ടോക്യോ ഒളിമ്പിക്‌സിൽ സ്വർണം നേടാൻ ഏറ്റവും സാധ്യതയുള്ള താരങ്ങളിൽ ഫേവറേറ്റ് പിവി സിന്ധുവാണെന്ന് ബാഡ്‌മിന്റൺ കോച്ചും ഇന്ത്യൻ ഇതിഹാസ താരവുമായ പുല്ലേല ഗോപിചന്ദ്. ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടക്കം കടക്കുമെന്നും ഗോപിചന്ദ് പറഞ്ഞു.
ഇതുവരെയുള്ളതിൽ വെച്ച് ഇന്ത്യ ഏറ്റവുമധികം ഒളിമ്പിക്‌സ് മെഡലുകൾ നേടുന്ന വർഷമാവും ഇതെന്ന് ഗോപിചന്ദ് പറയുന്നു. ലണ്ടൻ ഒളിമ്പിക്‌സിലെ 6 മെഡൽ നേട്ടം എന്നത് മറികടക്കാൻ ഇത്തവണ ഇന്ത്യയ്ക്ക് സാധിച്ചേക്കും. ഗവണ്മെന്റിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത് ഗോപിചന്ദ് പറഞ്ഞു.
ഷൂട്ടിങ്,റെസ്ലിങ്,ബോക്‌സിങ് തുടങ്ങി ഇന്ത്യ പ്രതീക്ഷയോടെ കാണുന്ന നിരവധി കായികയിനങ്ങളുണ്ട്. ഒളിമ്പിക്‌സിലേക്ക് വരുമ്പോൾ സ്വർണം നേടാൻ സാധ്യതയുള്ള താരങ്ങളിൽ പിവി സിന്ധുവാണ് ഫേവറേറ്റ്. ചിരാഗ്,സാത്വിക്,എന്നിവരും മെഡൽ നേടാൻ സാധ്യതയുള്ള ബാഡ്‌മിന്റൺ താരങ്ങളാണ്.അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലുള്ള ഒളിമ്പിക്‌സ് മുൻ വർഷത്തേതിനേക്കാൾ സമ്മർദ്ദം തരുന്നുവെന്നും ഗോപിചന്ദ് അഭിപ്രായപ്പെട്ടു.