കോടതിയായാലെന്താ, പി സി ജോര്‍ജിന് മാറ്റമൊന്നുമില്ല!
, ചൊവ്വ, 3 ഏപ്രില്‍ 2012 (12:28 IST)
പി സി ജോര്‍ജ് കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. യു ഡി എഫിനാകെ സംരക്ഷണം നല്‍കിക്കൊണ്ട് ഒരു മതില് പോലെ. മുമ്പ് വി എസ് അച്യുതാനന്ദന് വേണ്ടി നിലകൊണ്ട പടത്തലവന് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍വശക്തനായ രക്ഷകന്. എത്ര വലിയ ശത്രു വന്നോട്ടെ, ജോര്‍ജിന് അവരെ നേരിടാന്‍ ഒരടവ് കൈവശമുണ്ടാകും.കഴിഞ്ഞ ദിവസം ഹൈക്കോടതിയിലെത്തി പി സി ജോര്‍ജ്. ഏതെങ്കിലും കേസില്‍ പ്രതിയായിട്ടൊന്നുമല്ല. ഒരു കേസില്‍ കക്ഷിചേരാനായിരുന്നു വരവ്. സബ് രജിസ്ട്രാര്‍ ഓഫീസ് എരുമേലിയില്‍ നിന്ന് കൂവപ്പള്ളിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സെന്റ് ജോസഫ്സ് പള്ളിവികാരി ഫാ. ആന്റണി നിരപ്പേല്‍ നല്കിയ കേസിന് എതിര്വാദവുമായാണ് പി സി ജോര്‍ജ് കോടതിയിലെത്തിയത്.പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന് ചോദിക്കുന്നതുപോലെ ‘എം എല്‍ എയെന്താ ഇവിടെ?’ എന്ന് ചോദിച്ചുകൊണ്ടാണ് കോടതി ജോര്‍ജിനെ ക്ഷണിച്ചത്. എന്തുസംഭവിച്ചാലും സബ് രജിട്രാര്‍ ഓഫീസ് മാറ്റരുതെന്ന് ജോര്‍ജ് സ്വയം വാദിച്ചു. നിരപ്പേലച്ചനെതിരെ രൂക്ഷമായ ഭാഷയില്‍ വാദം തുടര്‍ന്നപ്പോള്‍ കോടതിക്കും രസം പിടിച്ചു. ജോര്‍ജിന്റെ വാദത്തെ പ്രോത്സാഹിപ്പിച്ചും കളിയാക്കിയും കോടതി മുന്നോട്ടുപോയി. ജോര്‍ജ് സ്വയം വാദിക്കുന്ന അത്രയും നേരവും കോടതിയില്‍ ചിരി നിറഞ്ഞുനിന്നു.കേസിന്റെ വിധി എന്തുമായ്ക്കൊള്ളട്ടെ, നാട്ടിലായാലും നിയമസഭയിലായാലും കോടതിയിലായാലും ജോര്‍ജിന്റെ ഭാഷാശൈലിക്കും ശരീരഭാഷയ്ക്കും ഒരു മാറ്റവുമില്ലെന്ന് കോടതിയില്‍ ആ സമയം ഉണ്ടായിരുന്നവര്‍ക്കെല്ലാം ബോധ്യമായി.
Follow Webdunia malayalam