‘കണ്ണൂര്’ എന്നു കേട്ടാല്‍ ചോര തിളയ്ക്കണം ഞരമ്പുകളില്‍ എന്നു പാടിയതാരാണ്? ഇനി അങ്ങനെ ആരെങ്കിലും പാടിയില്ലെങ്കില്‍ തന്നെ തിളയ്ക്കുന്ന ചോരയാണ് അത്ഭുതക്കുട്ടി സാഹിബ്, കെ സുധാകരന്‍, എം വി ജയരാജന്‍, പി ശശി സഖാവ് തുടങ്ങിയവരുടേത്. അങ്ങനെ തിളയ്ക്കുന്ന വഴി നാവു പിഴച്ച് ചില അബദ്ധങ്ങളെങ്ങാന്‍ വന്നുപോയാല്‍...അതിനൊക്കെ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ പടിക്കല്‍ പോയി പരാതി ബോധിപ്പിക്കുന്നതെന്തിന്?
തഹസീല്‍ദാരുടെ മുറിയില്‍ കയറി ‘അടിച്ചു പല്ലുകൊഴിക്കും’ എന്ന ധീരപ്രഖ്യാപനം നടത്തിയതിന് ഇടതന്‍മാര്‍ എന്തിന് തുള്ളണം. ഇതാണ് ചങ്കൂറ്റം, ഈ പ്രഖ്യാപനത്തിന്‍റെ രണ്ടു ഫോട്ടോസ്റ്റാറ്റ് കോപ്പി പ്രയോഗം കളക്ടറോടും നടത്താനിരുന്നതാണ്. അതിനു മുമ്പ് പത്രസമ്മേളനം വിളിച്ച് നമ്മുടെ വയലാര്‍ജി കളക്ടര്‍ക്കിട്ട് കണക്കിനു കൊടുത്തു. അതേക്കുറിച്ചുള്ള പരാതി പോയതും തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിലേക്ക്.
തെരഞ്ഞെടുപ്പു കാലമായതോടെ കണ്ണൂര്‍ തിളച്ചുമറിയുകയാണ്. ഇത്രയും ചൂട് ആലപ്പുഴയിലോ എറണാകുളത്തോ ഇല്ല. അല്ലെങ്കില്‍ തന്നെ പാവം സീനുലാലിനും ഷുക്കൂറിനുമൊക്കെ, സുധാകരന്‍റെയും ജയരാജന്‍റെയും ശൌര്യം വരുമോ? കയ്യാങ്കളിയും ചീത്തവിളിയും പോര്‍വിളിയും വോട്ടുചേര്‍ക്കല്‍ വിവാദവുമൊക്കെയായി, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കണ്ണൂര്‍ തന്നെ താരം. അപ്പോള്‍ താരങ്ങളില്‍ താരം ആര്‍? സുധാകരനോ പി ശശിയോ?
PRO
പല്ലുകൊഴിക്കല്‍ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെ പി ശശിയുടെ പ്രകടനവും ചാനലുകളില്‍ നിറഞ്ഞു. ‘ഇനി ഇങ്ങനെ വന്നു പെട്ടാല്‍ ആളു കാണില്ല’ എന്നാണ് ചിലരോട് ശശിയുടെ വെല്ലുവിളി. മുണ്ടും മടക്കിക്കുത്തി ശശിയും കൂട്ടരും തിമര്‍ത്തു നടക്കുമ്പോള്‍ ഒരു മൂലയ്ക്കൊതുങ്ങിയിരുന്ന് പിറുപിറുക്കുന്നത് മറ്റാരുമല്ല. ഡി സി സി പ്രസിഡന്‍റ് എന്‍ രാമകൃഷ്ണന്‍. കാത്തുകാത്തിരുന്ന സീറ്റ് അത്ഭുതക്കുട്ടി കൊത്തിപ്പോയതിനാല്‍ ഇഞ്ചികടിച്ചതുപോലെയാണ് ഇപ്പോള്‍ കക്ഷിയുടെ നടപ്പ്.
അബ്ദുള്ളക്കുട്ടിയോ? താന്‍ വഞ്ചകനല്ലെന്നും നല്ലവനുക്കു നല്ലവനാണെന്നും ചാനല്‍ പരിപാടികളില്‍ ഉറക്കെ വിളിച്ചു പറയുന്നു. നരേന്ദ്രമോഡിയുടെ വികസനനിലപാടുകളെ ഇപ്പോഴും പ്രകീര്‍ത്തിക്കുന്നുണ്ടോ എന്നു ചോദിച്ചാല്‍ മാത്രം മിണ്ടില്ല. ഇപ്പോള്‍ പുള്ളിക്കാരന്‍ പറയുന്നത്, വികസനക്കാര്യത്തില്‍ മന്‍മോഹന്‍റത്ര വരില്ല മോഡി എന്നാണ്. പ്രണയത്തിനും വികസനപ്രവര്‍ത്തനങ്ങള്‍ക്കും കണ്ണുകാണില്ല എന്നത് സി പി എമ്മിലെ വരട്ടുതത്വവാദികള്‍ക്കറിയുമോ എന്നാണ് അബ്ദുള്ളക്കുട്ടി ചോദിക്കുന്നത്.
