Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീകണ്ഠേശ്വര ക്ഷേത്രം :ശിവചൈതന്യത്തിന്‍റെ കേദാരം

ശ്രീകണ്ഠേശ്വര ക്ഷേത്രം :ശിവചൈതന്യത്തിന്‍റെ കേദാരം
തെക്കന്‍ കേരളത്തിലെ പ്രസിദ്ധമായ ശിവക്ഷേത്രമാണ് തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വരം ക്ഷേത്രം. 5-ാം നൂറ്റാണ്ടിന് മുന്‍പ് തന്നെ ഈ ക്ഷേത്രമുണ്ടായിരുന്നുവെന്ന് ഐതീഹ്യം. ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കുന്നതിനു മുന്‍പ് ഈ ക്ഷേത്രം തിരുവിതാംകൂര്‍ മഹാരാജാവിന്‍റെ മേല്‍നോട്ടത്തിലായിരുന്നു. കൊട്ടാരത്തില്‍ നിന്ന് വര്‍ഷത്തില്‍ നാല് തവണ ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വരും.

വൈക്കത്തഷ്ടമി നാള്‍, തിരവാതിരനാള്‍, ശിവരാത്രി, പിന്നീട് കുടുംബ വിശേഷദിവസങ്ങള്‍ എന്നീ ദിവസങ്ങളിലാണ് രാജകുടുംബം ദര്‍ശത്തിനെത്തുന്നത്.

ഐതീഹ്യം

സ്വയംഭൂ ശിവലിംഗമാണ് പ്രതിഷ്ഠ. പഴയ ശ്രീകണ്ഠേശ്വരം എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ കഴകക്കാരിയായ ഒരു സ്ത്രീ തന്‍റെ കലവും ചൂലും പുതിയ ശിവക്ഷേത്രമിരിക്കുന്ന സ്ഥലത്ത് പതിവായി വയ്ക്കുമായിരുന്നു. ഒരു ദിവസം രാവിലെ ജോലി ചെയ്യാനായി കലമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ അത് എടുക്കാന്‍ കഴിഞ്ഞില്ല.

വളരെ ശക്തി ഉപയോഗിച്ച് കലം പൊക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന്‍റെ അടിയിലുണ്ടായിരുന്ന കല്ലില്‍ ചോര പുരണ്ടിരിക്കുന്നതായി കണ്ടു. ആ കല്ലിന് ശിവലിംഗരൂപമായിരുന്നു. സ്ത്രീ കണ്ട ഈശ്വരനായതിനാല്‍ ശ്രീകണ്ഠേശ്വരം എന്ന പേരു വന്നുവെന്നാണ് വിശ്വാസം. എന്നാലും കാളകൂടകണ്ഠ സ്ഥിതനായ ശിവന്‍റെ കണ്ഠത്തെ സൂചിപ്പിക്കുന്നതും കൂടിയായിരിക്കാം ഈ നാമം.

ധനുമാസത്തിലാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറുന്നത്. തിരുവാതിര ദിവസമാണ് ആറാട്ട്. ആറാട്ടിന് തലേദിവസം പളളിവേട്ട നടക്കും.


തന്ത്രി പരമ്പര

മണലിക്കര തന്ത്രികള്‍ക്കാണ് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്‍റെ അവകാശമുണ്ടായിരുന്നത്. പിന്നീട് അത് അത്യറമഠക്കാര്‍ക്ക് കൈമാറി. തുളു ബ്രാഹ്മണരാണ് ഇപ്പോള്‍ ഇവിടെ ശാന്തികര്‍മ്മങ്ങള്‍ ചെയ്യുന്നത്.

മലയാള തന്ത്ര വിധിപ്രകാരമനുസരിച്ചാണ് അവരിത് അനുഷ്ഠിക്കുന്നതെന്ന് ഒരു പ്രത്യേകതയാണ്.

പൂജാവിധികള്‍

പൂജാ വിധികള്‍ മറ്റ് ക്ഷേതത്തിലെ പോലെയാണെങ്കിലും ഇവിടെ പൂജകളില്‍ പ്രധാനം അഭിഷേകം, ജലധാര, ക്ഷീരധാര എന്നിവയ്ക്കാണ്. ശിവരാത്രിയ്ക്ക് മാത്രമാണ് ശിവലിംഗത്തില്‍ നെയ്യ് കൊണ്ട് ധാര നടത്തുന്നത്

ശിവരാത്രി പുലര്‍ച്ചെ മുതല്‍ പിറ്റേന്ന് സൂര്യോദയം വരെയാണ് നെയ്യ്ധാര നടക്കുക. മറ്റൊരു പ്രത്യേകത എല്ലാ ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആറ് ദിവസം മുന്‍പ് ചെയ്യാറുള്ള ക്രിയകള്‍ ഇവിടെ ശിവരാത്രി ദിവസമാണ് ചെയ്യാറുള്ളത് എന്നതുമൊരു പ്രത്യേകതയാണ്. 108 കുടം വെളളമോ, പാലോ, നെയ്യോ നിരന്തരം ശിവലിംഗത്തില്‍ വീണുകൊണ്ടിരിക്കുന്നതാണ് ധാര.

ഈ ക്ഷേത്രത്തിലെ എന്നും രാവിലെ നടക്കാറുള്ള ശിവഭജനയും ഹരിനാമകീര്‍ത്തനപാരായണവും സാമ്പ്രാണിത്തിരി എന്ന് പേരുള്ള ഒരു സ്വാമി തുടങ്ങിവച്ചതാണ്. ഇവിടെ 41 ദിവസം രാവിലെ കുളിച്ച് നിര്‍മാല്യം തൊഴുന്നവര്‍ക്ക് എന്ത് അഭീഷ്ടവും സാധിക്കുമെന്നാണ് വിശ്വാസം.

Share this Story:

Follow Webdunia malayalam