Select Your Language

Notifications

webdunia
webdunia
webdunia
webdunia

“ജിന്നാസ്റ്റിക്കില്‍” ജസ്വന്ത് പുറത്തായി

-ജനകീയന്‍

“ജിന്നാസ്റ്റിക്കില്‍” ജസ്വന്ത് പുറത്തായി
, ശനി, 22 ഓഗസ്റ്റ് 2009 (18:55 IST)
PRO
അടിപൊളി മത്സരമായിരുന്നു എങ്കിലും “ജിന്നാസ്റ്റിക്കിന്റെ” രണ്ടാം റൌണ്ടില്‍ ജസ്വന്ത് നേതാവ് പുറത്തായി ! പ്രതീക്ഷിച്ചിരുന്ന പോലെയല്ല ഈ പുറത്താകല്‍ എന്നതും പിന്നീട് ‘വെളിപാടുകളായി’ പിറന്ന അപ്രതീക്ഷിത “ട്വിസ്റ്റുകള്‍” പുറത്തായ നേതാവിനെ അമ്പയര്‍ മനഃപൂര്‍വം ഔട്ടാക്കുന്ന സച്ചിന്റെ പദവിയിലെത്തിച്ചു എന്ന് ചിലരെങ്കിലും പറയുന്നു.

“ജിന്നാസ്റ്റിക്കിന്റെ” ആദ്യപാദ മത്സരം പാകിസ്ഥാനില്‍ വച്ചായിരുന്നു. അന്ന് കാരണവര്‍ജി കേടുകൂടാതെ, എന്നാല്‍ പ്രതിച്ഛായയില്‍ ചായക്കറ പുരണ്ട്, തിരിച്ചെത്തി മാസങ്ങള്‍ നീണ്ട ‘വിവാദ ചികിത്സ’യ്ക്ക് ശേഷം ഒരുവിധത്തിലായിരുന്നു രണ്ട് കാലില്‍ എഴുന്നേറ്റ് നിന്നത്. അതെല്ലാം കണ്ടിട്ടും ജസ്വന്ത് നേതാവിന് ഇതില്‍ കയറി തലയിടേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ? അയലത്ത് ആരെങ്കിലും ചത്താല്‍ പോയി അറിയുന്നത് മര്യാദ. ചത്തയാള്‍ നല്ലവനാണെന്ന് അന്നരം പറയണ്ട കാര്യം. പറയണ്ടത് പറയണ്ട ഇടത്ത് പറഞ്ഞില്ലെങ്കില്‍ ജസ്വന്തിന്റെ അവസ്ഥ, ദുരവവസ്ഥ !

അയലത്തെ ജിന്നയെ നല്ലവനെന്ന് വിളിച്ചപ്പോള്‍ ജസ്വന്തിന്റെ തല സിം‌ലയിലെ മഞ്ഞ് തെന്നിക്കളിക്കുന്ന മുറ്റത്ത് വീണുരുണ്ടു. തലവെട്ടിയിട്ട ശേഷം അങ്കക്കലി പൂണ്ടവര്‍ പറഞ്ഞത് ‘ജിന്നാ സാഹിബിനെ പുകഴ്ത്തിയതല്ല സര്‍ദാരിനെ ഇകഴ്ത്തിയതാണ് പ്രശ്നം” ! കൊള്ളാം, ജസ്വന്തിന്റെ വെട്ടി മാറ്റിയ തലപോലും ഇതെ കുറിച്ച് ആലോചിച്ച് പുകഞ്ഞത്രേ ! കാരണം മറ്റൊന്നുമല്ല സര്‍ദാരായിരുന്നത്രേ ആദ്യമായി സംഘത്തിനെ നിരോധിച്ചത് ! പിന്നെ പതിയെ ജസ്വന്തിന്റെ തലയ്ക്ക് കാര്യങ്ങള്‍ മനസ്സിലായി, താന്‍ തന്നെയാണ് പ്രശ്നം.

പൊതു തെരഞ്ഞെടുപ്പിലെ പരാജയ കാരണം ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങളുടെ മുഖത്ത് നോക്കി മുറവിളി കൂട്ടിയാല്‍ മന്‍‌മോഹന്‍ സിംഗിനെ ദുര്‍ബ്ബലന്‍ എന്ന് വിളിച്ച അതിശക്തന് ഇഷ്ടമാവുമോ? പരാജയ കാരണം എന്ന് പറഞ്ഞ് സ്വന്തം ശരീരം തന്നെ ഒരു ചോദ്യ ചിഹ്നമാക്കി ഇന്ത്യക്കാരുടെ മുന്നില്‍ വളച്ചുകുത്തി നില്‍ക്കാന്‍ എന്തായാലും അദ്ദേഹത്തിന് ഇഷ്ടമില്ല, ചോദ്യ ചിഹ്നം പോലെയുള്ള യോഗാസന സ്ഥിതി കണ്ടുപിടിക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യവുമില്ല!

ആലീസ് കൊച്ച് വണ്ടര്‍ ലാന്‍ഡില്‍ (ആലീസ് ഇന്‍ വണ്ടര്‍ ലാന്‍ഡ്) കണ്ടത് ഒന്നുമല്ല, കാഴ്ചകളെല്ലാം ഇവിടെ ഈ ‘താമരലാന്‍ഡി’ലാണ്. പരാജയത്തെ കുറിച്ച് ‘മുണ്ടരുത്” എന്ന മുന്നറിയിപ്പ് ലംഘിച്ചാല്‍ ജിന്നാ സാബിനെ പ്രകീര്‍ത്തിച്ച് പുസ്തകമെഴുതുന്നത് കുറ്റമാവും. പുറത്താവും. അതിനുള്ള കാരണം പക്ഷേ ജിന്ന ആവില്ലതാനും. കാരണവര്‍ തന്നെ ജിന്നാ സാബിന്റെ നാട്ടില്‍ പോയി അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു പോയില്ലേ !

ജസ്വന്ത് നേതാവ് പുറത്തായതോടെ ഇപ്പോള്‍ വെളിപ്പെടുത്തലുകളുടെ വിളവെടുപ്പ് കാലമാണ്. ഗാന്ധാരിയുടെ നാട്ടിലേക്ക് ഭീകരരെ സപ്ലൈ ചെയ്യാന്‍ പോയത് കാരണവരുടെ അറിവോടെയാണെന്നു പോലും. അപ്പോ, കാരണവര്‍ മോശമല്ല, സോണിയയ്ക്ക് വില വാങ്ങാതെ സമ്മാനമായി നല്‍കിയ സ്വന്തം പുസ്തകത്തില്‍ പറഞ്ഞതെല്ലാം കള്ളമായിരുന്നു......കൊള്ളാം വെളിപ്പെടുത്തല്‍ ബോബുകള്‍ നിര്‍വീര്യമാക്കാനുള്ള വഴികളായിരിക്കും ഇനി താമരലാന്‍ഡുകാര്‍ അന്വേഷിക്കുന്നത്. ഇതിനു വല്ല സ്ക്വാഡിനെയും കിട്ടുമോ ആവോ!

Share this Story:

Follow Webdunia malayalam