Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഈ മനോഹര തീരം'

ടോം തോമസ്

'ഈ മനോഹര തീരം'
PRO
തിരുവനന്തപുരത്ത് ഒരു കാലത്തു താമസിച്ചവരും പിന്നീട്, കാലത്തിന്‍റെ കുത്തൊഴുക്കില്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി വിദേശങ്ങളിലേക്ക് പോയവരോടും ചോദിച്ചാല്‍ പറയും, തിരുവനന്തപുരത്ത് ഏറ്റവുമധികം നഷ്ടപ്പെട്ടതായി തോന്നുന്നത് ശംഖുമുഖം തീരത്തെ മനോഹരങ്ങളായ സായന്തനങ്ങള്‍ ആണെന്ന്.

തൊട്ടടുത്ത് വിദേശികളുടെ ആകര്‍ഷണ കേന്ദ്രമായ കോവളം ബീച്ച് പരിലസിക്കുന്നു എങ്കിലും ഇന്നാട്ടുകാര്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ശംഖുമുഖമാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. വിനോദ സന്ചാര വികസനത്തിന്‍റെ സ്വാധീനമൊന്നും അത്ര പ്രകടമല്ലാത്തതും എന്നാല്‍ പോയ കാലത്തിന്‍റെ ഓര്‍മകളെ തൊട്ടുണര്‍ത്തുന്നതുമായ മനോഹര തീരമാണ് ശംഖുമുഖം.

തിരുവനന്തപുരത്തെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം വകയായുള്ള ആറാട്ട്‌ മണ്ഡപവും ആറാട്ട്‌ കൊട്ടാരവും ഒക്കെ ഈ തീരത്ത് തന്നെയാണ് ഉള്ളത്. പ്രശസ്തനായ ശില്പി കാനായി കുഞ്ഞിരാമന്‍റെ സുപ്രസിദ്ധമായ മത്സ്യകന്യകയുടെ ശില്‍പ്പം ഇവിടെ എത്തുന്ന സഞ്ചാരികളുടെ കൌതുകത്തിന് പാത്രമാവുന്നു.

ഒരു പടു കൂറ്റന്‍ നക്ഷത്ര മത്സ്യത്തിന്‍റെ രൂപത്തിലുള്ള ഭക്ഷണശാലയും ഈ കടല്‍തീരത്തിന്‍റെ ആകര്‍ഷണീയതയ്ക്ക് മാറ്റുകൂട്ടുന്നു.

പഴമയുടെയും പാരമ്പര്യത്തിന്‍റെയും തിരുശേഷിപ്പുകള്‍ കാത്ത് വച്ചിരിക്കുന്ന ശംഖുമുഖം എന്നും കൌതുകം വറ്റാത്ത ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ശംഖുമുഖം തീരത്ത് നിന്നും ഇടതു വശത്തേക്ക്‌ നോക്കിയാല്‍ അങ്ങ് ദൂരെ കടലിലേക്ക്‌ നീണ്ടു കിടക്കുന്ന ഒരു കടല്‍പ്പാലം കാണാം. ഇതു ചരിത്രപ്രസക്തമായതും പൂര്‍വ കാലത്തു പടു കൂറ്റന്‍ ചരക്ക്‌ കപ്പലുകള്‍ നങ്കൂരമിട്ടിരുന്നതുമായ സ്ഥലമാണ്.

ശംഖുമുഖം സൂര്യാസ്തമന കാഴ്ചകള്‍ക്ക്‌ പേരു കേട്ടതാണ്. അതിനാലാവണം ദിവസത്തിന്‍റെ ഏറിയ പങ്കും വിജനമായി കാണാറുള്ള ഈ തീരം മധ്യാഹ്നതോടെ പെട്ടെന്ന് തിങ്ങി നിറഞ്ഞു കാണപ്പെടുന്നത്.

Share this Story:

Follow Webdunia malayalam