Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

അവസാനം മുനീറിനും ഇന്ത്യാവിഷന്‍ വേണ്ട!

ജോണ്‍ കെ ഏലിയാസ്

കുഞ്ഞാലിക്കുട്ടി
, ശനി, 22 ഒക്‌ടോബര്‍ 2011 (10:27 IST)
PRO
PRO
കുഞ്ഞാലിക്കുട്ടിയെ നിര്‍ത്തിപ്പൊരിച്ച ചാനലാണ് ഇന്ത്യാവിഷന്‍. ഐസ്ക്രീം കേസ് വല്ലവിധേനെയും പൊതുജനത്തിന്റെ ശ്രദ്ധയില്‍ നിന്ന് വിട്ടുപോയപ്പോഴൊക്കെ സാക്ഷികളെയും ഇരകളെയും മറ്റും ലൈവായി അവതരിപ്പിച്ച് കേസ് സജീവമാക്കി നിര്‍ത്തിയതും ഇന്ത്യാവിഷനാണ്. ഈ സമയത്തൊക്കെ എം‌കെ മുനീര്‍ ആയിരുന്നു ഇന്ത്യാവിഷന്റെ ചെയര്‍മാന്‍ എന്ന കാര്യം ശ്രദ്ധേയമാണ്. കുഞ്ഞാലിക്കുട്ടിയെ വരച്ച വരയില്‍ നിര്‍ത്താന്‍ മുനീര്‍ നടത്തിയ ശ്രമങ്ങളാണ് ഇന്ത്യാവിഷന്റെ ‘ഐസ്‌ക്രീം ഇടപെടലുകള്‍’ എന്ന് പണ്ടേ വിമര്‍ശനം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ കുഞ്ഞാലിക്കുട്ടിയും മുനീറും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥിതിഗതികള്‍ മാറി. ഇരുവരും പൊതുവേദികളില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെടാനും തങ്ങള്‍ക്കിടയില്‍ ഒരു കുഴപ്പവും ഇല്ല എന്ന് വരുത്താനും ആയി തുടര്‍ന്ന് ശ്രമങ്ങള്‍. അവസാനം നേരിയ ഭൂരിപക്ഷത്തില്‍ യു‌ഡി‌എഫ് അധികാരത്തില്‍ എത്തുകയും മുനീറിന് മുമ്പില്‍ മന്ത്രിപദം എത്തുകയും ചെയ്തപ്പോള്‍ സ്ഥിതിഗതികള്‍ വീണ്ടും മാറി. അവസാനം ഇന്ത്യാവിഷന്റെ ചെയര്‍മാന്‍ സ്ഥാനം മുനീര്‍ രാജിവയ്ക്കുകയും ചെയ്തു.

‘ഏത് ഇന്ത്യാവിഷന്‍, എന്ത് ഇന്ത്യാവിഷന്‍’ എന്നാണ് മുനീറിപ്പോള്‍ ചോദിക്കുന്നത്. ഒരു നേതാവിനെ വിടാതെ പിന്നാലെ പിന്തുടര്‍ന്ന് പീഡിപ്പിക്കുന്നതിനോട് തനിക്ക് യാതൊരു വിധ യോജിപ്പും ഇല്ലെന്നാണ് മുനീറിന്റെ ഇപ്പോഴത്തെ അഭിപ്രായം. ഈ നേതാവ് കുഞ്ഞാലിക്കുട്ടിയാണെന്നും കേസ് ‘ഐസ്ക്രീം’ ആണെന്നും പൊതുജനത്തിന് നന്നായറിയാം. ഐസ്ക്രീം കേസില്‍ ഇന്ത്യാവിഷന്‍ കൊണ്ടുവന്ന തെളിവുകളൊക്കെയും ചാനലിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയായ മുനീര്‍ ഇപ്പോള്‍ തള്ളിക്കളയുകയാണ്.

‘ഒളികാമറ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന സ്ഥിതിയാണ്‌ ഇന്നുള്ളത്‌. ഒളികാമറ ദുരുപയോഗപ്പെടുത്തുന്നത്‌ പ്രതിഷേധാര്‍ഹമാണ്‌. എഡിറ്റോറിയല്‍ സ്വാതന്ത്ര്യം അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടാനുള്ളതല്ല. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും എന്നും നേരിനുവേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധി എന്ന നിലയിലും ആ പ്രസ്ഥാനത്തിന്റെ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുക എന്നത്‌ എന്റെ ധര്‍മമാണ്’ എന്നാണ് മുനീര്‍ ഇപ്പോള്‍ പറയുന്നത്.

‘അഭിപ്രായം ഇരുമ്പുലക്കയല്ല’, ‘ചക്കരക്കുടത്തില്‍ കയ്യിട്ടാല്‍...’, ‘കാര്യം കാണാന്‍...’, ‘പാലം കടക്കുവോളം...’ എന്നൊക്കെയുള്ള പഴമൊഴി വഴക്കങ്ങള്‍ ഇത്ര നന്നായി പ്രയോഗത്തില്‍ വരുത്തുന്ന ഡോക്‌ടര്‍ എം‌കെ മുനീറിനെ അദ്ദേഹം പിന്തുടരുന്ന മാധ്യമധര്‍മത്തിന്റെ പേരില്‍ എത്ര പ്രശംസിച്ചാലും മതിയാകില്ല. ‘ഐസ്ക്രീം’ എന്നൊരു കേസേ ഇല്ലെന്നും ‘ഐസ്ക്രീം’ എന്നാല്‍ തിന്നാന്‍ പറ്റുന്ന ഒരു സാധനമാണെന്നും മുനീര്‍ പറയുകയാണെങ്കിലും മാലോകര്‍ ഇനി അത്ഭുതപ്പെടേണ്ടതില്ല!

Share this Story:

Follow Webdunia malayalam