Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുധാകരനു ശേഷം പിണറായി

വോട്ടര്‍

സുധാകരനു ശേഷം പിണറായി
, തിങ്കള്‍, 15 ഒക്‌ടോബര്‍ 2007 (18:40 IST)
FILEFILE
ഉള്ളതു പറയണമല്ലോ കേരളത്തിലെ സാംസ്‌കാരിക മണ്ഡലത്തിന് ഇടതുപക്ഷം കനത്ത സംഭാവനകളാണ് നല്‍കി കൊണ്ടിരിക്കുന്നത്. എന്താ സംശയമുണ്ടോ?. നമ്മുടെ ഭാഷയിലേക്ക് തന്നെ എത്ര പദങ്ങളാണ് ഇടതുപക്ഷം നല്‍കിയിരിക്കുന്നത്-‌‌‌‌‌‌‌-‌‌‌---- സി.ഐ.ഐ ചാരന്‍, പിന്തിരിപ്പന്‍ മൂരാച്ചി, യാങ്കി കഴുകന്‍ അങ്ങനെ ആ പട്ടിക നീളുന്നു. ഇപ്പോഴും പാര്‍ട്ടി കേരളീയ സാം‌സ്‌കാരിക മണ്ഡലത്തിന് സജീവമായി തന്നെ സംഭാവനകള്‍ നല്‍കി കൊണ്ടിരിക്കുന്നു.

അതിന് താത്വികമായി ന്യായീകരണങ്ങള്‍ നല്‍കുവാന്‍ കെ.ഇ.എന്നിനെ പോലുള്ള ബുദ്ധി ജീവികളുമുണ്ട്. സുധാകര പ്രഭു തലങ്ങും വിലങ്ങും എല്ലാവരെയും ചീത്ത വിളിച്ചു നടന്ന് ആളാകുന്നതു കണ്ടപ്പോള്‍ പാര്‍ട്ടിയിലെ കണ്ണൂര്‍ 'കുലാണ്ടര്‍’ക്കൊരു മോഹം, നമ്മള്‍ക്കും തനതായ സംഭാവനകള്‍ നല്‍കണം!

ഇടതുപക്ഷത്തെ കൊള്ളരുതായ്‌മകളെക്കുറിച്ച് എഴുതുന്നവരെല്ലാം മാധ്യമ സിന്‍‌ഡിക്കേറ്റിലെ അംഗങ്ങളാണെന്ന് അദ്ദേഹം തട്ടിവിട്ടു. പിണറായി സഖാവ് ഒരു കാര്യം പറയുമ്പോള്‍ അതു പരിശോധിക്കണമല്ലോ?.അങ്ങനെ കേരളത്തില്‍ അങ്ങിങ്ങായി മാധ്യമ സിന്‍‌ഡിക്കേറ്റിനെക്കുറിച്ച് വളരെയധികം സെമിനാറുകള്‍ സംഘടിക്കപ്പെട്ടു. എന്തൊരു റിസല്‍ട്ട്!

‘വിജയന്‍ മാഷ് നല്ലൊരു കലാലയ അദ്ധ്യാപകനായിരുന്നു’, അനുശോചനമായി പിണറായി സഖാവ് പറഞ്ഞു. കഷ്‌ടം! നോബല്‍ കമ്മിറ്റിക്കാര്‍ ഇതു കേട്ടില്ല. കേട്ടിരുന്നെങ്കില്‍ സഖാവിന് ആ നിമിഷം ഒരു നോബല്‍ സമ്മാനം എടുത്ത് കൊടുത്തേനെ. അത്രയും മികച്ച ഒരു കണ്ടുപിടുത്തമല്ലേ സഖാവിന്‍റേത്. ഇതു കണ്ടെത്താനായി അദ്ദേഹം എത്ര രാത്രികള്‍ ഉറക്കമിളച്ച് ഗവേഷണം ചെയ്തു, എത്രയാളുകളുമായി സംസാരിച്ചു, എത്ര പുസ്തകങ്ങള്‍ വായിച്ചു.

സഖാവ് പിണറായി ബിഷപ്പിനെ നികൃഷ്‌ട ജീവിയെന്നു വിളിച്ചിരിക്കുന്നു- സൌന്ദര്യം നിറഞ്ഞു തുളമ്പുന്ന പദം. ഇതാ‍ണ് ഭാഷയോടുള്ള സ്‌നേഹം. ഉപയോഗിക്കാതെയിരുന്നാല്‍ ചില വാക്കുകള്‍ വിസ്‌മൃതിയിലേക്ക് പോകും. അങ്ങനെയൊന്ന് സംഭവിക്കാതെയിരിക്കുന്നതിന് കിണഞ്ഞു പരിശ്രമിക്കുകയാണ് ഇടതുപക്ഷ സഖാക്കള്‍. ബുദ്ധി ജീവികളുടെ പാര്‍ട്ടിയാണ് ഞങ്ങളുടേത്. സമൂഹത്തിനോട് അതിഭയങ്കരമായ പ്രതിബദ്ധത ഞങ്ങള്‍ക്കുണ്ട്. അതു കൊണ്ട് ഭാഷയെ നവീകരിക്കുന്ന പാവനമായ കര്‍മ്മം, ഗവേഷണം ചെയ്ത് ഓരോ വ്യക്തിയും ആരായിരുന്നുവെന്ന് കണ്ടെത്തല്‍, എന്നിവ പാര്‍ട്ടി ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നു.

അച്ചുമ്മാവനും ഇക്കാര്യത്തില്‍ മോശമില്ല. മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോഴനെന്ന് വിളിച്ചില്ലേ. ഈശ്വരാ, ഇതെല്ലാം കേള്‍ക്കുന്ന പൊതുജനമെന്ന കഴുതകള്‍ ഇവരെ മനസ്സിലെ എന്തായിരിക്കും വിളിക്കുക?

Share this Story:

Follow Webdunia malayalam