ഒരു തിരുവോണത്തിന് രാജന്‍ ഊണിനു മുമ്പ് പുറത്തിറങ്ങി ഭേഷായൊന്നു ‘മിനുങ്ങി’ തിരിച്ചെത്തി. കുട്ടികളും ഭാര്യയുമൊത്തുള്ള ഓണ സദ്യയാണ് അടുത്ത രംഗം. നിലത്ത് ഭിത്തിയില്‍ ചാരിയാണ് രാജന്റെ ഇരുപ്പ്. ഭാര്യയും കുട്ടികളും ചുറ്റുമുണ്ട്. ഓണസദ്യ ഉണ്ണാനായി രാജന്‍ ഒരു ഉരുള നന്നായി ഉരുട്ടി വായുടെ തൊട്ടു താഴെ കൊണ്ടു വന്ന് ഉള്ളിലേക്ക് ഒരേറ്, ഇതാണ് അദ്ദേഹത്തിന്റെ സ്ഥിരം ശൈലി.
രാജന്‍ ഒരു ഉരുള ഉരുട്ടി വായിലേക്കിട്ടു, പിറകെ രണ്ടാമതും ഒന്ന് ഉരുട്ടി വായിലേക്കിട്ടു. വായിലേക്ക് ഇടുന്നത് മിച്ചം, ഒന്നും അകത്താവുന്നില്ല. രാജന്‍ അലമുറയിട്ട് കരഞ്ഞുകൊണ്ട് ഇറങ്ങി ഒരോട്ടം, മക്കള്‍ പിന്നാലെ. അവസാനം അപ്പനെ മക്കള്‍ കവലയിലിട്ട് പിടികൂടി. കാര്യമെന്താണെന്ന് മക്കള്‍ തിരക്കിയപ്പോള്‍ വലിയവായയില്‍ കരയുന്ന രാജന് ഒന്നുമാത്രമേ പറയാനുള്ളൂ, “അപ്പന് വായില്ലെടാ മക്കളേ!”
യഥാര്‍ത്ഥത്തില്‍ രാജന് ഒരു കുഴപ്പവുമില്ലായിരുന്നു. അടിച്ചു ഫിറ്റായി രാജന്‍ ഉരുട്ടിയെറിഞ്ഞ ഉരുളകളെല്ലാം പിന്നിലെ ഭിത്തിയില്‍ ചെന്നു വീഴുകയായിരുന്നു. ഓണക്കുടിയോടെ തന്റെ വായ അപ്രത്യക്ഷമായെന്നാണ് രാജന്‍ കരുതിയത്! മദ്യം പോലെയായിരിക്കും അധികാരവും ലഹരി കയറിയാല്‍ പിന്നെ അതില്ലാതെ പറ്റുമോ? ലഹരി കയറുമ്പോള്‍ പലതും മറക്കാം, സംസാരവും.