Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയുടെ പ്രണയാതുരമായ പഴയ ഓട്ടോഗ്രാഫ്!

ദിനേശ് വെള്ളാറ്റഞ്ഞൂര്‍

മമ്മൂട്ടിയുടെ പ്രണയാതുരമായ പഴയ ഓട്ടോഗ്രാഫ്!
, തിങ്കള്‍, 13 ഫെബ്രുവരി 2012 (12:32 IST)
PRO
PRO
എറണാകുളം മഹാരാജാസ്‌ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥി സംഗമമായ 'മഹാരാജകീയ'ത്തില്‍ മമ്മൂട്ടി തന്റെ കോളജ് ഡേയ്സ് ഓര്‍മിച്ചെടുക്കാന്‍ ശ്രമിച്ചത് ഏറെ കൌതുകകരമായി. ‘സുന്ദരികളായ പെണ്‍കുട്ടികളുടെ സാന്നിദ്ധ്യമാണ്‌ എന്നെ ഈ കലാലയത്തിലേക്ക്‌ നയിച്ചത്’ എന്ന് തുറന്നടിച്ചുകൊണ്ടാണ് മമ്മൂട്ടി സദസ്സിനെ കയ്യിലെടുത്തത്.

മെഹ്‌റു എന്ന സീനിയര്‍ വിദ്യാര്‍ത്ഥിനിക്ക്‌ താന്‍ പണ്ട്‌ എഴുതിക്കൊടുത്ത പ്രണയാതുരമായ ഓട്ടോഗ്രാഫ് സദസിന് മുന്നില്‍ വായിച്ചപ്പോള്‍ കേട്ടുനിന്നവര്‍ കയ്യടിയോ കയ്യടി. മഹാരാജാസില്‍ തന്റെ സീനിയറായി പഠിച്ച പെണ്‍കുട്ടിയായിരുന്നു മെഹ്‌റുവെന്ന് മമ്മൂട്ടി ഓര്‍ത്തെടുത്തു.

"മെഹ്‌റു..., സൗന്ദര്യം അവിടെ ഉടലെടുക്കുന്നു. ചുവന്ന മുഖത്ത്‌ ദേഷ്യം. മെഹ്‌റു വളരെ സുന്ദരിയായിരിക്കുന്നു. താഴെ കാണുന്നതാണ്‌ എന്റെ വിലാസം. വിവാഹം ക്ഷണിക്കണം. സമ്മാനമായി നല്‍കാന്‍ എന്റെ കൈയില്‍ ഒന്നുമില്ല, മാപ്പ്‌...." എന്നായിരുന്നു മെഹ്‌റുവിന്റെ ഓട്ടോഗ്രാഫില്‍ മമ്മൂട്ടി എഴുതിയിരുന്നത്.

സത്യത്തില്‍ സദസ്യര്‍ അമ്പരന്ന് പോയത് ‘ഓട്ടോഗ്രാഫ്’ കഥയിലെ നായികയും മഹാരാജകീയത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു എന്നറിഞ്ഞപ്പോഴാണ്. മമ്മൂട്ടി ഈ ഓട്ടോഗ്രാഫ് വായിച്ചുകഴിഞ്ഞയുടന്‍ മെഹ്‌റു സ്റ്റേജില്‍ എത്തണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് മെഹര്‍ വേദിയിലെത്തി തടിച്ചുകൂടിയ സൗഹൃദക്കൂട്ടം വന്‍ ആരവത്തോടെയാണ് സമാഗമത്തെ വരവേറ്റത്.

അത്ഭുതത്തോടെ മെഹ്‌റുവിനെ നോക്കി മമ്മൂട്ടി ഉറക്കെത്തന്നെ ചോദിച്ചു, ‘പഴയ മുഖമല്ലല്ലോ, ആകെ മാറിപ്പോയല്ലോ!’ ദേഷ്യപ്പെടുമ്പോള്‍ മുഖം ചുവക്കുന്ന ‘സുന്ദരിക്കുട്ടി’ മുന്നിലെത്തിയപ്പോള്‍ മമ്മൂട്ടി പഴയ മുഹമ്മദുകുട്ടിയായതും സദസ്സിനെ രസിപ്പിച്ചു.

ആലുവ യുസി കോളജ് മൗണ്ട് ഹാര്‍ബറിലാണ് മെഹ്‌റു ഇപ്പോള്‍ താമസിക്കുന്നത്. 1969 - 1972 കാലഘട്ടത്തില്‍ മഹാരാജാസില്‍ മെഹ്‌റു ചരിത്ര വിദ്യാര്‍ഥിയായിരുന്നു. മഹാരാജാസില്‍ തന്നെ പഠിച്ച വിദ്യാര്‍ഥിയായിരുന്ന മൊയ്തീനാണ് ഭര്‍ത്താവ്. കൊച്ചി കോര്‍പ്പറേഷനില്‍ ജീവനക്കാരിയായി ജോലി നോക്കിയിരുന്ന മെഹ്‌റുവിപ്പോള്‍ റിട്ടയര്‍ ജീവിതം നയിക്കുന്നു.

