പ്രശസ്തി നേടാന്‍ അല്ലെങ്കില്‍ സമൂഹത്തില്‍ അംഗീകരിക്കപ്പെടാന്‍ ആരാണ് ആഗ്രഹിക്കാത്തത്? നിങ്ങളുടെ പേരും പെരുമയും നിലനിര്‍ത്താനും പ്രശസ്തിക്ക് കോട്ടംതട്ടാതിരിക്കാനും ഫെംഗ്ഷൂയിയില്‍ വഴികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഫെംഗ്ഷൂയി വിശ്വാസം അനുസരിച്ച് ഓരോ ദിക്കിനും ഓരോ പ്രാധാന്യമാണ് ഉള്ളത്.
ഒരാളുടെ പ്രശസ്തിയും അംഗീകാരവുമായി ബന്ധപ്പെട്ടിരിക്കുന്നത് ദക്ഷിണ ദിക്കാണ്. അതായത്, വീടിന്റെ തെക്ക് ദിക്ക് വേണ്ട രീതിയില്‍ പരിപാലിക്കുന്നത് ഒരാളുടെ അംഗീകാരത്തെയും സ്വീകാര്യതയെയും സ്വാധീനിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ദക്ഷിണ ദിക്ക് അഗ്നിയുടെ ദിക്കാണെന്നാണ് ഫെംഗ്ഷൂയി വിശ്വാസം. നാം നമ്മെ കുറിച്ച് പൊതുജനമധ്യത്തില്‍ എന്താണോ പ്രതിഫലിപ്പിക്കുന്നത് അതിനെ ഈ ദിക്ക് സ്വാധീനിക്കും. അതായത്, വെളിച്ചത്തിന്റെ അഥവാ പ്രതിഫലനത്തിന്റെ ദിക്കാണ് ഇതെന്നും പറയാം.
ദക്ഷിണ ദിക്ക് അഗ്നിയുടെ സ്ഥലമായതിനാല്‍, ചുവപ്പ്, പിങ്ക്, പര്‍പ്പിള്‍, മഞ്ഞ, ഓറഞ്ച് എന്നീ നിറങ്ങളായിരിക്കും കൂടുതല്‍ യോജിക്കുക. കറുപ്പ്, നീല തുടങ്ങിയ നിറങ്ങള്‍ നിങ്ങളുടെ പ്രശസ്തിയുടെ ദിക്കിനെ പ്രോത്സാഹിപ്പിക്കില്ല. പോരാത്തതിന് ഇവ ജലത്തിന്റെ നിറങ്ങളുമാണ്. അതായത്, ഇത്തരം നിറങ്ങള്‍ അഗ്നിയുടെ ശക്തിയെ, നിങ്ങളുടെ പ്രശസ്തിയെ, കുറയ്ക്കും. അതേപോലെ, വെള്ളച്ചാട്ടം, നദികള്‍ തുടങ്ങിയ ചിത്രങ്ങളും തെക്ക് ഭാഗത്ത് തൂക്കരുത്.
പ്രശസ്തിയുടെ ദിക്കില്‍ അഗ്നിക്ക് ഉത്തേജനം നല്‍കേണ്ടത് അത്യാവശ്യമാണ്. വീടിന്റെ ദക്ഷിണ ദിക്കില്‍ ചുവന്ന നിറത്തിലുള്ള ചിത്രങ്ങളോ പൂക്കളോ സൂക്ഷിക്കുന്നതിലൂടെ നിങ്ങളുടെ പ്രശസ്തിയും സ്വീകാര്യതയും വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് ഫെംഗ്ഷൂയി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.