ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വോളിബോൾ താരങ്ങളിലൊരാളും അർജുനാ അവാർഡ് ജേതാവും ഇന്ത്യൻ നായകനുമായിരുന്ന ടോം ജോസഫ് വിരമിക്കുന്നു. വരുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ മറ്റേതെങ്കിലും ടീമിന് വേണ്ടി കളിച്ചായിരിക്കും കേരളത്തിന്റെ പ്രിയതാരം ജേഴ്സി അഴിക്കുക. നേരത്തെ ഇന്ത്യൻ ടീമിന് വേണ്ടി മികച്ച പ്രകടനങ്ങൾ ടോം ജോസഫ് പുറത്തെടുത്തിട്ടുണ്ടെങ്കിലും അർഹമായ അംഗീകാരങ്ങൾ ഒന്നും തന്നെ ടോം ജോസഫിന് ലഭിച്ചിരുന്നില്ല. ഏറെകാലം അവാർഡിന് പരിഗണിക്കപെട്ടതിന് ശേഷമാണ് അർജുനാ അവാർഡ് പോലും ടോം ജോസഫിന് ലഭിച്ചത്.
ഹൃദയം നുറങ്ങുന്ന വേദനയോടെയാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത് എന്ന തുടക്കത്തിൽ ഫേസ്ബുക്കിൽ എഴുതിയ വൈകാരികമായ കുറിപ്പിലാണ് ടോം ജോസഫ് തന്റെ ഐതിഹാസികമായ കരിയറിന് വിരാമമിടാൻ തയ്യാറെടുക്കുന്ന വിവരം ആരാധകരെ അറിയിച്ചത്. അസോസിയേഷനിലെ അഴിമതിവിവരങ്ങൾ വിളിച്ചുപറഞ്ഞതിന്റെ പേരിൽ തന്റെ അവസരങ്ങൾ അസോസിയേഷൻ നിഷേധിക്കുന്നതായും എതിർക്കുന്നവർ വഴി മുടക്കിയില്ലെങ്കിൽ ദേശീയ ചാമ്പ്യൻഷിപ്പിൽ വിരമിക്കൽ മത്സരം കാണാമെന്നും മുൻ ഇന്ത്യൻ നായകൻ ആരാധകരെ അറിയിച്ചു.
ടോം ജോസഫിന്റെ വൈകാരികമായ കുറിപ്പ് വായിക്കാം
പ്രിയപ്പെട്ടവരെ,
ഞാൻ നിങ്ങളുടെ സ്വന്തം
ടോം ജോസഫ്.
ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാൻ ഈ കുറിപ്പെഴുതുന്നത്.
കളി അവസാനിപ്പിക്കുകയാണ്. എനിക്കറിയാം, കളി അവസാനിപ്പിക്കുക എന്നത് ഒരുകളിക്കാരനെ സംബന്ധിച്ചിടത്തോളം മരണതുല്യമാണ്. നന്ദി...ഒരുപാട് പറഞ്ഞ് പതം വന്നവാക്കാണത്. എന്നിരുന്നാലും നിങ്ങളോട് നന്ദി പറയാതിരിക്കാൻ എനിക്കാകില്ല. പ്രിയപ്പെട്ട വോളി പ്രേമികളെ, നിങ്ങളായിരുന്നു എനിക്കെല്ലാം. നിങ്ങളില്ലായിരുന്നുവെങ്കിൽ ഞാനുണ്ടാകുമായിരുന്നില്ല. കേരളത്തിലെ വോളി പ്രേമികളാണ് എന്നെ ഞാനാക്കിയത്. നിങ്ങളായിരുന്നു എന്റെ ഉത്തേജനവും ഊർജവും. നിങ്ങൾ ഗാലറിയിലിരുന്ന് മുഴക്കിയ ആരവങ്ങളാണ്, ആർപ്പുവിളികളാണ് എന്റെ വിജയരഹസ്യവും, ശക്തിയും .
സമയം അനിവാര്യമായിരിക്കുന്നു.വിരമിക്കണം.
