Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു അച്ഛന്‍ മകനുവേണ്ടി അയച്ച കത്തുകള്‍!

ദുര്‍ബല്‍ കുമാര്‍

ഒരു അച്ഛന്‍ മകനുവേണ്ടി അയച്ച കത്തുകള്‍!
, ബുധന്‍, 13 ജനുവരി 2010 (22:04 IST)
PRO
പ്രായം കുറച്ച് അധികമായാലെന്താ? കണ്ണിനു മങ്ങലൊന്നുമില്ല...വലിയ വിറയലില്ലാതെ എഴുതാന്‍ പറ്റുന്നുമുണ്ട്. പിന്നെ ഇപ്പോള്‍ പ്രത്യേകിച്ച് ജോലിയൊന്നുമില്ലല്ലോ. നമ്മളൊക്കെ പഴയ ആളല്ലേ. ഫോണ്‍ വിളിച്ചു കാശുകളയുന്നതിലൊന്നും താല്‍‌പ്പര്യമില്ല. കത്ത് അയയ്ക്കുന്നതിന്‍റെ സുഖം ഫോണ്‍ ചെവിയില്‍ വച്ചാല്‍ കിട്ടുകയുമില്ല.

ഇപ്പോഴത്തെ ഹോബി എന്നു പറയുന്നതു കത്തെഴുത്ത് തന്നെയാണ്. വെറുതെ കത്തെഴുതുന്നതില്‍ ഒരു സുഖമില്ല. കത്തെഴുത്ത് മകനുവേണ്ടിയാകുമ്പോള്‍ അല്‍പ്പം അഭിമാനമൊക്കെയുണ്ട്. കോണ്‍ഗ്രസിലെ ചെന്നിത്തല മുതല്‍ സോണിയാജി വരെയുള്ളവര്‍ക്ക് എഴുതിക്കളയാം. എന്തെങ്കിലും പ്രയോജനമുണ്ടാകുമെന്നു കരുതിയല്ല. മകനു വേണ്ടി ഒന്നും ചെയ്തില്ലെന്ന് പിന്നെ ആരും കുറ്റം പറയരുത്.

നമ്മുടെ കത്തെഴുത്ത് ഒരു പ്രത്യേക രീതിയിലാണ്. അതില്‍ താഴ്മയും എളിമയുമൊന്നുമില്ല. എല്ലാ കത്തും ‘ഓര്‍ഡര്‍’ രൂപത്തിലാണ്. ‘എന്‍റെ മകനെ മര്യാദയ്ക്ക് കോണ്‍ഗ്രസിലെടുക്കണം’ - ഈ മട്ട്. നമ്മള്‍ മുതിര്‍ന്ന നേതാവും ലീഡറുമല്ലേ. ആജ്ഞാപിച്ചാണ് പണ്ടേ ശീലം. പക്ഷേ എന്തുകൊണ്ടോ, ആരും ഇതുവരെ മറുപടി അയച്ചിട്ടില്ല. അവരുടെ സമയക്കുറവുകൊണ്ടാകും. പക്ഷേ കത്തെഴുത്ത് പരിപാടി അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല.

ഇതുവരെ മൂന്ന് കത്തുകളാണ് അയച്ചിട്ടുള്ളത്. ഇനി എത്രയും എഴുതാന്‍ തയ്യാറുമാണ്. അതിനായി കോണ്‍ഗ്രസിലെ വാലറ്റം മുതല്‍ മുകളറ്റം വരെയുള്ളവരുടെ ലിസ്റ്റ് എടുത്തുകൊണ്ടിരിക്കുകയാണ്. ഉണ്ണിത്താന്‍ മുതല്‍ തിവാരി വരെയും ചെന്നിത്തല തൊട്ട് അഹമ്മദ് പട്ടേല്‍ വരെയുള്ളവരുടെയും പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. കത്തിനൊടുവില്‍ ‘മറുപടി പ്രതീക്ഷിക്കുന്നില്ല’ എന്നൊരു കുറിപ്പും ചേര്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

എഴുതുന്ന കത്തുകളുടെ കോപ്പികള്‍ നമ്മുടെ കൈവശം സൂക്ഷിച്ചിട്ടുണ്ട്. ‘അച്ഛന്‍ മകനുവേണ്ടി അയച്ച കത്തുകള്‍’ എന്ന പേരില്‍ പ്രസിദ്ധം ചെയ്യാം. പ്രകാശനത്തിന് ഉമ്മനെയും ചെന്നിത്തലയെയും വിളിക്കാം. വാ നിറയെ ചിരിയുമായി അവര്‍ വരാതിരിക്കില്ല. ജയ് ഗുരുവായൂരപ്പാ!

Share this Story:

Follow Webdunia malayalam