Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്ങനെ മമ്മൂട്ടി വീണ്ടും മികച്ച നടന്‍

ദുര്‍ബല്‍ കുമാര്‍

അങ്ങനെ മമ്മൂട്ടി വീണ്ടും മികച്ച നടന്‍
, ശനി, 27 ഫെബ്രുവരി 2010 (20:00 IST)
PRO
'അമ്മ’യുടെ ഏറ്റവും പുതിയ സിനിമയില്‍ അവസാന രംഗങ്ങളില്‍ അതിഥി വേഷത്തിലെത്തി മലയാളത്തിലെ മെഗാസ്റ്റാര്‍ വീണ്ടും മികച്ച നടനായി. ഇടിവെട്ടു ഡയലോഗുകളിലൂടെ കടന്നുപോയ സിനിമയ്ക്ക് ഏതായാലും ശുഭാന്ത്യമായിരുന്നു. മേയ്ക്കപ്പുകള്‍ അഴിക്കാതെ തനി ‘പോക്കിരിരാജാ’ സ്റ്റൈലില്‍ തന്നെയാണ് മമ്മൂട്ടിയെത്തിയത്. വെറും 22 ദിവസം ഷൂട്ടു ചെയ്ത സിനിമയുടെ അവസാനരംഗങ്ങളില്‍ മാത്രമായിരുന്നു മമ്മൂട്ടിയെങ്കിലും പഞ്ച് ഡയലോഗ് ആണ് അദ്ദേഹത്തെ വീണ്ടും മികച്ച നടനാക്കിയത്.

‘ക്രിസ്ത്യന്‍ ബ്രദേഴ്സ് മുതല്‍ അഴീക്കോട് വരെ’ എന്ന സിനിമയില്‍ മലയാളത്തിലെ അഭിനയ പെരുന്തച്ചന്മാരും സൂപ്പര്‍ സ്റ്റാറുകളും കോമഡി ആര്‍ട്ടിസ്റ്റുകളും സഹനടന്മാരുമൊക്കെ അഭിനയിച്ചിരുന്നു. ‘ഗുല്‍മോഹറിനും’ ‘തിരക്കഥയ്ക്കും’ ശേഷം ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത് വീണ്ടും തല കാണിച്ച സിനിമയായിരുന്നു ഇത്.

കൂടാതെ, കേരളത്തിലെ സംസ്കാരിക നായകന്മാരും ചില രാഷ്ട്രീയ നേതാക്കളും വേദിയിലെത്തി. സംസ്കാരിക മന്ത്രി എം എ ബേബിക്കും ഒരു ചെറിയ വേഷം ലഭിച്ചിരുന്നു. പ്രതിഫലമില്ലാതെയായിരുന്നു അമ്മ സംവിധാനം ചെയ്ത ഈ സിനിമയില്‍ ഇവരെല്ലാവരും അഭിനയിച്ചത്. ഒഴുക്കന്‍ തിരക്കഥ കൊണ്ടും സ്വാഭാവിക അഭിനയം കൊണ്ടും ഓരോരുത്തരും മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

നിരവധി അണിയറ ‘ഒരുക്കങ്ങള്‍’ക്കു ശേഷം ഈ മാസം അഞ്ചാം തീയതിയായിരുന്നു സിനിമയുടെ പൂജ. പതിവില്‍ നിന്നു വ്യത്യസ്തമായി അഭിനയ പെരുന്തച്ചന്‍ തിലകന്‍റെ കുത്തിയിരുപ്പ് സമരത്തോടെയാണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ലൈവ് റെക്കോര്‍ഡിംഗ് ആയതുകാരണം സ്വരവും ഭാവവും എല്ലാം നിശ്ചിത അളവില്‍ തന്നെയാണ് എല്ലാവരും ക്യാമറയിലെത്തിച്ചത്. ഷൂട്ടു ചെയ്യുന്ന ദൃശ്യങ്ങള്‍ അതാതു ദിവസങ്ങളില്‍ തന്നെ പൊതു ജനങ്ങളിലെത്തിച്ചതു കൊണ്ട് വന്‍ ബോക്സ് ഓഫീസ് വിജയമായിരുന്നു ചിത്രം. കുത്തിയിരുപ്പ് സമരത്തിലുടെ തുടങ്ങിയ തിലകന് പിന്തുണയുമായി സി പി ഐ രംഗത്തെത്തിയത് സിനിമയുടെ ഉദ്വേഗം വര്‍ദ്ധിപ്പിച്ചു.

