ലോകകപ്പിന് ഇന്ന് കിക്കോഫ്, ജയം ആർക്ക്? - ആദ്യ പ്രവചനം വന്നു കഴിഞ്ഞു!
ഇന്ന് റഷ്യയോ സൌദിയോ? അക്കില്ലസിന്റെ പ്രവചനം സത്യമാകുമോ?
ലോകം കാത്തിരുന്ന ഫുട്ബോൾ വിപ്ലവത്തിന് ഇന്നു കിക്കോഫ്. ഇന്ത്യൻ സമയം രാത്രി 8.30ന് മോസ്കോയിലെ ചരിത്രപ്രസിദ്ധമായ ലുഷ്നികി സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം. കാൽപന്തിന്റെ ആരവം ഉയരവേ ഫുട്ബോൾ പ്രേമികൾ കാത്തിരുന്ന അക്കില്ലസിന്റെ ആദ്യ പ്രവചനം വന്നുകഴിഞ്ഞു.
ആതിഥേയരായ റഷ്യയും ഏഷ്യൻ കരുത്തരായ സൗദി അറേബ്യയുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ആദ്യമത്സരത്തിൽ ജയം റഷ്യയ്ക്കാണെന്നാണ് അക്കില്ലസ് പൂച്ച പ്രവചിച്ചിരിക്കുന്നത്. 2017 ലെ കോണ്‍ഫെഡറേഷൻസ് കപ്പ് വിജയികളെ കിറുകൃത്യമായി പ്രവചിച്ചിട്ടുണ്ട് ട്രോജൻ യുദ്ധവീരൻ അക്കില്ലസിന്റെ പേരുള്ള ഈ വെള്ളപ്പൂച്ച.
പതാകകൾ കുത്തി, പന്തുകൾ നിറച്ച പാത്രങ്ങളിൽ ഒന്നു തിരഞ്ഞെടുക്കുകയാണ് അക്കില്ലസിന്റെ രീതി. ഇത്തവണ റഷ്യയുടെ പതാകയുള്ള പ്ലേറ്റിൽ നിന്നാണ് അക്കില്ലസ് പൂച്ച ഭക്ഷണം കഴിച്ചിരിക്കുന്നത്. പ്രവചനക്കാരൻ പൂച്ചയുടെ കണ്ടുപിടുത്തം സത്യമാകുമോയെന്ന് കാത്തിരുന്നു കാണാം.
ചരിത്രത്തില്‍ ആദ്യമായിട്ടാണ് റാഷ്യ ലോകകപ്പിനു അതിഥേയത്വം വഹിക്കുന്നത്. രാജ്യത്തെ 11 പ്രധാന നഗരങ്ങളിൽ 12 കൂറ്റൻ സ്റ്റേഡിയങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ആരാധകര്‍ക്ക് ഗ്യാലറിക്ക് പുറത്ത് മത്സരം കാണുന്നതിനായി രാജ്യത്തെ പ്രധാന സ്ഥലങ്ങളിലെല്ലാം കൂറ്റന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ ഒരുക്കി കഴിഞ്ഞു. ഫുട്‌ബോള്‍ തെമ്മാടികള്‍ എന്നറിയപ്പെടുന്ന ഹൂളിഗന്‍സിനെ നിലയ്‌ക്കു നിര്‍ത്താന്‍ പൊലീസും ആയുധധാരികളായ പട്ടാളവും സദാ ജാഗ്രതയിലാണ്.