Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഞ്ഞിന്‍ താഴ്വരയിലെ ദുരന്ത പ്രണയം

മഞ്ഞിന്‍ താഴ്വരയിലെ ദുരന്ത പ്രണയം
, ഞായര്‍, 11 ഒക്‌ടോബര്‍ 2009 (11:40 IST)
PRO
മഞ്ഞണിഞ്ഞ കാശ്മീര്‍ താഴ്വരയില്‍ നിന്നിതാ മറ്റൊരു ദുരന്ത പ്രണയത്തിന്‍റെ കഥ കൂടി പുറത്തുവന്നിരിക്കുന്നു. ഒരു മുസ്ലീം പെണ്‍‌കുട്ടിയും ഒരു ഹിന്ദു യുവാവും തമ്മില്‍ ഏഴു വര്‍ഷം നീണ്ട പ്രണയമാണ് ദുരന്ത കഥയായി പരിണമിച്ചത്.

പ്രണയത്തിന്‍റെ സുഗന്ധ തീരത്തായിരുന്നു രജനീഷ് ശര്‍മ്മയും ആമിനയും കഴിഞ്ഞ ഏഴ് വര്‍ഷം. ആമിനയുടെ കുടുംബം ഇവരുടെ വിവാഹത്തിനെതിരായിരുന്നു. പലതവണ അവര്‍ അവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവരിരുവരും വേര്‍പിരിയാനാവത്ത വിധം പ്രണയബദ്ധരായിരുന്നു. ഒടുവില്‍ അവള്‍ വീടുവിട്ടിറങ്ങി, രജനീഷിന്‍റെ അടുത്തേക്ക്. അങ്ങനെ അവര്‍ വിവാഹിതരായി. ആമിന പേരുമാറ്റി അഞ്ചല്‍ എന്ന നാമം സ്വീകരിച്ചു.

എന്നാല്‍ അവരുടെ ദാമ്പത്യത്തിന് അധിക നാള്‍ ആയുസ്സുണ്ടായിരുന്നില്ല. ഒക്ടോബര്‍ രണ്ടിന് ജമ്മുവിലെ രെഹാരിയിലുള്ള സഹോദരന്‍ പവന്‍ ശര്‍മയുടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട രജനീഷ് ശര്‍മ്മ ഒരു ദിവസത്തിന് ശേഷം പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു. പവനാണെന്ന് തെറ്റിദ്ധരിച്ചാണ് രജനീഷിന്‍റെ അറസ്റ്റെന്ന് കരുതപ്പെടുന്നു.

ഏതായാലും സംഭവം ഏറെ വിവാദമായി. രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു, ഒരാളെ സ്ഥലം മാറ്റി. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ജനങ്ങളുടെ വക മര്‍ദ്ദനം. സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ അധികൃതര്‍ പെടാപ്പാടുപെടുന്നു.

കസ്റ്റഡിയില്‍ പ്രതി മരിക്കാനിടയായ സാഹചര്യം സംബന്ധിച്ച് ശ്രീനഗര്‍ ഭരണകൂടം ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹം പോസ്റ്റുര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. എന്നാല്‍ ശര്‍മ്മ സഹോദരങ്ങളുടെ അമ്മ രാജ് റാണി ഇത് രജനീഷിന്‍റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ രണ്ടാമതും പോസ്റ്റ്മോര്‍ട്ടം ചെയ്യുകയായിരുന്നു.

അതേസമയം, തന്‍റെ ഭര്‍ത്താവിന്‍റെ മരണത്തില്‍ ദുരൂഹതയുള്ളതായി അഞ്ചല്‍ പരാതിപ്പെടുന്നു. രജനീഷിന്‍റെ മരണത്തില്‍ തന്‍റെ കുടുംബത്തിന് പങ്കുള്ളതായാണ് അവര്‍ ആരോപിക്കുന്നത്. ജമ്മു ഡെപ്യൂട്ടി കമ്മീഷണറുടെ മുന്നിലെത്തിയ അഞ്ചല്‍ പൊട്ടിത്തെറിച്ചു, “എന്‍റെ പിതാവും സഹോദരങ്ങളും എന്‍റെ ഭര്‍ത്താവിനെ കൊന്നു, നിങ്ങള്‍ അദ്ദേഹത്തെ കെട്ടിത്തൂക്കി” - അഞ്ചല്‍ വികാരധീനനായി. വിവാഹത്തിന് തനിക്ക് സമ്മതമില്ലായിരുന്നെന്ന വാദം തെറ്റാണെന്നും തന്‍റെ സ്വന്തം താല്‍‌പര്യത്തിലാണ് രജനീഷിനെ വിവാഹം കഴിച്ചതെന്നും അഞ്ചല്‍ അറിയിച്ചു.

“ഞാന്‍ വീടുവിട്ടിറങ്ങിയപ്പോള്‍ അമ്മയ്ക്കറിയാമായിരുന്നു ഞാന്‍ ജമ്മുവിലേക്കാണ് പോകുന്നതെന്നും വിവാഹിതയാകാന്‍ തയ്യാറെടുക്കുകയാണെന്നും. അമ്മയാണ് യാത്രയ്ക്കുള്ള ഭക്ഷണം തയ്യാറാക്കി തന്നത്” - അഞ്ചല്‍ പറഞ്ഞു. “എന്നാല്‍ എന്‍റെ കുടുംബം പൊലീസിന് കൈക്കൂലി നല്‍കി എന്‍റെ ഭര്‍ത്താവിനെ കൊല്ലുകയായിരുന്നു”- അഞ്ചല്‍ വിങ്ങിപ്പൊട്ടി. അവരുടെ മരവിച്ച ശബ്ദം തണുത്ത മഞ്ഞുകണങ്ങളില്‍ ലയിച്ച് ഇല്ലാതായി.

Share this Story:

Follow Webdunia malayalam