അടുത്ത പേജില്‍ വായിക്കുക “മമ്മൂട്ടി മാത്രമോ, അപ്പോള്‍ വയലാര്‍ രവി?”

webdunia
PRO
PRO
മഹാരാജകീയത്തില്‍ പങ്കെടുത്ത് പ്രണയാതുരമായ കലാലയ അനുഭവങ്ങള്‍ പങ്കുവച്ച മമ്മൂട്ടിക്കൊപ്പം വയലാര്‍ രവിയും തന്റെ ഓര്‍മകളെ തിരിച്ചുവിളിച്ചു. ആലപ്പുഴക്കാരന്‍ രവീന്ദ്രന്‍ എന്ന രാഷ്ട്രീയക്കാരന്‍ കൊച്ചിക്കാരി മരിയ ഫ്രാന്‍സിസിനെ ജീവിത സഖിയാക്കിയ കഥയാണ് വയലാര്‍ രവി പറഞ്ഞത്.

“വല്ലപ്പോഴും ക്ലാസിലെത്തുന്ന എന്നെ ഒപ്പം പഠിച്ചിരുന്ന കല്യാണിക്കുട്ടിയാണ് മേഴ്‌സിയെ പരിചയപ്പെടുത്തിയത്. ‘ഒരാള്‍ രവിയെ എപ്പോഴും തിരക്കാറുണ്ട്, പ്രണയമാണെന്ന് തോന്നുന്നു’ എന്നാണ് കല്യാണിക്കുട്ടി അന്ന് മേഴ്‌സിയെപ്പറ്റി പറഞ്ഞത്. പിന്നീട് കണ്ടപ്പോള്‍ ഞാന്‍ അതിശയിച്ചുപോയി..”

“ഞാന്‍ എന്നും രാവിലെ ഒമ്പതേ മുക്കാലിന് ഹിസ്റ്ററി ബ്‌ളോക്കിന്റെ മുകളില്‍ നിന്നും നോക്കാറുള്ള വലിയ കണ്ണുകളും നിറയെ മുടിയുമുള്ള പെണ്‍കുട്ടി. രണ്ട് കന്യാസ്ത്രീകളുടെ അകമ്പടിയോടെയാണ് അന്ന് മേഴ്‌സി, കോളേജില്‍ വന്നിരുന്നത്. വളരെ പെട്ടെന്നാണ് ഞങ്ങളുടെ പ്രണയം വളര്‍ന്നത്. അവധിക്ക് വീട്ടില്‍ പോകുമ്പോള്‍ കൂട്ടുകാരി വല്‍സലയുടെ പേരിലായിരുന്നു കത്തുകളയച്ചിരുന്നത്. അത്ര സ്ട്രിക്റ്റായിരുന്നു മേഴ്‌സിയുടെ വീട്ടുകാര്‍.”

“മേഴ്സി ബിഎസ്‌സി പഠനം കഴിഞ്ഞ് പോകുന്ന ദിനം ബോട്ടണി ക്ളാസിന് സമീപത്തെ ഇടനാഴിയില്‍ വച്ചാണ് കല്യാണം കഴിച്ചാലോ എന്ന് ഞാന്‍ ചോദിച്ചത്. ‘ഉം’ എന്നൊരു മൂളലായിരുന്നു അവളുടെ മറുപടി. ജീവിതത്തില്‍ അതുപോലെ സന്തോഷകരമായ അനുഭവം ഉണ്ടായിട്ടില്ല. നാല്‍പത് വര്‍ഷം എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നവള്‍ ഇന്നില്ല. അതിന്റെ ദു:ഖത്തിനിടയിലും മഹാരാജാസ് തനിക്ക് സമ്മാനിച്ച ഏറ്റവും വലിയ നിധിയാണ് മേഴ്‌സി.”

“സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാജാസ് കോളജ് പടിക്കല്‍ പൊലീസിനെ നിര്‍ത്തേണ്ടിവന്നു. ഈ സംഭവം, രാഷ്ട്രീയ ജീവിതത്തില്‍ എന്നെ ഏറ്റവും വേദനിപ്പിച്ച സംഭവങ്ങളിലൊന്നാണ്. വലിയ മാനസിക സംഘര്‍ഷം ഇതുണ്ടാക്കി. പൊലീസിനെ വിന്യസിപ്പിക്കാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല എങ്കിലും കോളജിലെ സംഘട്ടനം ഒഴിവാക്കാന്‍ അത് അനിവാര്യമായിരുന്നു” എന്ന് രവി പറഞ്ഞ് നിര്‍ത്തി.


