Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസ് ഇനി ഉപദേശവും നല്കും

പൊലീസ് ഇനി ഉപദേശവും നല്കും
പൊലീസിന്‍റെ ചുമതലകള്‍ എന്തെല്ലാം?

പി എസ് സി ചോദ്യപേപ്പറിലെ ചോദ്യമായിരുന്നുവെങ്കില്‍ പൗരന്‍റെ പൊതുമുതലിന് സംരക്ഷണം നല്കുന്നത് തുടങ്ങി പാറാവു പണി വരെ പൊലീസിന്‍റെ ചുമലില്‍ ഏല്‍പ്പിക്കാമായിരുന്നു. എന്നാല്‍ അത്തരം നിര്‍വ്വചനങ്ങള്‍ പൊലീസിനു പോലും പിടിക്കാത്ത കാലമാണിത്.

പൊലീസ് എന്നാല്‍ എന്തെന്ന് അറിയാത്തവര്‍ ശ്രദ്ധിക്കുക. ആധുനിക യുഗത്തില്‍ പൊലീസ് എന്നാല്‍ ഉപദേശം നല്കുന്ന ഒരു വിഭാഗമാണ്. കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് കേന്ദ്ര സര്‍ക്കാറിന് ഉപദേശം നല്ക്കുന്നത് പോലെ, ഗുരു ശിഷ്യന് ഉപദേശം നല്കുന്നത് പോലെ ജനത്തിന് ഉപദേശം നല്കുന്ന ഒരു തരം 'ഉപദേശി" സംഘം.

സംഗതി മറ്റൊന്നുമല്ല. തലസ്ഥാന നഗരിയില്‍ പരക്കെ മോഷണം. മോഷണമെന്നാല്‍ വെറും ചില്ലറയൊന്നുമല്ല. സ്വര്‍ണ്ണം തുടങ്ങി ഉറങ്ങാന്‍ കിടന്ന പായ് വരെ അടിച്ചുമാറ്റുകയാണ്. പണ്ടാരാണ്ടോ പറഞ്ഞ മാതിരി കുനിഞ്ഞു നില്ക്കാന്‍ പോലുമാവാത്ത അവസ്ഥ.

ഇതൊക്കെ അന്വേഷിക്കാന്‍ പൊലീസ് വേണമെന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാവും. ജനത്തിന് പരാതി പറഞ്ഞാല്‍ മതി. അന്വേഷിക്കേണ്ടത് പൊലീസാ. പൊലീസിന് വേറെ പണിയുണ്ട് അല്ല പിന്നെ.

ആധുനിക യുഗത്തില്‍ മോഷണം ഒഴിവാക്കാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. അതെല്ലാം അക്കമിട്ട് നിരത്തി കമ്മിഷണര്‍ പൊതുജനത്തിന് നല്ക്കികഴിഞ്ഞു. മൊത്തം ഇനങ്ങള്‍ മുപ്പത്തിയെട്ട്.

ഇന്‍റര്‍പോള്‍ മുതല്‍ മാലി പൊലീസ് വരെ ലോകത്തെ പൊലീസ് സേനാനികള്‍ പയറ്റിതെളിഞ്ഞ എല്ലാ മാര്‍ഗ്ഗങ്ങളും അതിലുണ്ട്. ജനം നടപ്പാക്കിയാല്‍ മാത്രം മതി. പിന്നെ കള്ളവുമില്ല ചതിയുമില്ല ഏള്ളോളമില്ല പൊളിവചനം.

ഉപദേശം നമ്പര്‍ ഒന്ന് - പകല്‍ സമയങ്ങളില്‍ വാതിലും ജനലും പൂട്ടിയിടുക(ചുരുക്കത്തില്‍ ജനം പുറത്തിറങ്ങരുത്)

രണ്ട് - ജനലുകളിലും ഗ്ളാസിട്ട വാതിലുകളിലും ഗ്രില്ല് ഘടിപ്പിക്കുക(പുറത്തിറങ്ങാത്ത ജനത്തിന് അതിനായി സമയം ചെലവഴിക്കാം)

വാതില്‍ തുറക്കുന്നതിന് മുന്‍പ് "മാജിക് ഐ'യിലൂടെ നോക്കി "ചെയിന്‍' ഇട്ടു മാത്രം അപരിചിതര്‍ക്കായി വാതില്‍ തുറക്കണം(ഉറപ്പില്ലാത്ത വാതിലിനു പിന്നില്‍ കഴിയുന്ന ദരിദ്ര ജനവിഭാഗം, അത് എന്ത് "മാന്ത്രിക കണ്ണാ'ണെന്നും അത് ഏവിടെ കിട്ടുമെന്നും അന്വേഷിച്ചു തുടങ്ങിയിട്ടുണ്ട്).

വീടുകളില്‍ മീറ്റര്‍ റീഡിംഗിന് വരുന്നവരെ പ്രത്യേകം സൂക്ഷിക്കണമെന്നാണ് പൊലീസ് കമ്മീഷണറുടെ മറ്റൊരു ഉപദേശം(അല്ലെങ്കിലും ഈ കെ എസ് ഇ ബിക്കാര്‍ കള്ളന്മാര്‍ തന്നെ).

വിവിധ ആവശ്യങ്ങള്‍ക്കായി വീടുകളില്‍ വരുന്നവരോട് തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെടണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം. (തിരിച്ചറിയല്‍ കാര്‍ഡില്‍ റേഷന്‍ കാര്‍ഡ്, ഇലക്ഷന്‍ഐഡന്‍റിറ്റി കാര്‍ഡ് എന്നിവ ഉള്‍പ്പെടുമോ എന്നത്കമ്മീഷണര്‍സൂചിപ്പിച്ചിട്ടില്ല)

വീട്ടില്‍ ആളില്ലെങ്കിലും ലൈറ്റിട്ട് വെയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.(രാവിലെയും വേണമോ ആവോ).

ആഭരണങ്ങളും പണവും ബാങ്ക് ലോക്കറില്‍ മാത്രമേ വെയ്ക്കാവു എന്നതാണ് പ്രധാന നിര്‍ദ്ദേശമായി കൊടുത്തിരിക്കുന്നത്(ഹാവു, കഴിഞ്ഞു എല്ലാം എന്ത് എളുപ്പം. നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം തലസ്ഥാനത്തെ മോഷണത്തെ പറ്റി നടത്തുന്ന വിലയിരുത്തലും പൊലീസ് നല്കിയിട്ടുണ്ട്.


നഗരത്തില്‍ മോഷണം പെരുകിയെങ്കിലും, അവസ്ഥ അത്ര 'ഗുരുതരമല്ലെ'ന്നാണ് ഈ വിലയിരുത്തല്‍. അപ്പോള്‍ പൊലീസിന് ഇനി എന്താണ് പണി എന്നായിരിക്കും ചിന്ത. ഒന്നുമില്ല, ജീപ്പില്‍ കറങ്ങി നടക്കും, മുറുക്കാന്‍ കടകളില്‍ കയറി നാരങ്ങാവെള്ളം കുടിക്കും.

രാവിലെയും വൈകിട്ടും ചായ കുടിക്കും. പിന്നെ രാത്രി ആരെയെങ്കിലും സംശയകരമായി കണ്ടാല്‍ ജീപ്പ് നിറുത്തി അലറും. ഛി റാസ്ക്കല്‍, കയറടാ വണ്ടിയില്‍.

ഉള്‍വിളി: ചൊറിയാത്ത പിള്ള അറിയുമ്പോള്‍ ചൊറിയും.

Share this Story:

Follow Webdunia malayalam