ഗുരുവും ശിഷ്യനും തമ്മിലുള്ള പോരിന് വാശികൂടും. ശിഷ്യനെ എങ്ങനെയും തോല്‍പ്പിച്ചില്ലെങ്കില്‍ ഗുരുവിന്‍റെ പേരു പോയതു തന്നെ. പണ്ട് ഗുരുദക്ഷിണ വാങ്ങി എല്ലാ കുരുത്തക്കേടുകളും പഠിപ്പിച്ചുകൊടുക്കുമ്പോള്‍ ഇങ്ങനെയൊരു ചതി ഗുരു പ്രതീക്ഷിച്ചു കാണില്ല. ഗുരുവിനെ ഞെട്ടിച്ചുകൊണ്ടാണ് ശിഷ്യന്‍ മുന്നിലെത്തിയത്. ഗുരുവിനറിയാത്ത ‘കാലുമാറല്‍’ വിദ്യ അസാധാരണമായ മെയ്‌വഴക്കത്തോടെ ശിഷ്യന്‍ കാണിച്ചപ്പോല്‍ ഗുരുവും ഗുരുവിന്‍റെ കളരിത്തറയും ഞെട്ടിവിറച്ചു.
PRO
ഇപ്പോള്‍ ഗുരുവും ശിഷ്യനുമില്ല, എതിരാളികള്‍ മാത്രം. എതിരാളി സ്വന്തം ബന്ധുവാണെങ്കില്‍ പോലും പടക്കളത്തില്‍ പിന്‍മാറ്റം പാടില്ലെന്ന് സാക്ഷാല്‍ കൃഷ്ണഭഗവാനാണ് പറഞ്ഞത്. ഗുരുവിനെ വീഴ്ത്താന്‍ തന്നെയാണ് ശിഷ്യന്‍റെ പുറപ്പാട്. ശിഷ്യനോട് തോല്‍ക്കുക, ആലോചിക്കാനേ വയ്യ. തോല്‍വി എന്നത് അങ്ങേയറ്റം അപമാനകരം. അപ്പോള്‍ വാശിയോടെ പോരാടുക. ജയിക്കാനായി എന്തു മറിമായവും കാട്ടുക. സുധാകര - ശശി ഇത്യാദി മാന്യദേഹങ്ങളെ നിരത്തിലിറക്കിയുള്ള അലമ്പുണ്ടാക്കല്‍ ഇതിന്‍റെ ഭാഗമാണ്.
ഇനിയും മാജിക്കുകള്‍ പ്രതീക്ഷിക്കാം. അപരന്‍മാരെ നഗരത്തിലിറക്കാം. അതും നടത്തിക്കഴിഞ്ഞു. അത്ഭുതക്കുട്ടിക്ക് അപരന്‍മാര്‍ ആറുപേര്‍. ജയരാജനാകട്ടെ വെറും രണ്ട്(ഇവരുടെ ഇനിഷ്യല്‍ ഇനി പരിശോധിക്കണം. ‘പി’, ‘ഇ പി’ എന്നിവയല്ലെന്നറിഞ്ഞാല്‍ മാത്രം ആശ്വാസം).
പോരാട്ടം മുറുകുകയാണ്. വായ്പ്പോരും മെയ്പ്പോരും തകര്‍ക്കുന്നു. കാണാന്‍ ഇനിയെത്ര കളി ബാക്കി. ദിവസങ്ങള്‍ ഇനിയുമുണ്ടല്ലോ. നവംബര്‍ ഏഴു വരെ പൊരിഞ്ഞ കളി. അതിനു ശേഷം രണ്ടു ദിവസം മൌനം. 10ന് യഥാര്‍ത്ഥ കളി. ശിഷ്യന്‍ വാഴുമോ ഗുരു വാഴുമോ? ആരു വാണാലും വീഴാന്‍ ജനം റെഡിയാണ്. കണ്ണൂരിലെ തീ പാറുന്ന രാഷ്ട്രീയത്തെ വോട്ടുചെയ്തെങ്കിലും പ്രോത്സാഹിപ്പിച്ചില്ലെങ്കില്‍... ജയ് അത്ഭുതക്കുട്ടി...ജയ് ജയരാജ.