കേരളത്തിനു വേണ്ടിയല്ലാതെ ഇതു വരെ മറ്റൊരു സംസ്ഥാനത്തിനും കളിച്ചിട്ടില്ല. അത്രമേൽ സ്നേഹിച്ചിരുന്നു, സ്നേഹിക്കുന്നു ഈ നാടിനെ. കേരളത്തിനുവേണ്ടിക്കളിച്ച് ഉടുപ്പൂരണമെന്നതായിരുന്നു ആഗ്രഹവും അഭിലാഷവും. പക്ഷേ സംസ്ഥാന അസോസിയേഷന് ഞാൻ അത്രമേൽ അനഭിമതനായിരിക്കുന്നു. സംസ്ഥാന അസോസിയേഷനിലെ അഴിമതിയും സ്വാർഥതാൽപര്യങ്ങളും വിളിച്ചു പറഞ്ഞതാണ് കാരണം. കളിക്കാരൻ എന്ന നിലയ്ക്ക് ഇനിയും അത് ധീരമായി തുടരും. സംസ്ഥാന അസോസിയേഷൻ, കേരളം, ഇനിയൊരവസരം തരില്ല എന്നുറപ്പുള്ളതിനാൽ മറ്റൊരു സംസ്ഥാനത്തിനായി കളിക്കാൻ തയാറെടുക്കുകയാണ്.( എതിർക്കുന്നവർ വഴി മുടക്കിയില്ലെങ്കിൽ )വരുന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ മറ്റൊരു സംസ്ഥാനത്തിന്റെ കുപ്പായത്തിൽ ഞാൻ ഉണ്ടാകും.
അതെന്റെ ഒടുവിലത്തെ മത്സരമാവും. അതോടെ കളിക്കാരൻ എന്ന ലേബൽ ഉപേക്ഷിക്കും.
ഒരു പക്ഷേ ആ അവസരവും ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ സജീവമായുണ്ട് എന്ന അറിവോടെയാണ് ഈ ഉദ്യമം.
18 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി കളിച്ചു. ആറു ദേശീയ ഗെയിംസുകളിൽ കേരളത്തിന്റെ ഉടുപ്പണിഞ്ഞു. മൂന്ന് സാഫ് ഗെയിംസ് സുവർണ പതക്കങ്ങളുണ്ട്. രണ്ട് ഏഷ്യൽ ഗെയിംസ് പ്രാതിനിധ്യവും. ഏഷ്യൻ ചാമ്പ്യൻഷിപ്പ്, മറ്റ് രാജ്യാന്തര ടൂർണമെന്റ് പ്രാതിനിധ്യം എന്നിവ വേറെ. അതിനൊക്കെയപ്പുറം ഇന്ത്യൻ നായകൻ എന്ന ബഹുമതിയും .
സംതൃപ്തനാണ് ഞാൻ. എനിക്കെല്ലാം തന്നത് വോളിബോളാണ്. കളിക്കളങ്ങൾ, ജീവിതം, സ്നേഹം, തൊഴിൽ. അങ്ങനെയങ്ങനെ...എല്ലാവരോടും നന്ദി മാത്രമേ പറയാനുള്ളു. സ്നേഹിച്ചവരോട്. ഇഷ്ടപ്പെട്ടവരോട്. കയ്യടിച്ചവരോട്. ആർപ്പുവിളിച്ചവരോട്. ഒപ്പം നിന്ന് ഒളിച്ചുകളിച്ചവരോട്.ഒറ്റുകൊടുത്തവരോട്.ഉപദ്രവിച്ചവരോട്.ഉപദ്രവിക്കുന്നവരോട്.അവസരങ്ങൾ നിഷേധിച്ചവരോട്. എല്ലാവർക്കും ആത്മാർഥമായ നന്ദി...
പുതുതലമുറയിൽ പ്രതീക്ഷയുണ്ട്. അവർക്ക് ഒരുപാട് മുന്നേറാനാകും. പുതിയവരെ നിങ്ങളൊന്നറിയുക. കളിക്കളത്തിനുപുറത്തെ കളി എനിക്ക് വശമില്ലായിരുന്നു. അധികാരത്തിലല്ല. പ്രതിഭത്വത്തിലാണ് നിങ്ങൾ വിശ്വസിക്കേണ്ടത്. കളിയറിയാത്തവർ നിങ്ങളെ അധികാരത്തിനായി നിയന്ത്രിക്കാനെത്തിയേക്കാം. അതിൽ വീഴാതിരിക്കുക. അധികാരവും, ശക്തിയുമുള്ളവരോടപ്പമാകും ഭരണകൂടവും എന്നോർമിപ്പിക്കട്ടെ...
എല്ലാവർക്കും നന്ദി... ടോം ജോസഫ്.