Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലന്‍ യോദ്ധാവായി; താരങ്ങള്‍ മണ്ണിലിറങ്ങി

ദുര്‍ബല്‍ കുമാര്‍

കൊല്ലന്‍ യോദ്ധാവായി; താരങ്ങള്‍ മണ്ണിലിറങ്ങി
, ചൊവ്വ, 8 സെപ്‌റ്റംബര്‍ 2009 (14:00 IST)
PRO
ഭീഷ്മ പിതാമഹന് അധികം അവതാരങ്ങളൊന്നും ഭൂമിയില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ അങ്ങനെയങ്ങ് തീര്‍ത്തു പറഞ്ഞുകൂടാ. ഈയടുത്തകാലത്ത് ആലപ്പുഴയില്‍ ഭീഷ്മര്‍ അവതാരം കൊണ്ടു. അതും ഒന്നല്ല, രണ്ടു വീരജന്‍‌മങ്ങള്‍. ഒരു അവതാരപുരുഷന് ഓം‌പ്രകാശ് എന്നു പേര് (ഈ പേര് കേട്ടു തുടങ്ങിയ ശേഷം കേരള രാഷ്ട്രീയ ഭൂപടത്തില്‍ പ്രകാശ്കാരാട്ടെന്ന പേര് അപ്രസക്തമായിത്തുടങ്ങിയെന്ന് ചില വഴിപോക്കര്‍‍). മറ്റൊരാള്‍ മംഗലശേരി നീലകണ്ഠനെപ്പോലൊരുത്തന്‍ - പുത്തന്‍പാലം രാജേഷ്.

ഈ സഖാക്കളും ഭീഷ്മരും തമ്മിലുള്ള സാമ്യം രണ്ടും സ്വച്ഛന്ദമൃത്യു ആണെന്നുള്ളതാണ്. ഓം‌പ്രകാശിനെയോ രാജേഷിനെയോ വധിക്കാന്‍ ആര്‍ക്കുമാകില്ല. ചിത്രവധം പോലും സാധ്യമല്ല. അതിന് ചില മാധ്യമ സിന്‍ഡിക്കേറ്റുകള്‍ ശ്രമിക്കുന്നുണ്ടെന്നാണ് ആഭ്യന്തര ആരോപണം. പിടികൂടുക, കീഴടക്കുക തുടങ്ങിയ പ്രയോഗങ്ങള്‍ ഇവരുടെ കാര്യത്തില്‍ കേരളാ പൊലീസിന് ചിന്തിക്കാന്‍ പോലും കഴിയില്ല. പിടികൊടുക്കുക, കീഴടങ്ങുക എന്നിവയെക്കുറിച്ച് ഗുണ്ടാവീരന്‍‌മാര്‍ കനിവു തോന്നി തീരുമാനിച്ചെന്നിരിക്കും.

അങ്ങനെയൊരു കനിവു തോന്നിയിരിക്കുന്നു സാക്ഷാല്‍ ഭീഷ്മാവതാരങ്ങള്‍ക്ക്. കീഴടങ്ങിയേക്കാം. പാവം പൊലീസുകാരെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതില്‍ മനസ്താപം തോന്നിത്തുടങ്ങിട്ട് ദിവസങ്ങളായി. തിരോന്തോരത്തെങ്ങാണ്ടുള്ള ഒരു പ്രതാപന് ഇരുട്ടടി നല്‍കിയ കേസിലോ മറ്റോ പെറ്റിക്കേസ് ഉള്ളതു കാര്യമായി. ആ പേരും പറഞ്ഞ് തിരുനെല്‍‌വേലിയില്‍ പോയി കീഴടങ്ങാനുള്ള ബുദ്ധി പറഞ്ഞുകൊടുത്തതാരെന്നു മാത്രം പുറത്തുപറയാന്‍ കഴിയില്ല.

സത്യത്തില്‍ ഓം‌പ്രകാശിന്‍റെയും രാജേഷിന്‍റെയും കീഴടങ്ങല്‍ വേഗത്തിലാക്കിയതിന്‍റെ മിടുക്ക് കേരളത്തിലെയോ തമിഴ്നാട്ടിലെയോ പൊലീസിനല്ല. സി ബി ഐ അന്വേഷണം വേണമെന്ന് അലറിവിളിച്ചു നടക്കുന്ന പ്രതിപക്ഷ നേതാവിനോ യുവമോര്‍ച്ചയുടെ സുരേന്ദ്രനോ അല്ല. മറിച്ച്, ആലപ്പുഴയില്‍ ചെറിയ ആല നടത്തുന്ന ഒരു കൊല്ലനാണ്. കൊല്ലന്‍ യോദ്ധാവായി മറിയ കഥയാണിത് (പൊന്‍‌മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തില്‍ തട്ടാന്‍ താരമായി മാറിയതുപോലെ).

