Select Your Language

Notifications

webdunia
webdunia
webdunia
webdunia

സക്കറിയയുടെ വിലാപങ്ങള്‍

സക്കറിയയുടെ വിലാപങ്ങള്‍
കൊച്ചി , ഞായര്‍, 10 ജനുവരി 2010 (18:42 IST)
PRO
രണ്ടിനു പോയവനെ ചുമന്നാല്‍ ചുമക്കുന്നവനെയും നാറുമെന്ന് നമ്മുടെ നാട്ടില്‍ ഒരു പഴഞ്ചൊല്ലുണ്ട്. എഴുത്തുകാരന്‍ സക്കറിയയുടെ അവസ്ഥ ഇപ്പോള്‍ ഏതാണ്ടിതേപോലെയാണ്. ഉണ്ടിരുന്ന സക്കറിയയ്ക്കൊരു വെളിപാടെന്ന പറഞ്ഞപോലെയാണ് പയ്യന്നൂരില്‍ ഒരു പുസ്തകപ്രകാശനത്തിന് ഇറങ്ങിത്തിരിച്ചത്. അതിപ്പോ ഇത്രവലിയ പൊല്ലാപ്പാകുമെന്നാരുകണ്ടു.

സത്യം പറഞ്ഞാല്‍ സക്കറിയയ്ക്ക് ഉണ്ണിത്താനുമായി ഒരു ബന്ധവുമില്ല. ചാനലില്‍ മാത്രം ആ മുഖം കണ്ട ഓര്‍മ്മയുണ്ട്. ഏറ്റവുമൊടുവില്‍ കണ്ടപ്പോള്‍ മുഖം പോലുമൊന്ന് ശരിക്കു കാണാ‍ന്‍ കഴിഞ്ഞില്ല. കാരണം ഉണ്ണിത്താന്‍ തലയ്ക്ക് കൈയ്യും കൊടുത്ത് കുനിഞ്ഞിരിക്കുകയായിരുന്നു. പിന്നെ രാത്രിയായതുകൊണ്ട് വെളിച്ചവും തീരെ ഉണ്ടായിരുന്നില്ല.

അന്ന് ഉണ്ണിത്താന്‍റെ കൂടെ ആരോ ഉണ്ടായിരുന്നെന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നു. ഏതോ പെണ്ണാണെന്നൊക്കെ നാട്ടുകാരും പത്രക്കാരും പറയുന്നു. ഏയ് അങ്ങനെ വരാന്‍ വഴിയില്ല, സക്കറിയ ഇതുവരെ ഇതൊന്നും വിശ്വസിച്ചിട്ടുമില്ല. സത്യം പറഞ്ഞാല്‍ അതു പെണ്ണുതന്നെയാണോ? പെണ്ണാണെങ്കില്‍ എന്തായിരുന്നു പാതിരാത്രിക്ക് അവിടെ പരിപാടി? എന്തായാലും സദാചാരവിരുദ്ധമല്ല. അതുറപ്പ്... കാരണം അങ്ങനെയുള്ളവരെ അളക്കാന്‍ സക്കറിയയുടെ കയ്യില്‍ ഒരു പ്രത്യേക യന്ത്രമുണ്ട്. സദാചാരവിരുദ്ധരെ കാണുമ്പോള്‍ തന്നെ യന്ത്രം മൂളിത്തുടങ്ങും. പക്ഷെ ഉണ്ണിത്താനെ കണ്ടപ്പോള്‍ യന്ത്രവും ശബ്ദിച്ചില്ല. അല്ലെങ്കില്‍ തന്നെ പെണ്ണും ആണും ഒരുമിച്ച് ഒരു പുതപ്പിനടിയില്‍ ഉറങ്ങിയാല്‍ അത് സദാചാരവിരുദ്ധമാകുമോ? അങ്ങനെയെങ്കില്‍ ലോകത്തെ ഭാര്യാഭര്‍ത്താക്കന്‍‌മാരൊക്കെ സദാചാരവിരുദ്ധരല്ലേ? സക്കറിയയുടെ മനസില്‍ ഉണ്ണിത്താനെക്കുറിച്ച് അങ്ങനെ നൂറുനൂറു സംശയങ്ങള്‍ തികട്ടി.

അങ്ങനെയിരിക്കെയാണ് ഒരു പുസ്തകപ്രകാശനം ഒത്തുകിട്ടിയത്. അവസരമിതു തന്നെയെന്ന് സക്കറിയയും കരുതി. തന്‍റെ സംശയം നാലാള്‍ കേള്‍ക്കെ ഒന്നു വിളിച്ചുചോദിക്കണം. അത്രെ ഉദ്ദേശിച്ചുള്ളു. കാരണം വല്ലപ്പോഴുമാണ് ഒരു പരിപാടി ഒത്തുകിട്ടുന്നത്. അതു പൊലിപ്പിച്ചില്ലെങ്കില്‍ പിന്നെ ആള്‍ക്കാര്‍ വിളിക്കാതാകും. ചടങ്ങില്‍ സക്കറിയ ഉന്നയിച്ച സംശയങ്ങളും വളരെ ന്യായമായിരുന്നു. ഒരു സ്ത്രീയും പുരുഷനും ഒറ്റയ്ക്കുള്ള വീട്ടില്‍ വെളിച്ചം കണ്ടാല്‍ അതിനെ അപമാനിക്കാന്‍ തയ്യാറാകുന്ന ഒരു സമൂഹമായി നാം മാറിയോ എന്നായിരുന്നു ഒരെണ്ണം. പിന്നെ ഇങ്ങനൊരു സാഹചര്യത്തില്‍ ആ സ്ത്രീയും പുരുഷനും എന്തുചെയ്യുന്നുവെന്ന് നമ്മള്‍ ഒളിഞ്ഞുനോക്കണോ എന്നായിരുന്നു രണ്ടാമത്തേത്. പാവം സക്കറിയ, പയ്യന്നൂരില്‍ നിന്ന് പോരുമ്പോള്‍ ഒരു വിഷമമേ അദ്ദേഹത്തിന്‍റെ മനസില്‍ ഉണ്ടായിരുന്നുള്ളു. ഒരു സംശയം പോലും നാലാളുമായി പങ്കുവെക്കാന്‍ പറ്റാത്ത ഒരു സമൂഹമായി കേരളം മാറിയിരിക്കുന്നു എന്ന ഒറ്റ വിഷമം.

Share this Story:

Follow Webdunia malayalam