുവിന്‍റെ പ്രണയമല്ല ഇവിടെ പ്രശ്നം. വിവാഹിതനും ഒരു കുട്ടിയുടെ അച്‌ഛനുമായ നെഹ്‌റു ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്ന് ഇന്ത്യയില്‍ നിയമിതനായ അവസാന വൈസ്രോയിയുടെ ഭാര്യയുമായി പ്രണയത്തിലായതാണ് പ്രശ്നം. യാഥാസ്ഥിതിക ഇന്ത്യന്‍ സമൂഹത്തിന് ഇത് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നത് യാഥാര്‍ത്ഥ്യം.

പക്ഷേ അവര്‍ തമ്മില്‍ ഉണ്ടായിരുന്നത് ആഴമേറിയ ഒരു സുഹൃദ്‌ബന്ധമാണെങ്കില്‍ അത് വെള്ളിത്തിരയിലെത്തിക്കുന്നതിന് നമ്മുടെ അധികാരകേന്ദ്രങ്ങള്‍ മടി കാണിക്കരുത്. നെഹ്രുവിന്‍റെ പ്രണയകഥ ചരിത്രത്തിന് പോറലേല്‍പ്പിക്കുന്നതല്ലെങ്കില്‍ അതും ഇന്ത്യന്‍ പ്രേക്ഷകര്‍ കണ്ടുകൊള്ളട്ടെ.

Share this Story:

Follow Webdunia malayalam