ഇംഗ്ലീഷ് അക്ഷരമാലയിലെ ‘s’ എന്ന അക്ഷരത്തിന്‍റെ ആകൃതിയിലുള്ള കത്തി താനാണ് പണിതതെന്നും അത് ആലപ്പുഴ നോര്‍ത്തിലെ ഒരു പാവം പൊലീസ് ഉദ്യോഗസ്ഥന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നെന്നും കൊല്ലന്‍ ഒരു മാധ്യമസംഘത്തോട് വെളിപ്പെടുത്തുന്നു. പൊലീസ് ഉദ്യോഗസ്ഥന് കത്തി പണിയാന്‍ പാടില്ലേ? പൊലീസുകാരന് മാങ്ങചെത്താന്‍ അവകാശമില്ലേ? എന്നൊക്കെ ചോദ്യമുണ്ടായാലും അതിന് ‘s' ആകൃതിയിലുള്ള കത്തി തന്നെ വേണമെന്നില്ലല്ലോ. പ്രത്യേകിച്ചും ‘s' കത്തി ഒരു വിവാദഭൂതമായി മാറിയിരിക്കുന്ന സാഹചര്യത്തില്‍.

കത്തി പൊലീസ് തന്നെ പണിയിച്ചതാണെന്നുള്ള വിവരം പുറത്തു വന്നതോടെ ഇരിക്കപ്പൊറുതിയില്ലാതായ ചിലര്‍, നാടകത്തില്‍ ഇനിയേതുരംഗം അവതരിപ്പിക്കണമെന്ന ആലോചനയുടെ അവസാനമാണ് ഓം‌പ്രകാശിന്‍റെയും രാജേഷിന്‍റെയും കീഴടങ്ങല്‍. പൊലീസിനു വേണ്ടി കൊല്ലന്‍ പണിത കത്തി ഒരു മത്താപ്പൂ പോലെ കത്തിച്ചു കളയാന്‍ ഈ കീഴടങ്ങല്‍ നാടകം ഉപകാരപ്പെടുമെന്ന് ചിന്തിച്ച ബുദ്ധിരാക്ഷസനെ നമിക്കണം.

കൊല്ലന്‍ പണിത കത്തിയെ വിട്ട് മാധ്യമങ്ങള്‍ ഓം‌പ്രകാശിന്‍റെ രാജേഷിന്‍റെയും പിന്നാലെ പായും. ആ തക്കത്തിന് കൊല്ലനിട്ട് രണ്ട് പെട കൊടുത്ത് ‘താന്‍ ഈ നാട്ടുകാരനേ അല്ല, കൊല്ലപ്പണി അറിയുകയേ ഇല്ല’ എന്നു പറയിപ്പിക്കാന്‍ ഐ പി എസ് ക്യാമ്പിലെ മലകയറ്റ പരിശീലനത്തിന്‍റെ തഴമ്പൊന്നും വേണ്ട. ആലപ്പുഴ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ കുനിച്ചു നിര്‍ത്തിയുള്ള കുത്തിന്‍റെ ദീര്‍ഘകാലപരിചയം ധാരാളം.

ഒരു സുപ്രഭാതത്തില്‍ എവിടെനിന്നോ ഒരു കൊല്ലന്‍ സത്യങ്ങള്‍ തുറന്നു പറഞ്ഞതിന്‍റെ ഫലമാണ് തമിഴ്നാട് കോടതിയില്‍ ഗുണ്ടാ തലവന്‍‌മാര്‍ കീഴടങ്ങാന്‍ കാരണം. ഒരു ദിവസത്തേക്കെങ്കിലും കൊല്ലന്‍ യോദ്ധാവായി. തങ്ങള്‍ ഉദ്ദേശിക്കുമ്പോള്‍ മാത്രം കീഴടങ്ങുമെന്നുള്ള ധാര്‍ഷ്ട്യം തല്‍ക്കാലം മാറ്റിവച്ച് കീഴടങ്ങാന്‍ ഓം‌പ്രകാശും രാജേഷും തയ്യാറായി. പോള്‍ വധക്കേസില്‍ ഇരുപതിനടുത്തുള്ള പ്രതിസ്ഥാനങ്ങളാണ് ഇരുവര്‍ക്കുമുള്ളത്. കേസില്‍ നിന്ന് പരുക്കില്ലാതെ ഊരിപ്പോരാനാകുമെന്ന് ഉറപ്പ്. തല്‍ക്കാലത്തേക്കുള്ള ഈ കീഴടങ്ങല്‍ എക്കാലത്തേക്കുമുള്ള പരിപൂര്‍ണ സ്വാതന്ത്ര്യത്തിന്‍റെ ഒരു തുടക്കമാണ് സഖാവേ.

‘പോള്‍ വധം’ നാടകം ഇടവേള പിന്നിടുമ്പോള്‍ നാടകത്തിന്‍റെ പിന്നണിയിലെ പ്രമുഖര്‍ സുഖമായി ഉറങ്ങുന്നു. ഉറക്കം നഷ്ടപ്പെടുന്നത് മറ്റു ചിലര്‍ക്കാണ്. ഒരു കൊല്ലന്‍, ഒരു ബൈക്ക് യാത്രക്കാരന്‍, കാരി സതീഷിന്‍റെ അമ്മ...അങ്ങനെ ചിലര്‍. ഉറക്കം നഷ്ടപ്പെടുത്തി ശിവരാത്രി നോല്‍ക്കുന്നവര്‍ക്ക് സന്തോഷിക്കാനുള്ള വക ഏതെങ്കിലും ദൈവം നല്‍കുമോ എന്നത് കാത്തിരുന്ന് കാണുക തന്നെ.

Share this Story:

Follow Webdunia malayalam