Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഷു സമഭാവനയുടെ ദിനം

വിഷു സമഭാവനയുടെ ദിനം
വിഷു- ഏതൊരു മലയാളിയുടെ മനസ്സിലും ശുഭ കാമനയുടെ സുന്ദരഭാവങ്ങള്‍ തൊട്ടുണര്‍ത്തുന്ന ദിനം. ഉര്‍വ്വരതയുമായി ബന്ധപ്പെട്ട ഈ വിശേഷദിനം പ്രകൃതീശ്വരീ പൂജയ്ക്കുള്ള ദിവസം കൂടിയാണ്. കാര്‍ഷിക വിഭവങ്ങളും, കണിക്കൊന്നപൂക്കളും ഈ വിശേഷദിനത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്.

ഐശ്വര്യത്തിന്‍റെ സന്ദേശമാണ് വിഷു. കേരളത്തില്‍ ഇത് നവവത്സരാരംഭമാണ്. ഇതിന് ആണ്ടുപിറപ്പ് എന്നാണ് പറയുന്നത്. തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്.

മേടവിഷുവെന്നും തുലാവിഷുവെന്നും രണ്ടുണ്ട് വിഷു -മേടം 1 നും തുലാം 1 നും. മേടവിഷുവാണ് മലയാളികള്‍ക്ക് പ്രധാനം.

തമിഴ് വര്‍ഷത്തിന്‍റെ പുതുവര്‍ഷാരംഭം കൂടിയാണ് വിഷു. സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്നതിനാല്‍ പകലും, രാവും തുല്യമായ ദിനമാണിത്. ഇരവിനേയും പകലിനേയും സമമായി പകുക്കുന്ന, ഒരേ പോലെ കാണുന്ന വിഷുദിനം സമഭാവന യുടെ ദിനമാണ്

സൂര്യന്‍ മീനരാശിയില്‍ നിന്നു മാറുന്ന ദിനമാണ് വിഷു. രാവും പകലും തുല്യമാകുന്ന വിഷു സംക്രാന്തി സമഭാവനയുടെ സന്ദേശം കൂടിയാണ്. ജീവിതച്ചൂടില്‍ ഉരുകിയൊലിക്കുമ്പോള്‍ സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു.

പീഢാനുഭവങ്ങളുടെ മീനച്ചൂട് മനസ്സില്‍ കൊന്നപ്പൂക്കളായി വിരിയുന്നു. അറിവുറയ്ക്കാത്ത ബാല്യം മുതല്‍ ജീവിതാന്ത്യംവരെ വിഷുവിന്‍റെ പത്താം ദിവസം കൃഷി തുടങ്ങുന്നത് വിഷുവിനും പത്താമുദയത്തിനു മിടയ്ക്കാണ്

പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഈ ശാസ്ത്രയുഗത്തിലും ധാരാളമുണ്ട്.

അതെ, ഇത് പ്രതീക്ഷകളുടെ ദിനം. വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളുടെ പൊന്‍കണി. പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി.

മലയാളിയുടെ മനസ്സിലും, മണ്ണിലും വിളവെടുപ്പിന്‍റെ സമൃദ്ധിയും, കൃഷിയിറക്കിന്‍റെ പ്രതീക്ഷയും ഒരുപോലെ നിറുഞ്ഞ ഉത്സവമാണ് വിഷു, ഐശ്വര്യത്തിന്‍റെ-സമ്പല്‍സമൃദ്ധിയുടെ-പ്രതീക്ഷയുടെ കണിയൊരുക്കി സൂര്യന്‍-പുതിയ പ്രദക്ഷിണ വഴിയിലേക്ക്-നടന്നു നീങ്ങുന്നു.

വസന്തകാലത്തിന്‍റെ പ്രതിനിധിയായി എങ്ങുനിന്നോ സ്വാഗതഗാനവും പാടി, വിദൂരതയില്‍നിന്നും പറന്നെത്തുന്ന വിഷുപക്ഷികള്‍. നിറയെ പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നമരം കണികണുന്നത് ഐശ്വര്യദായകം മാത്രമല്ല, കണ്ണിനും, കരളിനും കുളിരുപകരുന്നതുമാണ്. കുലകുലയായി വിരിഞ്ഞ് തൂങ്ങി കിടക്കുന്ന സ്വര്‍ണ്ണപൂക്കള്‍.

വിശ്വാസികള്‍ക്കു വിഷുഫലം സുഖദുഃഖങ്ങളുടെ സൂചനയാണ്. കര്‍ഷകര്‍ക്കാകട്ടെ, വരാനിരിക്കുന്ന സമൃദ്ധിയുടെ നാന്ദിയും കുറിക്കുന്ന ദിനം. ജീവിതചൂടില്‍ ഉരുകിയൊലിക്കുമ്പോഴും സ്വപ്നം വിതയ്ക്കാന്‍ വിഷു നമ്മെ പ്രേരിപ്പിക്കുന്നു.

വറുതികളും, കൊടുതികളും ചവിട്ടിമെതിച്ച മണ്ണിലേക്കും, മനസ്സിലേക്കുമാണ് നാം മലയാളികളുടെ ആഘോഷങ്ങളെത്തുന്നത്. പ്രതീക്ഷയുടെ പൂത്താലവും, ഓര്‍മ്മകളുടെ താലപ്പൊലിയുമായി. പിന്നിടുന്ന സംവത്സരങ്ങളുടെ നെറുകയില്‍ അവ ചന്ദനകുളിരാകുന്നു. തീര്‍ത്ഥ ജല സ്പര്‍ശമാകുന്നു.


