Select Your Language

Notifications

webdunia
webdunia
webdunia
webdunia

അയ്യപ്പന്‍റെ നാലമ്പലങ്ങള്‍

പീസിയന്‍

അയ്യപ്പന്‍റെ നാലമ്പലങ്ങള്‍
കേരളത്തില്‍ നാലമ്പങ്ങള്‍ നാലിലേറെയുണ്ട്. ശ്രീരാമ, ഭരത,ലക്ഷ്മണ,ശത്രുഘ്നന്മാരുടെ ഒരു പ്രദേശത്തെ വെവ്വേറെ അമ്പലങ്ങളെ ഒന്നിച്ചാണ് നാലമ്പലങ്ങള്‍ എന്നു പറയാറ്.

എന്നാല്‍ അയ്യപ്പനുമുണ്ട് നാലമ്പലങ്ങള്‍.അതു പക്ഷെ വിവിധ അവതാരങ്ങളെ പ്രതിനിധീകരിക്കുന്നതല്ല മറിച്ച് നാലു ജീവിതകാലഘട്ടങ്ങളേ- ആശ്രമങ്ങളെ - പ്രതിനിധീകരിച്ചാണെന്നു മാത്രം.

അദ്വൈതമൂര്‍ത്തിയായ ശ്രീ ധര്‍മ്മശാസ്‌താവിന്‍റെ പൂര്‍ണ്ണാവതാരമാണ്‌ ഇന്ന്‌ ശബരിമലയില്‍ ശ്രീ അയ്യപ്പനായി കുടികൊള്ളുന്നത്‌. ഹൈന്ദവ ജീവിതചര്യ അനുസരിച്ച് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിവയാണ് നാല് ആശ്രമങ്ങള്‍.

അയ്യപ്പന്‍റെ നാല് ആശ്രമങ്ങളേയും പ്രതിനിധീകരിച്ച് വന പ്രദേശങ്ങളില്‍ നാല് അമ്പലങ്ങളുണ്ട് - കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചങ്കോവില്‍, കാന്തമല ശബരിമല എന്നിവിടങ്ങളില്‍. അവയില്‍ പലതും ഇന്ന് ചെറിയ പട്ടണങ്ങളായി മാറി എന്നു മാത്രം.ബാല്യകൌമാരങ്ങള്‍ക്കായി ഓരൊ അമ്പലങ്ങള്‍ പ്രത്യേകമുള്ളതുകൊണ്ട് വാസ്തവത്തില്‍ അഞ്ച് അമ്പലങ്ങളുണ്ട് എന്നു പറയാം


ക്ഷേത്രത്തിലെ ആദിമ പ്രതിഷ്‌ഠ ശ്രീപരശുരാമന്‍ നിര്‍വ്വഹിച്ചതാണെന്നാണ്‌ ഐതിഹ്യം. മലനിരകളിലെ പ്രതിഷ്‌ഠകളില്‍ നാലെണ്ണം ഏറെ വിശിഷ്ട പ്രഭാവമുള്ളവയാണ്‌. അവ ശാസ്‌താ വിന്‍റെ ജീവിതത്തില്‍ ആശ്രമഭേദമനുസരിച്ചുള്ള അവസ്ഥാന്തരങ്ങളെ പ്രകാശിപ്പിക്കുന്നു.

*കുളത്തൂപ്പുഴ ക്ഷേത്രത്തില്‍ അയ്യപ്പന്‍റെ ബ്രഹ്മചാരി രൂപത്തിലുള്ള പ്രതിഷ്ഠയാണുള്ളത്. ആര്യങ്കാവില്‍ കൌമാര രൂപത്തിലാണ്. ഇത് രണ്ടും ബ്രഹ്മചര്യ ആശ്രമത്തെ പ്രതിനിധീകരിക്കുന്നു.

* പൂര്‍ണ്ണ, പുഷ്കല എന്നീ പത്നീ സമേതനായി ഗാര്‍ഹസഥ്യാശ്രമത്തിലുള്ള സങ്കല്‍പ്പമാണ് അച്ചന്‍ കോവിലില്‍.

* കാന്തമലയില്‍ (ഇന്ന് ഈ ക്ഷേത്രം എവിടെയാണെന്ന് കണ്ടെത്താന്‍ ആയിട്ടില്ല - ഈ മലയില്‍ നിന്നാണ് ജ്യോതിസ് തെളിയുന്നത് എന്നാണ് വിശ്വാസം) വാനപ്രസ്ഥ ആശ്രമമാണ് പ്രതിനിധാനം ചെയ്യുന്നത്.

