Select Your Language

Notifications

webdunia
webdunia
webdunia
webdunia

എരുമേലി പേട്ട തുള്ളല്‍

എരുമേലി പേട്ട തുള്ളല്‍
ശബരിമല തീര്‍ഥാടനകാലത്തെ പ്രധാന അനുഷ്ഠാനങ്ങളില്‍ ഒന്നാണ് എരുമേലിയിലെ പേട്ടതുള്ളല്‍ എരുമേലിയിലെ തീര്‍ത്ഥാടകര്‍ സന്ദര്‍ശിക്കുന്ന മൂന്ന് പവിത്ര സ്ഥാനങ്ങളുണ്ട് - ധര്‍മ്മ ശാസ്താ ക്ഷേത്രങ്ങളായ കൊച്ചമ്പലവും വലിയമ്പലവും വാവരുടെ പള്ളിയും. എരുമേലിയിലെ അനുഷ്ഠാന നൃത്തമാണ് പേട്ട തുള്ളല്‍.ധനു 27 ന് ആണ് ഇതു നടക്കുക.

പുരാണപരമായ വീക്ഷണത്തില്‍, ഭയങ്കരിയായ മഹിഷിയെ അയ്യപ്പന്‍ വധിച്ചതറിഞ്ഞ് ജനങ്ങള്‍ നടത്തിയ ആനന്ദനൃത്തത്തിന്‍റെ പുനരാവിഷ്കാരമാണ് പേട്ട തുള്ളല്‍. എരുമേലി എന്ന പേര് "എരുമകൊല്ലി' എന്ന് ലോപിച്ചുണ്ടായതാണെന്ന് ഒരു അഭിപ്രായമുണ്ട്.

അയ്യപ്പന്‍ പാട്ടുകളിലെ കഥകള്‍ പ്രകാരം ഉദയനന്‍ എന്ന കൊള്ളക്കാരനായ നാടുവാഴില്‍ നിന്ന് ശബരിമല ക്ഷേത്രം മോചിപ്പിക്കാന്‍ അയ്യപ്പന്‍റെ നേതൃത്വത്തില്‍ നടത്തിയ ധാര്‍മ്മിക യുദ്ധത്തിന് യോദ്ധാക്കള്‍ക്ക് നല്‍കിയ ആദ്ധ്യാത്മീക പരിശീലനത്തിന്‍റെ ഭാഗമാണ് പേട്ട തുള്ളല്‍.

യോദ്ധാക്കള്‍ എല്ലാവരും കറുപ്പോ നീലയോ വസ്ത്രങ്ങള്‍ ധരിച്ച്, മുഖത്ത് ചായങ്ങള്‍ തേച്ച്, "അയ്യപ്പതിന്തകത്തോം, സ്വാമിതിന്തകത്തോം,' എന്ന് ഉറക്കെ വിളിച്ചുകൊണ്ട് ആനന്ദനൃത്തം ചെയ്യുന്നു.

പാരന്പര്യം അനുസരിച്ച് ഒരു സംഘത്തിന്‍റെ പേട്ടതുള്ളലിന് ഒരുക്കച്ചുമതല രണ്ടാം പ്രാവശ്യം തീര്‍ത്ഥാടനം നടത്തുവന്നവര്‍ക്കാണ്. രണ്ടാം തവണ പോകുന്ന ആള്‍ "രണ്ടാം കന്നി' എന്നും മൂന്നാം തവണക്കാരന്‍ "മുതല്‍പ്പേര്‍' എന്നും നാലാം പ്രാവശ്യം പോകുന്ന ആള്‍ "ഭരിപ്പു' എന്നും അറിയപ്പെടുന്നു.


അഞ്ചാം തവണ മുതല്‍ തീര്‍ത്ഥാടകന്‍ "പഴമ' എന്ന സ്ഥാനം നേടുന്നു. ഇവരെ ഗുരുസ്വാമി എന്നും പറയാറുണ്ട്. പേട്ടതുള്ളല്‍ സമയത്ത് കന്നി അയ്യപ്പന്‍ ഒരു അന്പ് ധരിക്കുന്ന ചടങ്ങ് ഉണ്ട്.

പേട്ടതുള്ളല്‍ തുടങ്ങുന്നതിനുമുന്പ് തീര്‍ത്ഥാടകര്‍ എരുമേലി അങ്ങാടിയില്‍ പോയി ഈ അനുഷ്ഠാന നൃത്തത്തോട് അനുബന്ധിച്ച് ആവശ്യമായ ചെറിയ അന്പുകളും ധാന്യങ്ങളും പച്ചക്കറികളും വാങ്ങുന്നു. ഓരോ സംഘത്തിന്‍റെയും ഈ വക സാധനങ്ങളെല്ലാം ഒരു കന്പളിപ്പുതപ്പില്‍ കെട്ടിയ ശേഷം നീണ്ട വടിയില്‍ തൂക്കിയിട്ട് രണ്ട് പേര്‍ അതിന്‍റെ രണ്ടറ്റവും തോളില്‍ താങ്ങി സംഘത്തോടൊപ്പം നീങ്ങുന്നു.