അടുത്ത പേജില്‍ വായിക്കുക “തറുതലയും കോമാളിയുമായ മമ്മൂട്ടി?”

webdunia
PRO
PRO
‘എന്റെ കൂടെ പഠിച്ചവരെ എനിക്ക് നേരിട്ട് കാണണം, അവര്‍ക്ക് എത്ര മക്കളുണ്ട്, എത്ര പേരക്കുട്ടികളുണ്ടെന്നറിയണം. അതിനാണ് ഞാന്‍ വന്നത്’ എന്ന് പറഞ്ഞുകൊണ്ടാണ് മമ്മൂട്ടി തന്റെ പ്രസംഗം ആരംഭിച്ചത്. മഹാരാജാസിലെ കലാലയ ജീവിതത്തിനിടെ താനൊപ്പിച്ച അബദ്ധങ്ങളും ഷൈന്‍ ചെയ്യാന്‍ നടത്തിയ കോമാളിത്തരങ്ങളും മമ്മൂട്ടി സദസ്സിനോട് തുറന്നുപറഞ്ഞു.

“പ്രണയാതുരമാണ് മഹാരാജാസിലെ അന്തരീക്ഷം. ഒരുപാട് പേരോട് പ്രണയാഭ്യര്‍ഥന നടത്തിയിട്ടുണ്ട്. സിനിമക്കാര്‍ പറയുന്നതുപോലെ സ്റ്റിഫായ ആളൊന്നുമായിരുന്നില്ല അന്ന് ഞാന്‍, ശരിക്കും ഒരു നിലവാരവുമില്ലാത്ത തരം താണ കോമാളി. പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ പലതും ചെയ്യുമായിരുന്നു. ”

“ഏതെങ്കിലും പെണ്‍കുട്ടിയെ കണ്ടാല്‍ എന്നെ അറിയുമോ എന്ന് ആദ്യം ചോദിക്കും. അറിയില്ല എന്ന് പറഞ്ഞാല്‍ ഒരു കോറിഡോറില്‍ പോയി മാറി നിന്നിട്ട് വീണ്ടും ചോദിക്കും എന്നെ അറിയുമോന്ന്, എന്നിട്ട് പറയും നേരത്തെ അറിയുമോന്ന് ചോദിച്ച ആളല്ലേ അയാളാണെന്ന്. പെണ്‍കുട്ടികളുടെ പിറകെ നടന്ന് പാട്ടുപാടാനൊന്നും ഒരു മടിയുമുണ്ടായിരുന്നില്ല അന്ന്. അതിനുള്ള സ്വാതന്ത്ര്യവും അന്ന് മഹാരാജാസില്‍ ഉണ്ടായിരുന്നു.”

“ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇവിടെ പണ്ട് പഠിച്ച മാക്ബത്തിലെ സംഭാഷണം ഓര്‍മയില്‍ നിന്ന് പറഞ്ഞത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇത്രയും കാലം കഴിഞ്ഞിട്ടും മാക്ബത്തിലെ സംഭാഷണം ഓര്‍ത്തിരിക്കുന്ന ചുള്ളിക്കാടിനെ സമ്മതിക്കണം. എന്റെ കാര്യം പറയുകയാണെങ്കില്‍ പഠിച്ച കാര്യങ്ങളില്‍ ഒന്നുപോലും ഓര്‍മയിലില്ല. മരത്തണലും ക്ലാസ്മുറിയുമൊന്നുമല്ല, ഇവിടുത്തെ സുന്ദരികളായ പെണ്‍കുട്ടികളാണ് എന്നെ ആകര്‍ഷിച്ചത്. മൂന്ന് വര്‍ഷം മാത്രമെ പഠിച്ചുള്ളൂവെങ്കിലും ലോ കോളജില്‍ പഠിച്ച മൂന്ന് വര്‍ഷവും ഇവിടെത്തന്നെ ആയിരുന്നു. അതിനാല്‍ എനിക്ക് 6 വര്‍ഷത്തെ പാരമ്പര്യം ഇവിടെയുണ്ട്” - മമ്മൂട്ടി പറഞ്ഞു.

ഇരുപതിനായിരത്തോളം പേരാണ് മഹാരാജകീയത്തിന് എത്തിയത്. കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്, മുന്‍ മന്ത്രി ഡോക്ടര്‍ തോമസ്‌ ഐസക്കും, ജസ്റ്റിസ്‌ സുകുമാന്‍, ഡോക്ടര്‍ കെആര്‍ വിശ്വംഭരന്‍, ഡോക്ടര്‍ വിപി ഗംഗാധരന്‍, സംവിധായകന്‍ സിദ്ദിഖ്‌, പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്‌ രാധാകൃഷ്‌ണന്‍, പിടി തോമസ്‌ എംപി എന്നിവരായിരുന്നു പൂര്‍വ വിദ്യാര്‍ത്ഥികളില്‍ പ്രമുഖര്‍. പൂര്‍വ അധ്യാപകരായ എംകെ സാനു, എം ലീലാവതി, ആന്‍റണി ജോസഫ്, എം അച്യുതന്‍ എന്നിവരും മഹാസംഗമത്തില്‍ പങ്കെടുത്തു.

Share this Story:

Follow Webdunia malayalam