തിരക്കഥ ആദ്യമേ തയ്യാറാക്കിയിരുന്നില്ലെങ്കിലും ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച തിരക്കഥയായി പിന്നീട് ഇതു മാറി. എഴുത്തുകാരും സാംസ്കാരിക നായകരും ഇടയ്ക്ക് നല്കിയ കിടിലന്‍ ഡയലോഗുകള്‍ ഈ തിരക്കഥയ്ക്കു നല്കിയ ജീവന്‍ അപാരമായിരുന്നു. ജോഷി സംവിധാനം ചെയ്യുന്ന ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ എന്ന സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനു പിന്നില്‍ മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാറാണെന്ന ആരോപണവുമായി തിലകന്‍ പരസ്യമായി രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് കമ്യൂണിസ്റ്റുകാരനായ തന്‍റെ പ്രശ്നങ്ങള്‍ക്ക് പാര്‍ട്ടി ചാനല്‍ പിന്തുണ നല്‍കാത്തതിനു കാരണം അതിന്‍റെ തലപ്പത്തുള്ള ഒരു നടനാണ് എന്ന് സംശയിക്കുന്നതായും തിലകന്‍ ആരോപിച്ചു.

ആരോപണങ്ങളായിരുന്നു ഈ സിനിമയുടെ ബലവും കാമ്പും. ‘ക്രിസ്ത്യന്‍ ബ്രദേഴ്സ്’ എന്ന സിനിമയില്‍ നിന്ന് തിലകനെ ഒഴിവാക്കണമെന്ന് ഫെഫ്ക സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ഫിലിം ചേംബറിന് കത്തെഴുതിയെന്നായിരുന്നു തിലകന്‍റെ ആരോപണം. ഇക്കാര്യം തെളിയിച്ചാല്‍ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറിസ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഉണ്ണികൃഷ്ണന്‍ തിരിച്ചടിച്ചു. ഫെഫ്ക മാഫിയാ സംഘമല്ലെന്നും തിലകനിലെ നടന്‍ മുമ്പുതന്നെ ആത്മഹത്യ ചെയ്തു കഴിഞ്ഞതായും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, ഫെഫ്ക സെക്രട്ടറിയുടെ അഭിനയം തിലകന് ഇഷ്ടപ്പെട്ടില്ല. ഉണ്ണികൃഷ്ണന്‍ ആര്‍ക്കോ വേണ്ടി മിമിക്രി നടത്തുകയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം.

തുടക്കം മുതല്‍ വില്ലന്‍ വേഷത്തില്‍ കസറുകയായിരുന്ന തിലകന്‍ മാപ്പു പറയണമെന്ന ആവശ്യവുമായി ‘അമ്മ’യെന്ന കുടുംബം രംഗത്തെത്തിയതോടെ സംഗതി വീണ്ടും വഷളായി. അമ്മ കുടുംബത്തിലുള്ള ഒറ്റയാളെയും കണ്ടുകൂടാത്ത തിലകന്‍ പക്ഷേ ശക്തമായ നിലപാടില്‍ തന്നെയായിരുന്നു. ‘അമ്മ’ പരിശുദ്ധയല്ലെന്നും പരിശുദ്ധ ചമയുകയാണെന്നും അമ്മയുടെ ഒരു കൈനീട്ടവും തനിക്കു വേണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്, മമ്മൂട്ടിയുടെ ശിങ്കിടികള്‍ തന്നെ കൊല്ലാന്‍ നടക്കുകയാണെന്നു കൂടി തിലകന്‍ പരാതിപ്പെട്ടപ്പോള്‍ സാംസ്കാരിക കേരളവും ഒന്നു ഞെട്ടി. ഒറ്റയാനായി സിനിമയില്‍ ഉടനീളം നിലകൊണ്ട തിലകന്‍ വധഭീഷണിയെ തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയായിരുന്നു.

തിലകന്‍റെ വികാരനിര്‍ഭരമായ ഡയലോഗുകള്‍ കേട്ടാണ് സുകുമാര്‍ അഴീക്കോട്, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നീ സാഹിത്യ - സാംസ്കാരിക നായകര്‍ രംഗത്തെത്തിയത്. മോഹന്‍ലാലിന്‍റെ അഭിനയം അശ്ലീലമാണെന്നും ലാല്‍ മേക്കപ്പ് അഴിച്ചു മാറ്റിയാല്‍ ഒപ്പമഭിനയിക്കുന്ന പതിനേഴുകാരികള്‍ ബോധം കെട്ട് വീഴുമെന്നും അഴീക്കോട് പറഞ്ഞത് സിനിമയ്ക്ക് പതിവുചേരുവായ മസാലച്ചുവ നല്കി. ഒരു സെക്സി നടി പോലും ഇല്ലാതിരുന്നിട്ടും സിനിമ ആകെയൊന്നു കൊഴുത്തു. ഹേമമാലിനിയുടെ നെഞ്ചത്തെ നെക്‍ലെസൊക്കെ അതിന്‍റെ ഭാഗമായിരുന്നു. പുനത്തില്‍ കുഞ്ഞബ്ദുള്ള ഇടയ്ക്ക് വന്നെങ്കിലും വേണ്ടത്ര പ്രേക്ഷകശ്രദ്ധ നേടാന്‍ കഴിഞ്ഞില്ല.

