Select Your Language

Notifications

webdunia
webdunia
webdunia
webdunia

പടിപൂജ

പടിപൂജ
WDWD
ശബരിമലയിലെ ഏറ്റവും ചെലവേറിയ വഴിപാടാണ് പടിപൂജ (30,000 രൂപ). മുമ്പ് 12 കൊല്ലത്തില്‍ ഒരിക്കല്‍ മാത്രമേ ഇത് നടത്താറുണ്ടായിരുന്നുള്ളു.

ശബരിമലയിലെ പ്രതിഷ്ഠയ്ക്ക് സമാനമായ പ്രാധാന്യമുള്ളതാണ് സന്നിധാനത്തേക്കുള്ള പതിനെട്ടു പടികള്‍. പ്രതിഷ്ഠയിലേത് എന്നപോലെ ഓരോ പടിയിലും ദേവ ചൈതന്യം ആവാഹിച്ചിട്ടുണ്ട്. ശബരിമല അടക്കമുള്ള പതിനെട്ട് മലകളെയാണ് അവ പ്രതിനിധാനം ചെയ്യുന്നത് എന്നൊരു വിശ്വാസവുമുണ്ട്.

ജീവനും സത്, രജസ്, തമസ് എന്നീ മൂന്നു ഗുണങ്ങളും ഈരേഴു പതിനാലു ലോകങ്ങളുമാണ് പതിനെട്ടു പടികള്‍ എന്നാണ് മറ്റൊരു വിശ്വാസം.

ഭക്തര്‍ തേങ്ങയടിച്ച് ശിലകള്‍ക്ക് കേടുവന്നുതുടങ്ങിയതോടെ പടികള്‍ പഞ്ചലോഹം കൊണ്ട് പൊതിഞ്ഞ് സൂക്ഷിക്കുകയും അവിടെ നാളീകേരം ഉടയ്ക്കുന്നത് നിരോധിക്കുകയും ചെയ്തു.

1985 ല്‍ പഞ്ചലോഹം പൊതിയുന്ന ജോലി നടക്കും മുമ്പേ പടികളിലെ ദേവ ചൈതന്യം പ്രതിഷ്ഠയിലേക്ക് ആവാഹിക്കുകയും പണി പൂര്‍ത്തിയായപ്പോള്‍ തിരിച്ച് പടിയിലേക്ക് ആവാഹിക്കുകയും ചെയ്തിരുന്നു.

മണ്ഡലകാലത്തും മകരവിളക്ക് കാലത്തും തീര്‍ത്ഥാടകരുടെ ഒഴിയാത്ത തിരക്കുള്ളതുകൊണ്ട് പടിപൂജ നടത്താറില്ല. മാസപൂജാ കാലത്തും ചിത്തിര തിരുനാള്‍ ആട്ട വിശേഷം ഉള്ളപ്പോഴുമാണ് ഇപ്പോള്‍ ഈ കര്‍മ്മം ചെയ്യുക.

ഇന്ന് പടിപൂജ വഴിപാടായി നടത്താന്‍ ഒരാള്‍ക്ക് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. ദേവസ്വത്തില്‍ അടയ്ക്കുന്ന തുകയ്ക്ക് പുറമെ പൂജയ്ക്ക് ആവശ്യമായ പൂക്കളും പട്ടും നാളീകേരവും മറ്റും വഴിപാടിനുള്ള ചാര്‍ത്ത് അനുസരിച്ച് ക്ഷേത്രത്തില്‍ എത്തിക്കണം. ക്ഷേത്ര തന്ത്രിയാണ് പടിപൂജ ചെയ്യുക. സഹായത്തിന് മേല്‍ശാന്തിയും ഉണ്ടാവും.

സാധാരണ ദീപാരാധനയ്ക്ക് ശേഷമാണ് പടിപൂജ നടത്തുക. പടികള്‍ കഴുകി അവയുടെ മുകളില്‍ നിന്ന് താഴേക്ക് പട്ട് വിരിച്ച് പട്ടിന്‍റെ ഇരുവശത്തും വലിയ ഹാരങ്ങള്‍ കൊണ്ട് അലങ്കരിക്കുന്നു. പടിയുടെ ഇരുവശത്തും ഓരോ നിലവിളക്ക് കത്തിച്ചു വയ്ക്കുന്നു (36 നിലവിളക്കുകള്‍).

ഓരോ പടിയിലും നാളീകേരവും പൂജാ സാധനങ്ങളും വയ്ക്കുന്നു. പതിനെട്ടാം പടിക്ക് താഴെ പത്മമിട്ട് പതിനെട്ട് കലശം പൂജിച്ച് ഓരോ പടിയിലും പീഠപൂജയും മൂര്‍ത്തിപൂജയും നടത്തുന്നു. കലശാഭിഷേകം ചെയ്ത ശേഷം നിവേദ്യം നടത്തുന്നു. പിന്നീട് നിവേദ്യം ശ്രീകോവിലില്‍ അയ്യപ്പന് സമര്‍പ്പിച്ച ശേഷം കര്‍പ്പൂരാരതി ഉഴിയുന്നു.

Share this Story:

Follow Webdunia malayalam