Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാഹസിക ടൂറിസത്തിന് ലക്ഷദ്വീപ്

സാഹസിക ടൂറിസത്തിന് ലക്ഷദ്വീപ്
PROPRO
കേരളത്തിനൊരു മുത്തുമാല എന്ന പോലെ കൊച്ചി തീരത്ത് നിന്ന് നാനൂറ് കിലോമീറ്റര്‍ അകലെ നീണ്ടു കിടക്കുന്ന ദ്വീപ് സമൂഹമായ ലക്ഷദ്വീപ് ലോക ടൂറിസം ഭൂപടത്തില്‍ തന്നെ ശ്രദ്ധേയ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ്. കേരളത്തില്‍ നിന്ന് ഒരു വിളിപ്പാട് അകലെ മാത്രമുള്ള ലക്‌ഷ്വദീപിന് പവിഴപ്പുറ്റുകള്‍ തീര്‍ത്ത ഇന്ത്യയിലെ ഏക ദ്വീപ് സമൂഹമെന്ന ഖ്യാതി നേരത്തേ തന്നെ ഉണ്ടെങ്കിലും ഇപ്പോള്‍ സാഹസിക ടൂറിസത്തിന്‍റെ കേന്ദ്രം എന്ന പ്രശസ്തി കൂടി കൈവന്നിരിക്കുകയാണ്.

വിദേശ കടലോര വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്രചാരത്തിലുള്ള സീ ഡൈവിങ്ങ് എന്ന സാഹസിക കായിക ഇനമാണ് ലക്ഷദ്വീപിലും ഇപ്പോള്‍ ഏറെ ജനപ്രിയമാകുന്നത്. ലക്ഷദ്വീപിനെ വലം വെയ്ക്കുന്ന പവിഴപ്പുറ്റുകള്‍ നിറഞ്ഞ കടലിലേക്ക് കുതിച്ച് ചാടി നീന്തി തുടിക്കുന്നത് അവിസ്മരണീയമായ അനുഭൂതിയാണെന്നാണ് സഞ്ചാരികള്‍ അഭിപ്രായപ്പെടുന്നത്.

ദൈനം ദിന ജീവിതത്തിലെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ശാന്തമായ ഒരു അവധിക്കാലം ആസ്വദിക്കാനും ഈ സുന്ദര തീരം അവസരമൊരുക്കുന്നു. ലക്ഷദ്വീപിന്‍റെ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ മറ്റ് കടലോര ടൂറിസം കേന്ദ്രങ്ങളെ അപേക്ഷിച്ച് ഇവിടെ തിരക്ക് കുറവാണ്.

ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ് 36 ദ്വീപുകളുടെ കൂട്ടമാണ്. മുപ്പത്തിരണ്ട് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഈ ദ്വീപുകളില്‍ 10 ദ്വീപുകളില്‍ മാത്രമാണ് ജനവാസമുള്ളത്. അഗത്തി, അമിനി, ആന്ദ്രോത്ത്, ബിത്ര, ചേലാത്ത്, കടമാത്ത്,കാല്‍‌പേനി, കവരത്തി, കില്‍താന്‍, മിനിക്കോയി എന്നീ ദ്വീപുകളിലാണ് ജനവാസമുള്ളത്. കവരത്തിയാണ് 1964 മുതല്‍ ലക്ഷദ്വീപിന്‍റെ തലസ്ഥാനം.

webdunia
PROPRO
സമുദ്ര ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകള്‍ സഞ്ചാരിക്ക് കാട്ടിക്കൊടുക്കാന്‍ സ്ഫടിക തറയില്‍ തീര്‍ത്ത ബോട്ടുകള്‍, കൂറ്റന്‍ അക്വേറിയങ്ങള്‍, ഡോള്‍ഫിന്‍ ഡ്രൈവ് തുടങ്ങിയ സംവിധാനങ്ങള്‍ ഇവിടത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. വെള്ളവിരിച്ചത് പോലെയുള്ള പഞ്ചാര മണലും കടലാക്രമണത്തില്‍ നിന്ന് ദ്വീപിനെ സംരക്ഷിക്കാന്‍ എന്ന പോലെ പവിഴപ്പുറ്റുകള്‍ കെട്ടിയ കോട്ടയുമൊക്കെ ഈ ദ്വീപ് സമൂഹത്തിന്‍റെ പ്രത്യേകതകളാണ്.

അതേ സമയം രസകരമായ പല നിയമങ്ങളും ലക്ഷദ്വീപിലുണ്ട്. ഇവിടുത്തെ കടലിലോ മണ്ണിലോ തുപ്പുന്നതും പവിഴപ്പുറ്റുകള്‍ വാരിയെടുക്കുന്നതും ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളാണ്. കടലോരങ്ങളില്‍ കാണുന്ന തെങ്ങുകളില്‍ നിന്ന് തേങ്ങയൊ കരിക്കോ അനുമതിയില്ലാതെ പറിച്ചാലും ശിക്ഷ ഉറപ്പാണ്. ഇതു മാത്രമല്ല ഇവിടത്തെ ഭൂരിഭാഗം ദ്വീപുകളും മദ്യനിരോധിത മേഖലയുമാണ്.

കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള സമുദ്രയാത്രയും പ്രത്യേക അനുഭവം തന്നെയാണ്. കൊച്ചിയില്‍ നിന്ന് ഇരുപത് മണിക്കൂര്‍ യാത്ര കൊണ്ട് ലക്ഷദ്വീപില്‍ എത്തിച്ചേരാം. ഇവിടെ നിന്ന് ലക്ഷദ്വീപിലേക്കും തിരിച്ചും ദിവസവും കപ്പല്‍ സര്‍വീസുണ്ട്. ഇതിന് പുറമേ വിമാനമാര്‍ഗവും ലക്ഷദ്വീപില്‍ എത്താവുന്നതാണ്. അഗാത്തിയിലാണ് ലക്ഷദ്വീപിലെ വിമാനത്താവളം, ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് ഇവിടേയ്ക്ക് വിമാന സര്‍വ്വീസുണ്ട്. അഗാത്തിയില്‍ നിന്ന് മറ്റ് ദ്വീപുകളിലേക്ക് ബോട്ടുകളിലും ഹെലിക്കോപ്ടറുകളിലും എത്താവുന്നതാണ്. ദ്വീപിലെ ടൂറിസ്റ്റ് റിസോര്‍ട്ടുകളാണ് സാധരണഗതിയില്‍ തങ്ങളുടെ അതിഥികള്‍ക്കായി യാത്രാ സൌകര്യം ഒരുക്കുന്നത്.

നവംബര്‍ മുതല്‍ മേയ് വരെയാണ് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം.

Share this Story:

Follow Webdunia malayalam