പിന്നെയൊരു ഡയലോഗ് മാമാങ്കമായിരുന്നു. ലാല്‍ വിളിച്ചെന്നും ഒരു മേശയുടെ ചുറ്റുമിരുന്ന് ചര്‍ച്ച നടത്താമെന്ന് പറഞ്ഞെന്നും അഴീക്കോട്. അങ്ങനെയെങ്കില്‍ സാംസ്കാരിക വകുപ്പ് റെഡിയെന്ന് മന്ത്രി. ഉപാധികളോടെ താനും റെഡിയാണെന്ന് തിലകന്‍. അത്രയും ദിവസം പ്രതികരിക്കാതിരുന്ന ലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് പ്ലേറ്റ് വീണ്ടും മാറ്റി. സിനിമാക്കാരുടെ പ്രശ്നങ്ങള്‍ തങ്ങള്‍ പരിഹരിച്ചോളാമെന്നും അഴീക്കോട് ഇടപെടേണ്ടെന്നും ലാല്‍. പിന്നെ തിലകന്‍ പ്രശ്നമൊക്കെ എതിലേ പോയെന്ന് കണ്ടില്ല. തത്വമസി എഴുതിയതു കൊണ്ട് മാത്രമായില്ല സ്വഭാവം കൂടി നന്നാക്കണമെന്ന് ലാല്‍. അഭിനയലോകത്തിനും അപ്പുറമുള്ള ലോകത്താണ് ലാലെന്ന് അഴീക്കോട്.

എതായാലും കുടുംബത്തിലുള്ളവനെ സാംസ്കാരിക നായകന്‍ തെറി വിളിക്കുന്നത് കേട്ട് ഗൃഹസ്ഥന് ഇരിക്കപ്പൊറുതി വന്നില്ല. ഞങ്ങടെ പ്രശ്നത്തില്‍ നിങ്ങളാരും ഇടപെടണ്ട എന്ന പ്രഖ്യാപനവുമായി വീട്ടുകാരന്‍ ഇന്നസെന്‍റ് വന്നു. അഴീക്കോട് ചക്കക്കൂട്ടാന്‍ കണ്ടപോലെയാണെന്നും പറഞ്ഞു ഇന്നസെന്‍റ്. ഇതുകേട്ട തിലകന്‍ അഴീക്കോടിന് പൂര്‍ണപിന്തുണയുമായെത്തി. എന്നെപ്പറഞ്ഞാല്‍ ഞാനും പറയുമെന്ന് തുടങ്ങി ഉടന്‍ വന്നു അഴീക്കോടന്‍ മറുപടി. ഇന്നസെന്‍റ് അത്ര ഇന്നസെന്‍റ് അല്ലെന്നും മമ്മൂട്ടിയും മോഹന്‍ലാലും പുതുമുഖ താരങ്ങള്‍ക്ക് വഴിമുടക്കി നില്ക്കുകയാണെന്നും ആരോപിച്ചു. പിന്നെയാരും ഒന്നും മിണ്ടിയില്ല!

ഒരു ദിവസത്തെ ഇടവേള. വെള്ളിയാഴ്ച, അന്നു കേന്ദ്ര പൊതുബജറ്റായിരുന്നു. ചാനലുകളായ ചാനലുകള്‍ മൊത്തം ബജറ്റ് അവതരണവും ചര്‍ച്ചകളും പ്രതികരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. അതുകൊണ്ട് അന്നൊരു പത്രസമ്മേളനം നടത്തിയാല്‍ വേണ്ട പ്രസക്തി കിട്ടില്ലെന്ന് മമ്മൂട്ടിയെ ആരെങ്കിലും പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമുണ്ടോ. താന്‍ കാരണം തുടങ്ങിയ പ്രശ്നങ്ങളെല്ലാം താനായിട്ട് അവസാനിപ്പിക്കുന്നു എന്ന നിലയിലായിരുന്നു ശനിയാഴ്ചത്തെ വാര്‍ത്താസമ്മേളനം. പൃഥ്വിരാജിനെയും പത്രസമ്മേളനത്തിന് കൂടെക്കൂട്ടിയതോടെ താന്‍ യുവതാരങ്ങള്‍ക്കൊപ്പമാണെന്ന് പറയാതെ പറയുകയായിരുന്നു മമ്മൂട്ടി. എല്ലാവരെയും ബഹുമാനിച്ച് (തിലകന്‍ ചേട്ടന്‍, അഴീക്കോട് മാഷ് തുടങ്ങിയ പരാമര്‍ശങ്ങള്‍) കാച്ചികുറുക്കിയ വാക്കുകളുമായി ഒരു വാര്‍ത്താസമ്മേളനം. ഇതോടെ അമ്മ പരസ്യവിവാദത്തില്‍ നിന്ന് പിന്‍വാങ്ങുന്നു എന്ന അവസാന അറിയിപ്പ്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒരു മറുപടിയും ഇല്ല. അമ്മയുടെ അന്തിമവാക്ക് താന്‍ തന്നെയാണെന്നല്ലേ ഇതിന്‍റെ അര്‍ത്ഥം? മമ്മൂട്ടി മലയാളത്തിലെ സൂപ്പര്‍ സ്റ്റാറല്ല, മെഗാസ്റ്റാറാണെന്ന് തിലകന്‍ പറഞ്ഞത് വെറുതെയാണോ?

Share this Story:

Follow Webdunia malayalam