മുഖത്തും ശരീരത്തിലും കരിയും മറ്റു വര്‍ണ്ണങ്ങളും തേച്ച് തീര്‍ത്ഥാടകര്‍ കൊച്ചന്പലത്തിലേക്ക് ആദ്യം പോകുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം അവിടെ നിന്നാണ് പേട്ട തുള്ളല്‍ തുടങ്ങുന്നത്. വാദ്യസംഗീതത്തോടൊപ്പം "അയ്യപ്പ തിന്തകത്തോം, സ്വാമിതിന്തകത്തോം' എന്ന മന്ത്രോച്ചാരണത്തോടു കൂടി, നൃത്തം വച്ച് നീങ്ങുന്നു. പലരും പച്ചിലക്കൊന്പുകള്‍ പിടിച്ചിരിക്കും.



മതസൗഹാര്‍ദത്തിന്‍റെ വാവരുപള്ളി

നൃത്തം വച്ച് നീങ്ങുന്ന തീര്‍ത്ഥാടകര്‍ ആദ്യം വാവരു പള്ളിയില്‍ പ്രവേശിച്ച് പ്രദക്ഷിണം വച്ച് കാണിക്കയിട്ട് മുസ്ളിം പുരോഹിതനില്‍ നിന്ന് ഭസ്മം പ്രസാദമായി വാങ്ങുന്നു. പള്ളിയില്‍ നിന്ന് പുറത്തു വരുന്ന തീര്‍ത്ഥാടകര്‍ ഏതാണ്ട് ഒരു കിലോമീറ്റര്‍ അകലെ നദീതീരത്തുള്ള വലിയന്പലത്തിലേക്ക് നൃത്തം വച്ച് നീങ്ങുന്നു.

വലിയന്പലത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ കൈയ്യിലുള്ള മരച്ചില്ലകള്‍ അന്പലത്തിന്‍റെ മേല്‍ക്കൂരയിലേക്ക് എറിയും. അന്പലത്തില്‍ കയറി തൊഴുത് വലം വച്ച് അന്പലത്തിന്‍റെ മുന്നില്‍ കര്‍പ്പൂരം കത്തിച്ച് പേട്ട തുള്ളല്‍ അവസാനിപ്പിക്കുന്നു.

അമ്പലപ്പുഴ, ആലപ്പാട്ട് സംഘങ്ങള്‍

രണ്ട് പ്രധാന സംഘങ്ങളായ അന്പലപ്പുഴ സംഘത്തിന്‍റെയും ആലങ്ങാട്ട് സംഘത്തിന്‍റെയും പേട്ട തുളളല്‍ പാരന്പര്യമനുസരിച്ച് നടക്കുന്നത് ധനു 27-ം തീയതി ആണ്. ഉദയനന് എതിരായുള്ള യുദ്ധത്തില്‍, അന്പലപ്പുഴയില്‍ നിന്നും കൊടുങ്ങല്ലൂരിനടുത്തുള്ള ആലങ്ങാട്ടില്‍ നിന്നും അയ്യപ്പന്‍റെ സൈന്യത്തോടൊപ്പം ഉണ്ടായിരുന്ന യോദ്ധാക്കളെ അനുസ്മരിപ്പിക്കുന്നതാണ് ഇവരുടെ പേട്ട തുള്ളല്‍.

അന്പലപ്പുഴ സംഘത്തിന്‍റെ പേട്ട തുള്ളല്‍ നടക്കുന്നത് ഉച്ചയ്ക്ക് മുന്പാണ്. നെറ്റിപ്പട്ടം കെട്ടിയ ആനകളും വാദ്യങ്ങളും മറ്റുമായി അവര്‍ കൊച്ചന്പലത്തിന്‍റെ മുന്പാകെ സമ്മേളിക്കുന്നു. എന്നാല്‍ കൊച്ചന്പലത്തിനു മുകളില്‍ കൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെട്ട് വട്ടം ചുറ്റുന്നത് കണ്ടതിനുശേഷം മാത്രമേ അവരുടെ പേട്ട തുള്ളല്‍ തുടങ്ങൂ.

എല്ലാ വര്‍ഷവും അന്പലപ്പുഴ സംഘം എല്ലാ സന്നാഹങ്ങളോടും കൂടി കൊച്ചന്പലത്തിന്‍റെ മുന്പാകെ കാത്തു നില്‍ക്കുകയും അന്പലത്തിന്‍റെ മുകളില്‍ കൃഷ്ണപ്പരുന്ത് എത്തി വട്ടം ചുറ്റയതിനുശേഷം മാത്രം പേട്ട തുള്ളല്‍ ആരംഭിക്കുകയും ചെയ്യുന്നു. ഉച്ചയ്ക്കു ശേഷമാണ് ആലങ്ങാട്ടുകാരുടെ പേട്ട തുള്ളല്‍. അപ്പോള്‍ പകല്‍ വെളിച്ചത്തില്‍ നക്ഷത്രം തെളിയും .




Share this Story:

Follow Webdunia malayalam