* ശബരിമലയില്‍ സന്ന്യാസത്തിലുള്ള അയ്യപ്പനാണ്. സന്യാസിയും യോഗനിഷ്ഠനുമായി ജ്ഞാനമുദ്രയോടു കൂടി വിളങ്ങുന്ന സങ്കല്‍പ്പമാണ് ശബരിമലയിലെ ശ്രീ അയ്യപ്പന്‍.സച്ചിദാനന്ദനും സനാതനും സര്‍വ്വജ്ഞനും സര്‍വ്വസാക്ഷിയും പ്രകൃതിയെ തന്നിലടക്കിയ ചൈതന്യവുമായി ലോക സംഗ്രഹാര്‍ത്ഥം ശ്രീശബരിമല ദിവ്യസന്നിധാനത്തില്‍, സര്‍വ്വോദയ പീഠത്തില്‍ പ്രതിഫലിച്ചരുളുന്ന ചിന്‍മുദ്രാ സ്വരൂപിയാണ് അയ്യപ്പന്‍.



കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ തിരുവനന്തപുരം നെടുമങ്ങാ‍ട് ചെങ്കോട്ട റൂട്ടിലാണ് പ്രസിദ്ധമായ ഈ കാനന ശാസ്താക്ഷേത്രം. പൊട്ടിയ എട്ട് ശിലാശകലങ്ങളാണ് പ്രതിഷ്ഠ. ശാസ്താവിന്‍റെ ബാല്യമാണ് ഇവിടത്തെ സങ്കല്‍പ്പം.

പുനലൂര്‍ ചെങ്കോട്ട റൂട്ടില്‍ തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്നാണ് ആര്യങ്കാവ് ശാസ്താക്ഷേത്രം. പ്രധാനമൂര്‍ത്തിയായ ശാസ്താവ് കൌമാര യൌവന രൂപത്തിലാണ് സങ്കല്‍പ്പം. വിഗ്രഹം നടയ്ക്ക് നേരെയല്ല, വലതു മൂലയില്‍ അല്‍പ്പം ചരിഞ്ഞ് കിഴക്കോട്ട് ദര്‍ശനമായാണ് പ്രതിഷ്ഠ. പത്താമുദയ ദിവസം പ്രതിഷ്ഠയ്ക്ക് നേരെ സൂര്യ രശ്മി പതിയും.

ആര്യങ്കാവ് പഞ്ചായത്തിലെ തന്നെ മറ്റൊരു പ്രധാന അയ്യപ്പ ക്ഷേത്രമാണ് അച്ചങ്കോവില്‍. പുനലൂരില്‍ നിന്ന് പിറവന്തൂര്‍, മുള്ളുമല വഴി അച്ചന്‍‌കോവിലില്‍ എത്താം. പുനലൂരില്‍ നിന്ന് ചെങ്കോട്ടയില്‍ നിന്ന് അവിടെ നിന്നും അച്ചന്‍‌കോവിലില്‍ എത്തുകയാണ് ആളുകള്‍ ചെയ്യാറ്. പൂര്‍ണ്ണ പുഷ്കല സമേതനായ ധര്‍മ്മശാസ്താവാണ് ഇത്.

പരശുരാമന്‍ പ്രതിഷ്ഠിച്ച അഞ്ച് ശാസ്താക്ഷേത്രങ്ങളില്‍ - അച്ചന്‍‌കോവില്‍, ആര്യങ്കാവ്, കുളത്തൂപ്പുഴ, കാന്തമല, ശബരിമല - അച്ചന്‍‌കോവിലില്‍ മാത്രമാണ് ഇപ്പോഴും പഴയ വിഗ്രഹമുള്ളത്.

ശബരിമലയില്‍ ശാസ്‌താ പ്രതിഷ്‌ഠ നടത്തിയ ശേഷം അയ്യപ്പസ്വാമിയുടെ ദിവ്യ തേജസ്സ്‌ അതില്‍ ലയിച്ചു. ശാസ്‌താവിനെ അയ്യപ്പന്‍ എന്ന പേരിലാണ്‌ ആരാധിക്കുന്നത്‌. ശബരിമലയില്‍ വെച്ചാണ്‌ അയ്യപ്പസ്വാമി സമാധി പ്രാപിച്ചത്‌.ശസ്സ്താവില്‍ ലയിച്ചത്. അതാണ്‌ ശബരിമല ക്ഷേത്രത്തിന്‍റെ അനന്യ സാധാരണമായ മാഹാത്മ്യത്തിന്‌ കാരണം എന്നു അറിവുള്ളവര്‍ പറയുന്നു.

അയ്യപ്പന്‍റെ തൃപ്പാദ സന്നിധിയില്‍, സര്‍വ്വം സമര്‍പ്പിച്ച് ദണ്ഡ നമസ്കാരം ചെയ്യാന്‍ സഹസ്രകോടി ഭക്‌തരാണ്‌ ആണ്ടുതോറും മാലയിട്ട്‌, വ്രതമെടുത്ത്‌, കാപ്പുകെട്ടി, ശുദ്ധിചെയ്‌ത്‌, കറുപ്പുടുത്ത്‌, ഇരുമുടിയുമേന്തി പതിനെട്ടുപടിയും കയറി എത്തുന്നത്.


Share this Story:

Follow Webdunia malayalam