നിറദീപങ്ങളുടെ നടുവില്‍ ഉരുളിയില്‍ അരി, കൊന്നപ്പൂവ്, വെള്ളരിക്ക, നാളികേരം, അഷ്ടമംഗല്യം എന്നിവ നിറച്ച് ഒരുക്കിവയ്ക്കുന്നു. വിഷുദിവസം രാവിലെ ഫലമൂലാദികളും, കണികൊന്നയും കണികണ്ടുണരുന്ന നാം, മലയാളികള്‍ മനതാരില്‍ വരാനിരിക്കുന്ന ദിനങ്ങളുടെ സുഖസുഷ്പ്തിയില്‍ ലയിക്കുന്നു.

രാവിലെ കണി കണ്ടു കഴിഞ്ഞാല്‍ ഒരു വീട്ടിലെ മുതിര്‍ന്നയാള്‍ - കാരണവര്‍ മറ്റുള്ളവര്‍ക്ക് വിഷു കൈനീട്ടവും, പുടവയും വീണ്ടും കിട്ടുവാനും മറ്റുമായും നാം വിഷുദിനമാഘോഷിക്കുന്നു.

കൈകളിലൂടെ ഹൃദയങ്ങള്‍ പരസ്പരം തൊടുന്ന വിഷു കൈനീട്ടം. കണിപ്പാത്രത്തിലെ പൂക്കളിലും, ഫലത്തിലും നാം ഒരാണ്ടിന്‍റെമുഖപ്രസാദം ദര്‍ശിക്കുന്നു. വിഷുദിനത്തിന്‍റെ കരസ്പര്‍ശമേറ്റ് അങ്ങനെ അനശ്വരമായിത്തീര്‍ന്ന എത്രയെത്ര പുണ്യങ്ങള്‍.


വിഷുവിന്‍റെ ചരിത്രം

ഭാസ്ക്കര രവിവര്‍മ്മന്‍റെ തൃക്കൊടിത്താനത്തുള്ള പൂര്‍ണ്ണമല്ലാത്ത ഒരു ശാസനത്തില്‍ "ചിത്തിര വിഷു' വിനെക്കുറിച്ച് പരാമര്‍ശമുണ്ട്. ഭാസ്ക്കര രവിവര്‍മ്മന്‍റെ കാലം എ.ഡി. 962 - 1021 ആണ്. അദ്ദേഹത്തിന്‍റെ ഭരണകാലത്ത് വിഷു അംഗീകൃതമായ ഒരാഘോഷമായിക്കഴിഞ്ഞിരിക്കണം.

എന്നാല്‍ എ.ഡി. 844 - 855 കാലഘട്ടം കേരളം ഗണിതശാസ്ത്രത്തില്‍ വളരെ പുരോഗമിച്ചിരുന്നുവെന്നതിന്‍റെ തെളിവാണ്. "ശങ്കരനാരയണീയം' എന്ന ഗണിതഗ്രന്ഥം. ഈ ഗ്രന്ഥം സ്ഥാണു രവിയെന്ന രാജാവിന്‍റെ കാലത്താണുണ്ടായത്. ഈ കാലഘട്ടത്തിലാണ് വിഷുവാഘോഷം ആരംഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട്.

മലബാര്‍ മാന്വലില്‍ വില്യം ലോഗന്‍ വിഷുവിനെക്കുറിച്ച് ഇങ്ങിനെ പറയുന്നു "" ഗണിതശാസ്ത്രപരമായി വിഷു നവവര്‍ഷദിനമാണ്. അന്ന് സൂര്യന്‍ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് വച്ചിരിക്കുന്നു.

വിഷുവും സൂര്യനും

ഭൂമിശാസ്ത്രപരമായും ജ്യോതിശ്ശാസ്ത്രപരമായും വളരെയധികം പ്രാധാന്യമാണ് വിഷുവിനുള്ളത്. "വിഷു' എന്ന പദത്തിനര്‍ത്ഥം തുല്യാവസ്ഥയോടു കൂടിയത് എന്നാണ്. രാവും പകലും തുല്യമായി വരുന്ന ദിനങ്ങളാണ് വിഷുദിനങ്ങള്‍.

ഓരോ വര്‍ഷവും ഇപ്രകാരം രണ്ട് ദിവസങ്ങളുണ്ട്. മേടം ഒന്നാം തീയതിയും തുലാം ഒന്നാം തീയതിയും. ഈ ദിവസങ്ങളില്‍ ഭൂമിയുടെ ഏതു ഭാഗത്തുള്ളവര്‍ക്കും ദിനവും രാത്രിയും തുല്യമായിരിക്കും. വിഷുവിന് സൂര്യന്‍ ഭൂമധ്യരേഖയ്ക്ക് നേരേ മുകളില്‍ വരുന്നു.

വിഷു സംക്രാന്തി : സൂര്യന്‍ മീനം രാശിയില്‍ നിന്ന് മേടം രാശിയിലേക്ക് സംക്രമിക്കുന്ന ദിവസമാണ് വിഷു സംക്രാന്തി. അതിന് പിറ്റേന്നാണ് വിഷു. കര്‍ഷകന് വയലിലേക്കിറങ്ങാം എന്ന അറിയിപ്പുമായാണ് വിഷു വരുന്നത്. വിഷു കഴിയുമ്പോഴേക്കും വയലുകളില്‍ കാര്‍ഷകന്‍ നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്നു.

Share this Story:

Follow Webdunia malayalam